ബിഗ് ബെൻ മൂകമാകുന്നു

ലണ്ടൻ ഘടികാരഗോപുര മണിനാദം നാലുവർഷം മുഴങ്ങില്ല

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഘടികാരഗോപുരങ്ങളിൽ ഒന്നായ ലണ്ടനിലെ ബിഗ് ബെന്നിന്റെ മണിനാദം അടുത്താഴ്ച നിലയ്ക്കും. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ച ഭീമൻ ക്ലോക്ക് ടവറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് മണിനാദം നാലുവർഷത്തേക്കു നിർത്തുന്നത്. വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്കാണ് അവസാന നാദം മുഴങ്ങുക.

157 വർഷമായി മണിക്കൂർ തോറും മണിമുഴക്കുന്ന ബിഗ് ബെൻ, 2007 ലാണ് അറ്റകുറ്റപ്പണിക്കിടെ കുറച്ചുകാലം നിർത്തിവച്ചത്. എന്നാൽ, ക്ലോക്കിന്റെ മണിനാദം നാലുവർഷത്തേക്കു നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി തെരേസ മേയ്‌ക്കു പുറമേ ഒട്ടേറെ എംപിമാരും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ടവറിൽ അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയാണ് മണിനാദം നിർത്തുന്നത്.