അണുബോംബ് പൊട്ടിക്കാൻ കിമ്മിന്റെ കയ്യിൽ കാശുണ്ട്; കെട്ടിടം പണിയാൻ ചില്ലിക്കാശില്ല!

105 നിലകളുമായി (1080 അടി) പ്യോങ് യോങിൽ അനാഥപ്രേതം പോലെ ഇപ്പോഴും കെട്ടിടം തലയുയർത്തി നിൽക്കുന്നു. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

എന്റെ കയ്യിൽ അണുബോംബ് ഉണ്ട്, ഞാനിപ്പോ പൊട്ടിക്കും...എന്നാൽ എന്റെ കയ്യിൽ അതിലും വലിയ ബോംബ് ഉണ്ട്..ഞാനും പൊട്ടിക്കും... കുട്ടിക്കളിയുമായി കിം ജോംഗ് ഉന്നും ഡൊണൾഡ് ട്രംപും കളം നിറയുകയാണ്. യുദ്ധസാമഗ്രികൾക്കും പ്രതിരോധസാങ്കേതികവിദ്യകൾക്കും കോടികൾ മുടക്കുകയാണ് കിം ജോങ് ഉൻ.. രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ നല്ലൊരു പങ്കും പ്രതിരോധമേഖലയിലേക്ക് വഴിമാറ്റിയതോടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഉത്തരകൊറിയ പിന്നോക്കം പോയി എന്നാണ് വാർത്തകൾ.

റ്യോ- ഗ്യോങ് ഹോട്ടൽ

രണ്ടു തലമുറകളായി ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന കിം ഭരണാധികാരികളുടെ മൂക്കിൻതുമ്പത്ത് നാണക്കേടായി ഒരു നിർമിതി തലയുയർത്തി നിൽപ്പുണ്ട്- റ്യോ- ഗ്യോങ് ഹോട്ടൽ. ഉത്തരകൊറിയയിലെ പ്യോങ് യോങിലാണ് റ്യോ- ഗ്യോങ് ഹോട്ടൽ. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ എന്ന ഖ്യാതി സ്വന്തമാക്കാനായി പണിതുടങ്ങിയ ഈ കെട്ടിടം ഇന്നറിയപ്പെടുന്നത് ലോകത്തെ ഏറ്റവും വലിയ പണി തീരാത്ത കെട്ടിടം എന്ന പേരിലാണ്. 1987 ൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ പണി 1992 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് ഉത്തരകൊറിയ സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടപ്പോൾ നിർത്തിവച്ചു. 2008 ൽ നിർമാണം പുനരാരംഭിച്ചു. 2011 ൽ കെട്ടിടത്തിന്റെ സ്ട്രക്ച്ചർ പൂർത്തിയായി. 39 ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. 

2012 ൽ ദുബായിൽ ജെ ഡബ്ള്യു മാരിയറ്റ് മാർക്വിസ് ഹോട്ടൽ തുറന്നതോടെ ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ എന്ന ഉത്തരകൊറിയയുടെ സ്വപ്നം പാഴ്ക്കിനാവായി. ലോകത്തെ ആൾപ്പാർപ്പില്ലാത്ത ഏറ്റവും വലിയ കെട്ടിടമെന്ന ദുർഖ്യാതിയും അങ്ങനെ  റ്യോ- ഗ്യോങ് ഹോട്ടലിന് മേൽ ചാർത്തപ്പെട്ടു.

2012 ൽ കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം Il-സങ്ങിന്റെ ജന്മശതാബ്ധിവാർഷികത്തിന് കെട്ടിടം തുറക്കാനായിരുന്നു പദ്ധതി. കറങ്ങിക്കൊണ്ടിരിക്കുന്ന അഞ്ചു റസ്റ്ററന്റുകൾ അടക്കംനിർമിക്കാൻ പാകത്തിലാണ് കെട്ടിടത്തിന്റെ സ്ട്രക്ച്ചർ ഡിസൈൻ ചെയ്തത്. പക്ഷേ നിർമാണം വീണ്ടും നീണ്ടുപോയി.

2012 ൽ ഹോട്ടൽ വ്യവസായഭീമൻ കെംപിൻസ്കി കെട്ടിടം ഏറ്റെടുക്കാൻ പദ്ധതിയിട്ടെങ്കിലും കിം ജോങ് ഉന്നിന്റെ സ്ഥാനാഹരണത്തോടെയുണ്ടായ രാഷ്ട്രീയ അനിശ്ചിതവസ്ഥ മൂലം അവർ പിൻവാങ്ങി. 105 നിലകളുമായി (1080 അടി) പ്യോങ് യോങിൽ അനാഥപ്രേതം പോലെ ഇപ്പോഴും കെട്ടിടം തലയുയർത്തി നിൽക്കുന്നു.