ഭൂചലനത്തെപ്പോലും പ്രതിരോധിക്കുന്ന അംബാനിക്കൊട്ടാരത്തിൽ തീപിടിത്തം!

ഭൂചലനത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള, നിരവധി സുരക്ഷാസംവിധാനങ്ങളുള്ള ആഡംബര വസതിയിൽ തീപിടിത്തമുണ്ടായത് എങ്ങനെയെന്ന് ഇനിയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടികിട്ടിയിട്ടില്ല. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

മുകേഷ് അംബാനിയുടെ സ്വകാര്യ വസതിയായ ആന്റിലയിൽ തീപിടിത്തം. 27 നിലകളുള്ള വീടിന്റെ ആറാം നിലയിലാണ് തിങ്കളാഴ്ച രാത്രിയോടെ തീപിടിത്തമുണ്ടായത്. ആറോളം അഗ്നിശമനയൂണിറ്റുകളുടെ ശ്രമഫലമായാണ് തീയണച്ചത്.

2010 ൽ ദക്ഷിണ മുംബൈയിലെ ആൾട്ടമൗണ്ടിൽ 100 കോടി രൂപയ്ക്ക് നിർമിച്ച ആന്റില, ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മുന്തിയ സ്വകാര്യ വസതിയാണ്. ഇപ്പോൾ 200 കോടി രൂപയാണ് കെട്ടിടത്തിന്റെ മൂല്യം. 

400,000 ചതുരശ്രയടിയാണ് വിസ്തീർണം. 173 മീറ്റർ ഉയരമുള്ള ആന്റിലയിൽ 27 നിലകളേയുള്ളൂ. ഇതേ ഉയരമുള്ള കെട്ടിടങ്ങളിൽ സാധാരണ അറുപതിലധികം നിലകൾ ഉണ്ടാകും. വളരെ ഉയരമുള്ള സീലിങ് ഉള്ള മുറികളാണ് ഓരോ നിലയിലും എന്നതാണ് നിലകൾ കുറയാൻ കാരണം. അറുനൂറോളം പേരാണ് വീടിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത്.

2011 ൽ വാസ്തു സംബന്ധമായ പിശകുകൾ വസതിയിൽ വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഹരിച്ചാണ് മുകേഷ് അംബാനിയും കുടുംബവും ഇവിടേക്ക് താമസം മാറ്റിയത്. റിക്ടർ സ്കെയിലിൽ 8 കവിയുന്ന ഭൂചലനത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള, നിരവധി സുരക്ഷാസംവിധാനങ്ങളുള്ള ആഡംബര വസതിയിൽ തീപിടിത്തമുണ്ടായത് എങ്ങനെയെന്ന് ഇനിയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടികിട്ടിയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Read more- Architectural Wonders Celebrity House