ലുലു മാളിൽ കറങ്ങാനും സിനിമ കാണാനും പോകുന്ന താല്പര്യത്തോടെ ആളുകൾ ലൈബ്രറിയിലേക്ക് ഒഴുകിയെത്തിയാലോ? അങ്ങനെ സംഭവിച്ചിരിക്കുകയാണ്...ഇവിടെയല്ല...അങ്ങ് ചൈനയിൽ...പൊടിപിടിച്ച പുസ്തകങ്ങളും ദ്രവിച്ച മേശകളും സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത തളംകെട്ടിനിൽക്കുന്ന അന്തരീക്ഷവുമുള്ള ലൈബ്രറികൾ പഴംകഥയാവുകയാണ്. പുതിയ തലമുറയെ പിടിച്ചുനിർത്തണമെങ്കിൽ കാഴ്ചയും കാഴ്ചപ്പാടും അടിമുടി മാറ്റിയേ മതിയാകൂ എന്ന തിരിച്ചറിവിൽ നിന്നാണ് അടുത്തിടെ ചൈനയിൽ ഒരു ലൈബ്രറി തുറന്നത്. ഇപ്പോൾ സിനിമ തിയറ്ററിനെക്കാളും തിരക്കാണ് ഇവിടെ!
ഉത്തരചൈനയിലെ ടിയാൻജിൻ ബിൻഹായ് പബ്ലിക് ലൈബ്രറി ഒരു നിർമാണവിസ്മയമാണ്. അഞ്ചുനിലയുടെ ഉയരമുണ്ട് ലൈബ്രറിക്ക്. തിരമാലകൾ പോലെ പരന്നുകിടക്കുന്ന ഫ്‌ളൂയിഡ് ഡിസൈൻ ആണ് ഇന്റീരിയറിനു നൽകിയിരിക്കുന്നത്. 3D ദൃശ്യമികവ് അനുഭവേദ്യമാകുംവിധമാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഫുൾ സെൻട്രലൈസ് എസി, ഒപ്പം വാം ടോൺ ലൈറ്റിങ്ങും.
നിലത്തുനിന്നും മേൽക്കൂര വരെ അനന്തമായി നീളുന്നു എന്ന് തോന്നിപ്പിക്കുംവിധമുള്ള പടികൾ. ഈ പടികളിൽ തന്നെ ബുക് ഷെൽഫുകളും ഇരിപ്പിടവും ക്രമീകരിച്ചിരിക്കുന്നു. ഓരോ ഷെൽഫുകളുടെയും പിന്നിലായി പുറത്തുനിന്നും ഒറ്റനോട്ടത്തിൽ ദൃശ്യമാകാത്തവിധം വിശാലമായ കോൺഫറൻസ് മുറികളും പഠനമുറികളും നൽകിയിരിക്കുന്നു.
മൂന്നുവർഷത്തെ നിർമാണത്തിനും മിനുക്കുപണികൾക്കും ശേഷം അടുത്തിടെയാണ് ലൈബ്രറി തുറന്നുകൊടുത്തത്. 33,700 സ്ക്വയർ മീറ്ററാണ് വിസ്തീർണം. 1.2 ദശലക്ഷം പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഡച്ച് ഡിസൈൻ കമ്പനിയായ mvrdv ആണ് ലൈബ്രറി അണിയിച്ചൊരുക്കിയിരിക്കുന്നത്.
ലൈബ്രറിയുടെ ഒത്തനടുക്കായി റിസപ്‌ഷൻ ഏരിയ. ഇവിടെ ഗോളാകൃതിയിലുള്ള ഓഫിസ് ഏരിയ കാണാം. പുറത്തുനിന്നും നോക്കുമ്പോൾ കണ്ണിലെ കൃഷ്ണമണി പോലെയാണ് ലൈബ്രറിയുടെ കാഴ്ച ദൃശ്യമാകുക.
സന്ദർശകരുടെ തിരക്കുകാരണം ലൈബ്രറി അധികൃതർക്ക് ടോക്കൺ സമ്പ്രദായവും കൊണ്ടുവരേണ്ടി വന്നു. കൂടാതെ ദിവസം മുഴുവനും പ്രവർത്തിക്കാൻ നിർബന്ധിതരായിരിക്കുകയുമാണ്. ഇനി എന്നാണാവോ നമ്മുടെ നാട്ടിലും ലൈബ്രറികൾ ഇതുപോലെ മുഖം മിനുക്കുക...
Read more on Architectural Wonders