റിയോ ഡി ജനീറോ നഗരത്തിന്റെ അടയാളമായി മാറിയ ഒരു പ്രതിമയുണ്ട്. കൈകൾ വിരിച്ച് നിൽക്കുന്ന യേശുക്രിസ്തുവിന്റെ ഒരു വലിയ പ്രതിമ. കോർക്കോവാഡോ മലമുകളിൽ സ്ഥിതിചെയ്യുന്ന 'ക്രൈസ്റ്റ് ദ് റെഡീമർ' ആണത്. 1931 ൽ പൂർത്തിയാക്കിയ ഈ പ്രതിമയുടെ ഉയരമെത്രയെന്നോ? 30 മീറ്റർ!
കോൺക്രീറ്റും ഉരുക്കും ചേർന്ന മിശ്രിതത്തിൽ നിർമിച്ചിരിക്കുന്ന ഈ ശിൽപത്തിനെ ത്രികോണാകൃതിയിലുള്ള ആയിരക്കണക്കിന് സോപ്പ്സ്റ്റോൺ ടൈലുകൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. 1930-കളിൽ പടിഞ്ഞാറൻ യൂറോപ്പിലും അമേരിക്കയിലും വ്യാപകമായ ആർട്ട് ഡെക്കോ എന്ന ശൈലിയിലുള്ള, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണിത്.
1921 ൽ റിയോ ഡി ജനീറോയിലെ റോമൻ കത്തോലിക്കാ അതിരൂപത യേശുക്രിസ്തുവിന്റെ ഒരു പ്രതിമ ഈ മലമുകളിലെ 704 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. റിയോയിൽ എവിടെ നിന്നാലും കാണാവുന്നത്ര ഉയരത്തിൽ വേണം പ്രതിമ സ്ഥാപിക്കാൻ എന്ന ഉദ്ദേശത്തിലാണ് ഈ കൊടുമുടി തിരഞ്ഞെടുത്തത്.
ഒടുവിൽ പ്രതിമ സ്ഥാപിക്കാൻ അനുവാദം കിട്ടി. മികച്ച ഒരു മാതൃക കണ്ടെത്താൻ വേണ്ടി നടത്തിയ മത്സരത്തിൽനിന്ന് സിൽവ കോസ്റ്റ എന്ന ബ്രസീലിയൻ എൻജിനീയറുടെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആ ഡിസൈനിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയാണ് ഇന്നത്തെ രൂപമുണ്ടാക്കിയത്.
1926 ൽ പണിതുടങ്ങി അഞ്ച് വർഷം കൊണ്ട് ക്രൈസ്റ്റ് ദ് റെഡീമർ പൂർത്തിയായി. റെയിൽവേയുടെ സഹായത്തോടെയാണ് ആളുകളെയും പണിസാധനങ്ങളും മലമുകളിൽ എത്തിച്ചിരുന്നത്.