Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിങ്കല്ലിൽ തെളിയുന്ന ജൈനക്ഷേത്രം

jain-temple-wayanad പുരാവസ്തു വകുപ്പിനു കീഴിലുള്ള ഈ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെയും ജൈനസംസ്കാരത്തിന്റെയും അവശേഷിപ്പാണ്...

പ്രൗഢമായ സാംസ്കാരിക പാരമ്പര്യത്തിന്റെ പിൻബലമുണ്ട്‌ വയനാടിന്‌. വയനാടിന്റെ പല നൂറ്റാണ്ടുകളുടെ ചരിത്രം പറയുമ്പോൾ പതിമൂന്നാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യവും ജൈനസംസ്കാരവും ഒപ്പം കടന്നുവരും. അതിന്റെ ശേഷിപ്പും അടയാളവുമാണ്‌ ബത്തേരിയിലെ ജൈനക്ഷേത്രം.

ബത്തേരിയിൽ ദേശീയപാത 766ന്‌ തൊട്ടടുത്തായി തലയുയർത്തി നിൽപുണ്ട്‌ ഈ ശിൽപഭംഗി. ഏറെക്കാലം സൂക്ഷിപ്പുകാരില്ലാതെ ജീർണാവസ്ഥയിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്ന അതിപുരാതന ക്ഷേത്രം പിന്നീട്‌ പുരാവസ്തു വകുപ്പ്‌ ഏറ്റെടുത്ത്‌ ദേശീയ പ്രാധാന്യമുള്ള പുരാവസ്തുവായി വിജ്ഞാപനം ചെയ്തു. തുടർന്നു മികച്ച രീതിയിൽ സംരക്ഷിച്ചു പോരുന്നു ഈ ചരിത്ര നിർമിതി.

jain-temple-wayanad

വലിയ കരിങ്കൽ പാളിക്കല്ലുകൾ പാകിയ വീതിയേറിയ നടവഴി ക്ഷേത്രാങ്കണത്തിലേക്കു നയിക്കുന്നു. അവിടെ വഴിയുടെ അറ്റത്തായി ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് പടുത്ത കിണർ കാണാം. അതിനപ്പുറം അൽപം താഴ്‌ന്ന വിതാനത്തിൽ സ്ഥിതി ചെയ്യുന്നു അതിമനോഹരമായ ക്ഷേത്രം. 

പൂർണമായും വലിയ ശിലാപാളികളും തൂണുകളുമാണ്‌ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്‌. കരിങ്കൽതൂണുകളിലും കൽപ്പടവുകളിലും ധാരാളം കൊത്തുപണികൾ കാണാം. സർപ്പബന്ധം എന്നറിയപ്പെടുന്ന ചിത്രം ഏറെ രസകരമായ ഒരു രഹസ്യം അതിലൊളിപ്പിച്ചിട്ടുണ്ട്‌. ആ ചിത്രത്തിലെ പാമ്പിന്റെ തലയിൽനിന്നു തുടങ്ങി ക്രമമായി വിരലോടിച്ചാൽ തിരികെ തലയിൽ തന്നെയെത്തും. വാലിൽനിന്നു തുടങ്ങിയാൽ വാലിലും തിരിച്ചെത്തും. അതിസമർഥമായി വിതാനിച്ച ഈ ചിത്രത്തിനൊപ്പം മറ്റനേകം കൊത്തുപണികളും മനോഹര ചിത്രങ്ങളും കാണാം. മുഖ്യ കെട്ടിടത്തിന്റെ മുൻഭാഗത്തായി മേൽക്കൂരയില്ലാത്തതും തൂണുകൾ അതിരിടുന്നതുമായ നമസ്കാര മണ്ഡപവും കാണാം. ചുറ്റിലായി കൽത്തൂണുകൾ നിരന്നു നിൽക്കുന്ന വലിയ വരാന്തയും മാറ്റേകുന്നു.

jain-temple-wayanad-pillar

പുരാതന ശിൽപകലയുടെയും വാസ്തുവിദ്യയുടെയും ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ്‌ പ്രൗഢിയോടെ നിൽക്കുന്ന ഈ ചരിത്ര നിർമിതി. ഇതിന്റെ പരിസരത്തു നിൽക്കുമ്പോൾ ചരിത്ര സ്മൃതികൾ നിറയും മനസ്സിൽ. ഒപ്പം മഹത്തായ ഒരു നിർമാണരീതി വയനാട്ടിൽ നിലനിന്നിരുന്നു എന്ന അറിവും.

Read more on Jain Temple Wayanad Architecture