അമേരിക്കയിലെ അരിസോണയില്‍ മലനിരകളില്‍ ഒറ്റനോട്ടത്തില്‍ ആരെയും കൊതിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വപ്‌നസൗധം വില്‍പനയ്ക്ക്. അരിസോണയിലെ പ്രസ്‌കോട്ടില്‍ തംബ് ബട്ട്, ഹംഫ്രേസ്, ബില്‍ വില്ല്യംസ്, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ മലനിരകള്‍ക്ക് നടുവിലെ മനോഹരമായ ഭൂപ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഈ വീടിന്റെ പേരും രസകരമാണ്- ഫാല്‍കണ്‍ നെസ്റ്റ് അഥവാ പരുന്തിന്‍കൂട്.
6,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ പത്തു നില കെട്ടിടത്തില്‍ പക്ഷേ ഒരേ ഒരു കുടുംബത്തിനു മാത്രമേ താമസിക്കാനാകൂ എന്നതാണ് പ്രത്യേകത. 124 അടി ഉയരവും ഒരു നിലയില്‍ നിന്ന് അടുത്ത നിലയിലേക്ക് എത്താന്‍ ഹൈഡ്രോളിക് എലവേറ്ററുമുള്ള ഈ ആഡംബര സൗധത്തില്‍ മൂന്ന് കിടപ്പുമുറികള്‍ മാത്രമാണ് ഉള്ളത്. ചൂടുകാലത്ത് വീടാകെ തണുപ്പിക്കാനും ശൈത്യകാലത്ത് ചൂടുപകരാനും പ്രത്യേക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 1.5 മില്ല്യന്‍ ഡോളര്‍ (ഏകദേശം 9,72,00,000 രൂപ) നല്‍കിയാല്‍ ഈ വീട് സ്വന്തമാക്കാം.
ഭിത്തികളില്‍ ഏറിയ പങ്കും ചില്ലുകൊണ്ടുള്ളതായതിനാല്‍ ചുറ്റുമുള്ള മലനിരകളുടെയും അരിസോണയിലെ മരുഭൂമിയുടെയും സൗന്ദര്യം 360 ഡിഗ്രിയില്‍ വീടിനുള്ളില്‍ ഇരുന്നു തന്നെ ആസ്വദിക്കാം. ഇന്ത്യന്‍ വംശജനായ സുകുമാര്‍ പാലാണ് ഫാല്‍കണ്‍ നെസ്റ്റിന്റെ നിര്‍മ്മാതാവ്. അരിസോണയില്‍ ഇത്തരമൊരു വീട് നിര്‍മ്മിക്കുന്നതിനായി ഇരുനൂറിലധികം സ്ഥലങ്ങള്‍ പരിഗണിച്ചുവെങ്കിലും അവസാനം പ്രസ്‌കോട്ടിലെ മലനിരകളുടെ പശ്ചാത്തലം തന്നെ പാല്‍ തിരഞ്ഞെടുക്കുകയായിരുന്നു. 1994ലാണ് അദ്ദേഹം ഈ വീട് നിര്‍മ്മിച്ചത്.
ഒന്നിലധികം സ്വീകരണമുറികളും സിനിമാ തിയേറ്ററും ഹെലിപാഡുമടക്കം അത്യാഡംബര സൗകര്യങ്ങളുള്ള ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ അന്റീലിയ എന്ന സൗധം ഫാല്‍കണ്‍ നെസ്റ്റിനേക്കാളും ഉയരമുള്ളതാണ്. എന്നാല്‍ ഒരു കുടുംബത്തിനു മാത്രം താമസിക്കാനുള്ള സൗകര്യങ്ങളുള്ള ഏറ്റവും വലിയ വീട് എന്ന വിശേഷണമാണ് ഫാല്‍കണ്‍ നെസ്റ്റിനെ വ്യത്യസ്തമാക്കുന്നത്.