VIA 57 വെസ്റ്റ് അമേരിക്കയിലെ മൻഹാട്ടനിലുള്ള ഒരു റെസിഡൻഷ്യൽ ബിൽഡിങ് ആണ്. ലോകത്തിലെ മികച്ച നിർമിതികൾക്ക് നൽകുന്ന എമ്പോറിസ് അവാർഡ് ഇത്തവണ VIA 57 വെസ്റ്റിനാണ്. പതിവ് കാഴ്ചകളിൽ നിന്നും വേറിട്ട് നിൽക്കുന്ന രൂപഭംഗിയും പരിസ്ഥിതിസൗഹൃദ കാഴ്ചപ്പാടുകളുമാണ് കെട്ടിടത്തെ അവാർഡിന് അർഹമാക്കിയത്. പിരമിഡ് ആകൃതിയിലാണ് കെട്ടിടം. ഇരുവശങ്ങളിലേക്കും കുത്തനെ ചരിഞ്ഞ സ്ലോപ് കാണാം. എങ്കിലും ഓരോവശങ്ങളിൽ നിന്നും ഓരോ ആകൃതിയാണ് കാഴ്ചക്കാരന് അനുഭവപ്പെടുക.
ഭൂചലനങ്ങളെ പ്രതിരോധിക്കാൻ പാകത്തിലാണ് കെട്ടിടത്തിന്റെ അടിത്തറയും ബീമുകളും നിർമിച്ചിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കുന്ന സവിശേഷ സ്‌റ്റെയിൻലെസ്സ് സ്റ്റീൽ ഫ്രയിമുകൾ കൊണ്ടാണ് പുറംഭിത്തികൾ പാനൽ ചെയ്തിരിക്കുന്നത്. ഡാനിഷ് ആർകിടെക്ച്ചർ ഗ്രൂപ്പായ ജർക് ഇൻഗൽസ് ആണ് നിർമാതാക്കൾ.
34 നിലകളിലായി 830,995 ചതുരശ്രയടിയാണ് വിസ്തീർണം. 450 അടി (137 m)യാണ് ഉയരം. നിർമിതിയുടെ ഒത്തനടുവിലായി നെടുനീളത്തിൽ കോർട് യാർഡ് കാണാം. മുകളിൽ തുറസായ മേൽക്കൂര. 45 ഡിഗ്രിയിൽ വളഞ്ഞുപുളഞ്ഞു പോകുന്ന പിരിയൻ ഗോവണിയാണ് കെട്ടിടത്തിനകത്തെ മറ്റൊരു ഹൈലൈറ്റ്. പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടുകളും കെട്ടിടത്തിൽ അവലംബിച്ചിട്ടുണ്ട്. വെർട്ടിക്കൽ ഗാർഡനുകൾ, സോളാർ പാനലുകൾ എന്നിവ ഇതിനുദാഹരണമാണ്.
11 എലിവേറ്ററുകളും കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നു. പരമ്പരാഗത- മോഡേൺ യൂറോപ്യൻ നിർമാണശൈലിയുടെ സങ്കലനമായാണ് കെട്ടിടം വിലയിരുത്തപ്പെടുന്നത്. കെട്ടിടത്തിന്റെ ഒരുഭാഗം ഹഡ്സൺ നദിയുടെ കാഴ്ചകളിലേക്കാണ് അഭിമുഖീകരിക്കുന്നത്. 2013 ൽ ആരംഭിച്ച നിർമാണം 2016 ലാണ് നിർമാണം പൂർത്തിയായത്.
Read more on Architectural Wonders