ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടമല്ലാത്തത്? എന്നും ഒരേപോലെയുള്ള നാലുചുവരുകൾക്കുള്ളിൽ കഴിഞ്ഞാൽ ആർക്കായായാലും ബോറടിക്കില്ലേ, അങ്ങനെ ചിന്തിച്ച പ്രശസ്ത അമേരിക്കൻ ആർക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ് ന്യൂയോർക്ക് നഗരത്തിന്റെ തിരക്കുകളിൽനിന്നെല്ലാം ഒഴിഞ്ഞുമാറി പ്ലെസന്റ് വില്ലി എന്ന സുന്ദരമായ പ്രദേശത്തു ഒരു വീട് വച്ചു. കണ്ടാൽ കാട്ടിൽ ഏതോ ഭീമൻ കൂൺ മുളച്ചുപൊന്തിയതാണെന്നേ തോന്നൂ. പക്ഷേ അകത്തേക്ക് കയറിയാലോ കിടിലൻ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
1948 ൽ നിർമിച്ച കൂൺവീടിനു 2164 ചതുരശ്രയടിയാണ് വിസ്തീർണം. മൂന്ന് കിടപ്പുമുറികൾ, രണ്ടു കുളിമുറികൾ, സ്വീകരണമുറി, അടുക്കള, തീ കായാനുള്ള സ്ഥലം എന്നിവയാണ് പ്രധാനമായും കൂൺവീട്ടിൽ ഒരുക്കിയിരിക്കുന്നത്.
വൃത്താകൃതിയിലുള്ള ഫ്ലാറ്റ് റൂഫ് ആണ് വീടിനു കൂണിന്റെ പ്രതീതി സമ്മാനിക്കുന്നത്. ഒരു പിരിയൻ ഗോവണിയിലൂടെയാണ് വീടിനകത്തേക്ക് എത്തുന്നത്. കരിങ്കല്ല് കൊണ്ടാണ് ഭിത്തികൾ നിർമിച്ചിരിക്കുന്നത്. ലിവിങ്ങിൽ നിന്നും അടുക്കള വരെ തുടരുന്ന ശൈലിയിലാണ് കരിങ്കൽ ഭിത്തിയുടെ വിന്യാസം.
സ്വാഭാവിക പ്രകാശം സമൃദ്ധമായി ക്ഷണിക്കുന്ന ജാലകങ്ങൾ വീടിനുള്ളിൽ ധാരാളം നൽകിയിരിക്കുന്നു. ഓക്കുമരത്തിന്റെ തടി കൊണ്ടാണ് ഫർണിച്ചറുകൾ. ഇവയിലെല്ലാം ആർകിടെക്ടിന്റെ കരവിരുത് കാണാം.
പ്രകൃതിയുമായി ഇഴുകിച്ചേരുന്ന നിർമിതികളുടെ പ്രചാരകനായിരുന്നു ആർക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ്. 1935 ൽ പെൻസിൽവാനിയയിൽ ലോയ്ഡ് നിർമിച്ച ഫോളിങ് വാട്ടർ അഥവാ കൗഫ്മാൻ റെസിഡൻസ് എന്ന നിർമിതി അമേരിക്കൻ ആർക്കിടെക്ച്ചറിന്റെ ഔന്നത്യമായാണ് വിലയിരുത്തപ്പെടുന്നത്.
വീടിനു സമീപം ഒരു കാർപോർച്ച് നൽകിയിട്ടുണ്ട്. അതിന്റെയും ആകൃതി കൂണിന്റെ പോലെ തന്നെയാണ്.
1.2 ദശലക്ഷം പൗണ്ടാണ് വീടിനു മാർക്കറ്റിൽ വിലയിട്ടിരിക്കുന്നത്. അതായത് ഏകദേശം 10 കോടി 42 ലക്ഷം രൂപ!
Read more on Architecture Wonders Homestyle