സ്റ്റീവ് ജോബ്‌സിന്റെ സ്വപ്നപദ്ധതിയായിരുന്ന ആപ്പിൾ പാർക്ക് 2018 ഏപ്രിലിൽ പൂർത്തിയാകും. കലിഫോർണിയയിലെ കുപ്പോർട്ടിനോയിൽ 175 ഏക്കറിൽ നിർമാണം പുരോഗമിക്കുന്ന ക്യാംപസ് പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും പ്രകൃതി-ഊർജ-സൗഹൃദ നിർമിതിയാകുമെന്നാണ് വിലയിരുത്തൽ. നിർമാണപ്രവർത്തനങ്ങളുടെ പുതിയ വിഡിയോ ആപ്പിൾ പുറത്തുവിട്ടു.
ഒരു മോതിരത്തിന്റെ രൂപത്തിലുള്ള ക്യാംപസിനു 2.8 ദശലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ട്. തീർന്നില്ല, ലോകത്തെ ഏറ്റവും വലിയ കർവ്ഡ് ഗ്ലാസ് പാനലുകൾ കൊണ്ടാണ് കെട്ടിടം പൊതിഞ്ഞിരിക്കുന്നത്.
ഊർജ്ജവിനിയോഗത്തിലും പാർക്ക് സ്വയംപര്യാപ്ത നേടിയിട്ടുണ്ട്. പൂർണമായും പുനരുപയോഗിക്കാവുന്ന സ്രോതസുകളിൽനിന്നുള്ള ഊർജം കൊണ്ടാണ് പാർക്ക് പ്രവർത്തിക്കുക. മേൽക്കൂരയിൽ 17 മെഗാവാട്ട് ഉൽപാദിപ്പിക്കാവുന്ന സോളാർ പാനലുകൾ ലോകത്തിലെ ഏറ്റവും വലിയതാണ്.
ലോകത്തെ ഏറ്റവും വലിയ ഓട്ടമാറ്റിക് വെന്റിലേഷൻ സാങ്കേതികവിദ്യയാണ് അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. താപനില ക്രമീകരിക്കാൻ വർഷത്തിൽ ഒൻപതു മാസവും എസിയോ ഹീറ്ററോ ആവശ്യമില്ല എന്നർത്ഥം.
സ്റ്റീവ് ജോബ്‌സിനോടുള്ള ബഹുമാനാർഥം കെട്ടിടത്തിൽ പുതുതായി തുറക്കുന്ന തിയറ്ററിനു അദ്ദേഹത്തിന്റെ പേര് നൽകും. 1000 പേർക്കിരിക്കാവുന്ന തിയറ്ററിന്റെ മേൽക്കൂര മെറ്റാലിക് കാർബൺ ഫൈബർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പ്രവേശനകവാടം 20 അടി ഉയരമുള്ള ഗ്ലാസ് സിലിണ്ടർ മാതൃകയിലാണ്. ആപ്പിൾ പാർക്കിലെ ഏറ്റവും ഉയരമുള്ള സ്ഥലത്താണ് തിയറ്റർ നിർമിച്ചിരിക്കുന്നത്. ഇവിടെ നിന്നും ക്യാംപസിന്റെ വിശാലമായ കാഴ്ച ആസ്വദിക്കാൻ കഴിയും.
12000 ജീവനക്കാരെ ഇവിടേക്ക് പുനർവിന്യസിക്കാൻ മാത്രം ആറുമാസം എടുക്കുമെന്നാണ് വിലയിരുത്തൽ. എന്തായാലും ഏപ്രിലിൽ ലോകം കാത്തിരുന്ന നിർമാണവിസ്മയം പ്രവർത്തനക്ഷമമാകും എന്ന വാർത്തയാണ് ഔദ്യോഗികമായി ആപ്പിൾ പുറത്തുവിട്ടിരിക്കുന്നത്.
Read more on Apple Office Cupertino Architectural Wonders