പറയുമ്പോള്‍ എന്താ ഒരു കെട്ടിടം, എന്നാല്‍ അത് വിറ്റുപോയത് ഏകദേശം 34,000 കോടി രൂപയ്ക്കാണ്. വാര്‍ത്ത അങ്ങ് ഹോങ്കോംഗില്‍ നിന്നാണ്. റിയല്‍ എസ്‌റ്റേറ്റ് ടൈക്കൂണ്‍ എന്നെല്ലാം ലോകം വിശേഷിപ്പിക്കുന്ന ലി കാ ഷിങ്ങിന്റെ 73 നിലകളുള്ള കെട്ടിടമാണ് ഈ വമ്പന്‍ തുകയ്ക്ക് വിറ്റുപോയിരിക്കുന്നത്.
ഹോങ്കോംഗിലെ ഒരു ഓഫീസ് ടവര്‍ വിറ്റു കിട്ടുന്ന ഏറ്റവും വലിയ തുകയാണ് ഈ 34,000 കോടി രൂപ. ലി കായുടെ സികെ അസറ്റ് ഹോള്‍ഡിങ്‌സിനായിരുന്നു ദി സെന്റര്‍ എന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം. ചൈനയിലെ ഒരു കമ്പനിക്കാണ് വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയുടെ വാര്‍ത്ത വന്നതോടെ സികെ അസറ്റിന്റെ ഓഹരിവിലയില്‍ വന്‍കുതിപ്പാണുണ്ടായത്.
ഡിസൈന്‍ വിസ്മയം കൊണ്ടും ഉയരം കൊണ്ടും പ്രശസ്തമാണ് ദി സെന്റര്‍ എന്ന 73 നിലകളുള്ള കെട്ടിടം. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ കെട്ടിടമാണിത്. ഹോങ്കോംഗിലെ അംബര ചുംബികള്‍ക്കാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വാടക ഈടാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവയ്ക്ക് ഇത്രയധികം വില കല്‍പ്പിക്കപ്പെടുന്നതും. സിംഗപ്പൂര്‍ പോലുള്ള നഗരങ്ങളില്‍ ഉള്ളതിനെ അപേക്ഷിച്ച് അഞ്ച് മടങ്ങാണ് ഹോങ്കോംഗിലെ കെട്ടിടങ്ങളിലെ വാടക നിരക്ക്.
ഹോങ്കോംഗിലെ ഏറ്റവും സമ്പന്നനാണ് ലി കാ ഷിങ്. അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ഏറ്റവും മൂല്യമുള്ള കെട്ടിടമായിരുന്നു ഇപ്പോള്‍ വിറ്റ സെന്റര്‍. 130,032 ചതുരശ്രമീറ്ററിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സി കെ ഹച്ചിസണ്‍ ഹോള്‍ഡിങ്‌സ്, സികെ പ്രോപ്പര്‍ട്ടി ഹോള്‍ഡിങ്‌സ്, ലി കാ ഷിങ് ഫൗണ്ടേഷന്‍ തുടങ്ങി നിരവധി സംരംഭങ്ങളുടെ ഉടമയാണ് അദ്ദേഹം. പണ്ട് ഇന്ത്യക്കാര്‍ക്ക് സുപരിചിതമായിരുന്ന ഹച്ച് എന്ന ടെലികോം കമ്പനിയുടെ ഉടമയും ഇദ്ദേഹമായിരുന്നു. പിന്നീടാണ് അത് വോഡഫോണ്‍ ഏറ്റെടുത്തത്.
Read more on Malayalam Celebrity Homes House Design Kerala