പുതുവൽസരാഘോഷ രാവിൽ കത്തിക്കാനുള്ള കൂറ്റൻ പാപ്പാഞ്ഞിയുടെ ചട്ടക്കൂടിനു വരവേൽപ്. പോഞ്ഞിക്കരയിൽ നിന്നു ജല ഘോഷയാത്രയായാണു പാപ്പാഞ്ഞിയെ ഫോർട്ട്കൊച്ചിയിലെത്തിച്ചത്. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസാണു പാപ്പാഞ്ഞിയെ രൂപകൽപന ചെയ്തത്.

ഇരുമ്പ് അടിത്തറ ഉൾപ്പെടെ 40 അടി ഉയരമുള്ള പാപ്പാഞ്ഞിയുടെ ഇരുമ്പു ചട്ടക്കൂട് പോഞ്ഞിക്കരയിൽ ആൻസൺ ഡിസൂസയുടെ വർക്‌ഷോപ്പിലാണു പണിതീർത്തത്. കാരിരുമ്പിന്റെ ഉറപ്പുള്ള പാപ്പാഞ്ഞി പുതുവൽസരത്തിനു ശേഷവും ചുരുങ്ങിയതു പത്തുകൊല്ലത്തേക്കെങ്കിലും കേടുകൂടാതെയുണ്ടാവും. തീയിൽ അമരുന്ന പാപ്പാഞ്ഞിയുടെ ചട്ടക്കൂടാണു കത്താതെ അവശേഷിക്കുക. ഇക്കുറി മുന്തിയ ഇനം കട്ടികൂടിയ ഇരുമ്പ് ഉപയോഗിച്ചാണു പാപ്പാഞ്ഞിയുടെ നിർമാണം. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ബീച്ച് ഇല്ലാതായതോടെ തീരത്തോടു ചേർന്നുള്ള പാറക്കൂട്ടത്തിനും കരിങ്കല്ലിനും ഇടയിലാണു പാപ്പാഞ്ഞിയെ ഉറപ്പിക്കുന്നത്.

കാറ്റും ഇത്തവണ കൂടുതലാണ്. അതുകൊണ്ടാണു നിർമാണം ശക്തിയേറിയ ഇരുമ്പുചട്ടക്കൂടിലായതെന്നു ബോണി തോമസ് പറഞ്ഞു.
40 അടി ഉയരത്തിലാണ് ഇരുമ്പുചട്ടയുള്ളത്. പുറംഭാഗം ചാക്ക്, തുണി, കടലാസ് എന്നിവ കൊണ്ടാണു നിർമിച്ചത്. ഇന്നുമുതൽ ചാക്ക്, തുണി, കടലാസ് തുടങ്ങിയവ ഉപയോഗിച്ച് ഫോർട്ട്കൊച്ചിയിലെ പൈതൃക സ്ഥാപനമായ ഗ്രീനിക്സിൽ മിനുക്കുപണി ചെയ്യും.

നാളെ മധ്യബീച്ചിലെ പുലിമുട്ടിൽ സ്ഥാപിക്കുന്ന പാപ്പാഞ്ഞിയുടെ അവസാന മിനുക്കുപണികൾ കാണാൻ ആളുകൾക്ക് അവസരമുണ്ടാകും. കൊച്ചിയുടെ ജനകീയോത്സവമായ കാർണിവലിനോടനുബന്ധിച്ചു 31നു രാത്രി പന്ത്രണ്ടിനാണു പാപ്പാഞ്ഞിക്കു തീകൊളുത്തുക. ഈ ചടങ്ങിനു സാക്ഷികളാകാൻ പതിനായിരങ്ങളാണു കടപ്പുറത്ത് എത്തുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇപ്രാവശ്യം പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ് നിർവഹിക്കുന്നത്.

പാപ്പാഞ്ഞി കത്തിക്കൽ ആഘോഷത്തിനു കൊച്ചിയുടെ ചരിത്രവുമായി ഏറെ ബന്ധമുണ്ട്. പാപ്പാഞ്ഞി എന്ന പോർച്ചുഗീസ് വാക്കിന്റെ അർഥം മുത്തച്ഛൻ എന്നാണ്.1500 മുതൽ 1662 വരെ കൊച്ചിയിൽ നിലനിന്ന പോർച്ചുഗീസ് ഭരണത്തിന്റെ ബാക്കിപത്രമായി കൊച്ചിയുടെ സംസ്കാരത്തിൽ ഇടംപിടിച്ചതാണു പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. കാലത്തിന്റെ പ്രതീകമാണു പാപ്പാഞ്ഞി. ഒരു വർഷം ആരംഭിക്കുന്നതിന്റെയും പുതുവർഷം പിറക്കുന്നതിന്റെയും പ്രതീകം.