കൊച്ചി കലൂരുള്ള നൗഷാദിന്റെ വീട്ടിലെത്തി കോളിങ് ബെല്ലിന്റെ സ്ഥാനത്തുള്ള ചെറിയ മണിയിൽ ഒന്നു തൊട്ടതേയുള്ളൂ. അതാ, നൗഷാദിന്റെ ശബ്ദം ബെല്ലിലൂടെ ഒഴുകിയെത്തി. “ഗുഡ് മോണിങ്, സ്വാഗതം” ഇതെന്തു മറിമായം എന്നു കരുതി നിൽക്കുമ്പോൾ നൗഷാദ് ചിരിയോടെ കൗതുകങ്ങളുടെ വാതിൽ തുറന്നു. ഇത്തരം സ്വയംനിർമിത കൗതുകങ്ങളുടെ അദ്ഭുതലോകമാണ് നൗഷാദിന്റെ പ്രവർത്തനമേഖല.
ആദ്യം തന്നെ കോളിങ് ബെല്ലിനെക്കുറിച്ചാണ് അന്വേഷിച്ചത്. മുപ്പത് സെക്കൻഡ് വരെ ദൈർഘ്യമുള്ള സന്ദേശങ്ങൾ ഇങ്ങനെ കേൾപ്പിക്കാനാവുമെന്ന് നൗഷാദ് വിശദീകരിച്ചുതന്നു. വീട്ടിലെത്തുന്നവരെ, കാത്തിരുന്ന് മുഷിപ്പിക്കാതെ ‘പുറത്തു പോയി. രാത്രിയേ വരൂ’ തുടങ്ങിയ സന്ദേശങ്ങൾ അറിയിക്കാം. അതുമാത്രമല്ല, പ്രിയപ്പെട്ടവരുടെ പാട്ട്, കുട്ടികളുടെ ശബ്ദം എന്നിവയൊക്ക ബെല്ലിന്റെ ടോൺ ആയി സെറ്റ് ചെയ്യാം. ആവശ്യമില്ലാത്തപ്പോൾ ഇത് നിഷ്ക്രിയമാക്കാനും സാധിക്കും.
ചെറുപ്പം മുതലേ ഇലക്ട്രോണിക്സിൽ താൽപര്യമുണ്ടായിരുന്ന നൗഷാദ് ഇത്തരം പല പരീക്ഷണങ്ങളും അന്നേ തുടങ്ങിയിരുന്നു. പിന്നീട് ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടി. വീട്ടിനകത്തിരുന്ന് പുറത്തു വന്നയാളെ കാണാനുള്ള സംവിധാനവും എവിടെയിരുന്ന് കാണുന്നുവോ അതിനനുസരിച്ച് ആ ദിശയിലേക്ക് ടിവി തനിയെ തിരിയുന്ന സംവിധാനവുമൊക്കെ 15 വർഷം മുമ്പേ പുഷ്പം പോലെ ചെയ്ത് താരമായ കക്ഷിയാണ്.
ഈ പറഞ്ഞ സംഭവങ്ങളെല്ലാം ആവശ്യക്കാർക്ക് ചെയ്തു കൊടുക്കാൻ നൗഷാദിന് സന്തോഷമേയുള്ളൂ. സിസിടിവി ഉൾപ്പെടെയുള്ള ഓട്ടമേഷൻ, സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവ വീടുകളിലും വാണിജ്യാടിസ്ഥാനത്തിലും ചെയ്യുന്നുണ്ട്. വീട് പണിയുമ്പോൾ സെക്യൂരിറ്റി സംവിധാനങ്ങൾക്ക് ഉതകുന്ന വയറിങ് ചെയ്തിടണമെന്നാണ് നൗഷാദിന്റെ ഉപദേശം. “ഉപകരണങ്ങൾ ആവശ്യാനുസരണം പിടിപ്പിച്ചാൽ മതി. പക്ഷേ വയറിങ് ഭാവിയിൽ ഇരട്ടിപ്പണിയാകും.”
ചെലവു കുറച്ച് സ്ലൈഡിങ് ഗെയ്റ്റ്
വീടിന്റെ സ്ലൈഡിങ് ഗെയ്റ്റും സ്വന്തമായി നിർമിച്ചതാണ്. സൗരോർജത്തിൽ ആണ് ഇതു പ്രവർത്തിക്കുന്നത്. 25,000 രൂപയ്ക്ക് സാധാരണരീതിയിലുള്ള സ്ലൈഡിങ് ഗെയ്റ്റ് നിർമിച്ചു നൽകാനാവുമെന്നാണ് നൗഷാദ് പറയുന്നത്. വിപണിയില്‍ ലഭ്യമായവയ്ക്ക് വില കൂടുതലാണ്. മാത്രമല്ല, വിദേശനിർമിത സാമഗ്രികൾ കൊണ്ടു നിർമിക്കുന്നതിനാൽ അവയുടെ മെയിന്റനൻസും പ്രശ്നമായിരിക്കും.
തുണി ഉണങ്ങാൻ അയയിൽ വിരിച്ച് സമയം സെറ്റ് ചെയ്ത് വച്ചാൽ നിശ്ചിത സമയത്ത് അയ തനിയേ അകത്തേക്ക് വരുന്ന സംവിധാനവും നൗഷാദ് പല വീടുകളിലും ചെയ്തിട്ടുണ്ട്. ഓഫിസിലിരിക്കുന്ന വീട്ടുകാരിക്ക് തുണി മഴ നനയുമോ എന്ന ടെൻഷൻ വേണ്ട.
ഇൻവർട്ടർ ഇല്ലാതെ സോളർ പാനലിൽനിന്ന് ബാറ്ററി വഴിയാണ് നൗഷാദിന്റെ വീട്ടിലെ എൽഇഡി വിളക്കുകൾ കത്തുന്നത്. ഇൻവർട്ടർ ഓൺ ആയിരിക്കുമ്പോൾ കറന്റ് എടുക്കുന്നില്ലെങ്കിലും ഊർജം നഷ്ടപ്പെടുന്നുണ്ട്. അത് തടയാം, ഇൻവർട്ടറിന്റെ ചെലവ് കുറയും എന്നിവയാണ് മെച്ചം.
ഓട്ടോമാറ്റിക് ആയി ചെടി നനയ്ക്കാനുള്ള സൗകര്യം വേണമെങ്കിൽ അതിനും നൗഷാദ് വഴി കണ്ടെത്തിയിട്ടുണ്ട്. കൃത്യസമയത്ത് ചെടികളിലേക്ക് തനിയേ വെള്ളം എത്തിക്കൊള്ളും.
ചെറിയ സ്ഥലത്താണ് നൗഷാദിന്റെ വീട്. വീടിനുള്ളിലെ സ്ഥലം ഫലപ്രദമായി വിനിയോഗിക്കാൻ നൗഷാദ് ഒരു പൊടിക്കൈ ചെയ്തിട്ടുണ്ട് പകൽ സമയം കട്ടിൽ ഉയർത്തി ആ സ്ഥലം മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കും. ചെറിയ സ്ഥലത്ത് വീടുള്ളവർക്കൊക്കെ ഇതു പരീക്ഷിക്കാം. ഇടക്കാലത്ത് ഗൾഫിലായിരുന്നപ്പോൾ ഒരുപാട് ആളുകൾ ഒന്നിച്ചു താമസിക്കുന്ന മുറിയിലെ സ്ഥലസൗകര്യത്തിനായി ഇതുപോലൊരു വിദ്യ ചെയ്തു വിജയിച്ചിരുന്നു. കട്ടിൽ ഉയരുമ്പോൾ അതിനു താഴെനിന്ന് ഊണുമേശ പുറത്തേക്കു വരുന്ന സംഭവം അന്ന് ക്ലിക്ക് ആയിരുന്നു.
വീടിന്റെ രണ്ടാംനിലയിലേക്ക് കയറാനും ഇറങ്ങാനും സാധനങ്ങൾ കൊണ്ടുപോകാനും എസ്കലേറ്ററും നിർമിച്ചിട്ടുണ്ട്. ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുമ്പോൾ അടുപ്പ് ഓഫാക്കാൻ മറന്നോ എന്നും നൗഷാദിന്റെ ഭാര്യ ഷൈനിക്ക് ആശങ്കപ്പെടേണ്ട. കാരണം, അടുപ്പിന്റെ ‘നോബി’നുള്ളിൽ നിശ്ചിത സമയത്തിനുള്ളിൽ അടുപ്പ് ഓഫാകാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്. ഷൈനിക്ക് സുഖമായി ടിവി കാണാമെന്ന് ചുരുക്കം.
പാചകം ചെയ്യുമ്പോൾ കറിപ്പൊടികൾ ഓരോന്നായി എടുക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പേര് പറയുമ്പോൾ തന്നെ അവ തനിയെ പുറത്തേക്കു വരുന്ന സംവിധാനം ഒരുക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍ നൗഷാദ്. ഇതുപോലെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ എളുപ്പമാക്കാനുള്ള പരീക്ഷണങ്ങളോടാണ് താൽപര്യമെന്ന് നൗഷാദ് പറയുന്നു.
നൗഷാദിന്റെ മക്കൾ ആദിലിനും നബീലിനും വാപ്പയുടെ കഴിവുകൾ കിട്ടിയിട്ടുണ്ട്. പഴയ ഒരു സൈക്കിൾ സൗരോർജത്തിൽ പ്രവർത്തിക്കുന്ന രീതിയിലാക്കി ആദിൽ പരീക്ഷണങ്ങൾക്കു തുടക്കം കുറിച്ചു കഴിഞ്ഞു.