അത്യാഡംബരത്തിന്റെ നഗരമാണ് ദുബായ്. അലാവുദീന്റെ അല്‍ഭുതവിളക്ക് തേടി പലരും അവിടേക്ക് യാത്രതിരിക്കുന്നത് ആ പകിട്ടുകണ്ടിട്ടുതന്നെയാണ്. ആഡംബരത്തിന്റെയും പ്രൗഡിയുടെയും ഈ നഗരത്തില്‍ ഒരു വീടോ അപ്പാര്‍ട്ട്‌മെന്റോ സ്വന്തമാക്കുകയെന്നത് അഭിമാന ചിഹ്നമായാണ് പലരും കാണുന്നത്. എന്നാല്‍ ഇവിടുത്തെ ഏറ്റവും വില കൂടിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയ മനുഷ്യനെക്കുറിച്ച് ആലോചിച്ചു നോക്കൂ.
ആരാണ് അയാള്‍ എന്നു ഇതുവരെ പുറത്തുവരാത്ത രഹസ്യമാണ്. എന്നാല്‍ ദുബായിലെ ഏറ്റവും വില കൂടിയ അപ്പാര്‍ട്ട്‌മെന്റ് വിറ്റുപോയി എന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന പ്രഖ്യാപനം. അതും ഏകദേശം 180 കോടി (27.7 മില്ല്യണ്‍ ഡോളര്‍, ഏകദേശ തുക) രൂപയ്ക്കടുത്തുള്ള വിലയക്ക്.
അത്യാഡംബര റിയല്‍റ്റി പദ്ധതിയായ വണ്‍ പാമിലെ വലിയ പെന്റ്ഹൗസ് അപ്പാര്‍ട്ട്‌മെന്റ് ഇത്രയും വലിയ തുകയ്ക്ക് ഏതോ ഒരു സമ്പന്നന്‍ വാങ്ങിയിരിക്കുന്നതായാണ് വിവരം. 29,800 ചതുരശ്രയടിയിലാണ് അജ്ഞാതന് ഇവിടെ ആഡംബര സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. 11,500 ചതുരശ്രയടി എക്സ്റ്റീരിയര്‍ സ്‌പേസ്, നിരവധി ബാല്‍ക്കണികള്‍, ടെറസുകള്‍, റൂഫ്‌ടോപ് ഏരിയ എല്ലാം ഇതില്‍പെടും. ലണ്ടനിലെ ലക്ഷ്വറി ഡിസൈന്‍ മാതൃകയിലാണ് ഇന്റീരിയര്‍.
എന്നാല്‍ ഇത്രയും വിലയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയ വ്യക്തി ഒരു നിബന്ധനയും വെച്ചു ബില്‍ഡര്‍മാരായ ഒമ്‌നിയത്തിന് മുന്നില്‍. വണ്‍ പാം മൂന്ന് സ്വിമ്മിങ് പൂളുകളാണ് പദ്ധതിയില്‍ ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ കക്ഷിക്ക് ഇത് പോര. നാലാമതായി ഒരു സ്വകാര്യ നീന്തല്‍കുളം കൂടി വേണമത്രേ. എന്തായാലും വ്യക്തി സ്‌പെഷല്‍ ആയതുകൊണ്ട് ഡിമാന്‍ഡ് അംഗീകരിച്ചിരിക്കുകയാണ് വണ്‍ പാം. 20 മീറ്റര്‍ നീളത്തിലുള്ള സ്വിമ്മിങ് പൂള്‍ ആണത്രേ ഉടമയ്ക്ക് വേണ്ടത്. പെന്റ്ഹൗസ് റൂഫ്‌ടോപ്പിലാണ് അത് നിര്‍മിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയ വ്യക്തിക്ക് സ്വകാര്യമായി നീന്തി രസിക്കാനാണ് ആഗ്രഹമെന്നു തോന്നുന്നു. നിര്‍മാണം കഴിയുമ്പോള്‍ ദുബായിലെ ഏറ്റവും വലിയ സ്വകാര്യ സ്വിമ്മിങ് പൂളുകളിലൊന്നായി ഇത് മാറും.
പാം ജുമൈറയില്‍ നിര്‍മിക്കുന്ന വണ്‍ പാമില്‍ മൊത്തം 90 യൂണിറ്റുകളാണുള്ളത്. ഇതില്‍ ത്രീ ബെഡ്‌റൂം, ഫൈവ് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളും മൂന്ന് ട്രിപ്ലക്‌സ് പെന്റ്ഹൗസുകളും ഉള്‍പ്പെടുന്നുണ്ട്. വണ്‍ പാമിലെ മൂന്ന് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റിന് ഏകദേശം 21 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്.
Read more Dubai Architectural Wonders