"ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാനൊരു ഭ്രാന്തനെപ്പോലെ സഞ്ചരിക്കും, എന്റെ നകുലന് വേണ്ടി"... മണിച്ചിത്രത്താഴിൽ ഡോ. സണ്ണി പറയുന്നതുപോലെയാണ് അമേരിക്കയിലെ ക്ലൗഡ്‌സ് ആർക്കിടെക്ചർ പ്രവർത്തകരുടെ കാര്യവും. ഭ്രാന്തൻ ആശയങ്ങൾ മുന്നോട്ടുവച്ച് അവ പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിക്കളയും ഇവർ. ആർക്കിടെക്‌ചറിന്റെ സാമ്പ്രദായികമായ എല്ലാ സിദ്ധാന്തങ്ങളെയും തകർത്തെറിഞ്ഞു കൊണ്ടാണ് ഇവർ കഴിഞ്ഞ ദിവസം ഒരു പദ്ധതി പ്രഖ്യാപിച്ചത്. ആകാശത്തിൽ ഉറപ്പിച്ച ഒരു കെട്ടിടം! കൃത്യമായി പറഞ്ഞാൽ ഭൂമിയുടെ ഭ്രമണപഥത്തിൽ കറങ്ങുന്ന ഒരു ഛിന്നഗ്രഹത്തിലായിരിക്കും ഈ കെട്ടിടം ഉറപ്പിക്കുക. വെറുതെ ആശയം തള്ളുക മാത്രമല്ല അതിനുവേണ്ട രൂപരേഖകളും പദ്ധതികളും ഇവർ തയാറാക്കിയിട്ടുണ്ട്.. അനാലീമ ടവർ എന്നാണ് ഈ ഭാവികാലകെട്ടിടത്തിന് പേരിട്ടിരിക്കുന്നത്.
ഒറ്റനോട്ടത്തിൽ ഒരു സയൻസ് ഫിക്ഷൻ സിനിമയുടെ കഥ പോലെ തോന്നാമെങ്കിലും 2021 ൽ ഭൂമിക്കു സമീപം കടന്നുപോകുന്ന ഒരു ചിന്നഗൃഹത്തെ വലയിട്ടുപിടിച്ചു ഭൂമിയുടെ വരുതിയിൽ കൊണ്ടുവരാൻ നാസ പദ്ധതിയിടുന്നുണ്ട്. യൂണിവേഴ്സൽ ഓർബിറ്റൽ സപ്പോർട് സിസ്റ്റം എന്നുപേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, ആദ്യം ഒരു ചിന്നഗൃഹത്തെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്നു. പിന്നീട്, ഒരു കെട്ടിടം ഭൂമിയിൽ നിന്നുകൊണ്ടുവന്ന് ഉരുക്കിന്റെ ശക്തിയുള്ള കേബിളുകൾ കൊണ്ട് ചിന്നഗൃഹത്തിൽ കെട്ടിയിടുന്നു.
ബഹിരാകാശനിലയങ്ങൾ നിർമിക്കുന്നതിന് സമാനമായി, പ്രീഫാബ്രിക്കേറ്റഡ് മൊഡ്യൂളുകൾ ആകാശത്ത് വച്ച് കൂട്ടിച്ചേർത്തായിരിക്കും കെട്ടിടം നിർമിക്കുക. ലോകത്തിലെ വമ്പൻ കെട്ടിടങ്ങളുടെ കേദാരമായ ദുബായിക്ക് മുകളിൽ വച്ച് കെട്ടിടം ഉറപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കടുത്ത അന്തരീക്ഷ മർദത്തെയും വിവിധ മേഖലകളുടെ താപനിലകളെയും പ്രതിരോധിക്കുന്ന വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിക്കുക.
ഭൂമിക്കൊപ്പം ഭ്രമണം ചെയ്യുന്നതിലൂടെ ഒരു ദിവസത്തിനുള്ളിൽ ഭൂമിയുടെ വൈവിധ്യമായ ഭൂപ്രകൃതി കെട്ടിടത്തിനുള്ളിലിരുന്നു ആസ്വദിക്കാനാകും. . കെട്ടിടത്തിൽ ഉറപ്പിച്ച സോളാർ പാനലുകളിലൂടെയായിരുക്കും ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുക. മഴമേഘങ്ങളെ ഘനീഭവിപ്പിച്ചായിരിക്കും ആവശ്യമായ ജലം ഉത്പാദിപ്പിക്കുക.
ഇനി ഇവിടെ താമസിക്കുന്നവർ എങ്ങനെ ഭൂമിയിലുള്ള ഓഫിസിൽ പോകുമെന്ന് ചോദിച്ചാൽ അതിനുമുണ്ട് ഉത്തരം. ആദ്യഘട്ടത്തിൽ പാരച്യൂട്ടുകളിലായിരിക്കും താമസക്കാർക്ക് ഭൂമിയിലേക്ക് പോകാൻ അവസരമൊരുക്കുക! സ്വപ്നങ്ങൾക്ക് അതിരുകൾ ഇല്ലായെന്നാണല്ലോ..അതുകൊണ്ട് അനാലീമ യാഥാർഥ്യമായാൽ അതു നിർമാണലോകത്തെ വിസ്മയമാകുമെന്നു തീർച്ച.