കാനഡയിലെ ഒന്റാറിയോയിലുള്ള യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂ സ്കൂൾ ഓഫ് ആർക്കിടെക്ചറിലെ പ്രഫ.എലിസബത്ത് ഇംഗ്ലിഷ് ഒരു ദൈവികദൗത്യം നിറവേറ്റിയ പരിവേഷത്തിലാണ്. എലിസബത്തും സംഘവും നയിക്കുന്ന സർവകലാശാലയിലെ ബോയന്റ് ഫൗണ്ടേഷന്റെ കണ്ടെത്തൽ വിജയകരമായി പ്രാവർത്തികമാക്കിയതിന്റെ ത്രില്ലിലാണ് അവർ. വെള്ളപ്പൊക്കത്തിൽ പൊങ്ങിക്കിടക്കുന്ന വീടുകളാണ് ബോയന്റ് ഫൗണ്ടേഷൻ യാഥാർഥ്യമാക്കിയിരിക്കുന്നത്.
വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ നിലവിലുള്ള വീടുകൾക്കു കീഴെ ബോയന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പ്രതലം സ്ഥാപിക്കുകയും വെള്ളം ഉയരുമ്പോൾ വീട് ഒന്നാകെ വെള്ളത്തിനു മുകളിൽ ഉയർന്നു നിൽക്കുകയും ചെയ്യും. കാനഡയിലെന്നല്ല, ലോകത്തെവിടെയും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. അനേകം ജീവനുകൾ രക്ഷിക്കാം, അനേകകോടികളുടെ സ്വത്ത് നശിക്കാതെ സൂക്ഷിക്കാം. ശക്തമായ തിരയടിയും മഴവെള്ളപ്പാച്ചിലും ഒഴികെയുള്ള സാധാരണ വെള്ളപ്പൊക്കങ്ങൾ ഏതും ഈ സംവിധാനം പ്രതിരോധിക്കും. വീടിന് ഒരു കേടുപാടുമുണ്ടാവില്ലെന്നു മാത്രമല്ല, വെള്ളം താഴുമ്പോൾ വീടും അതിനൊപ്പം താഴ്‍ന്ന് പൂർവസ്ഥിതിയിലാവുകയും ചെയ്യും.
നന്നേ ചെലവു കുറഞ്ഞ പദ്ധതി നടപ്പാക്കാനും എളുപ്പമാണ്. ബോയന്റ് ഫൗണ്ടേഷന്റെ പൊങ്ങിക്കിടക്കുന്ന വീടുകൾ സൃഷ്ടിക്കാൻ നിലത്തു നിന്ന് അൽപം ഉയർന്നിരിക്കുന്ന വീടുകളാണ് അഭികാമ്യം. പദ്ധതിയുടെ പ്രവർത്തനം ഇങ്ങനെ.
വീടിന്റെ അടിഭാഗം നീക്കിയ ശേഷം നാലു കോണിലും വലിയ പൈപ്പുകൾ സ്ഥാപിക്കുന്നു. ഈ പൈപ്പുകൾക്കുള്ളിലിറങ്ങി നിൽക്കുന്ന പില്ലറുകളിൽ വീടിനൊരു പുതിയ അടിത്തറയുണ്ടാക്കുന്നു. ഈ അടിത്തറയിലാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്രത്യേകതരം ഫോം കൊണ്ടുള്ള പ്രതലം സ്ഥാപിക്കുന്നത്. അതിനു മേലെ വീടിനു ബലം നൽകാൻ ശക്തമായ ഒരു കവചവും സ്ഥാപിക്കുന്നു. വെള്ളപ്പൊക്കമുണ്ടാവുമ്പോൾ വീടിനടിയിലെ പ്രതലത്തിലേക്ക് വെള്ളം ആദ്യം ഇറങ്ങും.
അവിടെ വെള്ളം നിറയുമ്പോൾ ഫോം വെള്ളത്തിൽ പൊങ്ങിക്കിടക്കും. ഫോമിനു മീതെയിരിക്കുന്ന വീടും സ്വാഭാവികമായി ഉയരും. വീടിന് ഉയരാനും താഴാനും തടസ്സമില്ലാത്ത തരത്തിലാണ് നാലു കോണുകളിലുമുള്ള പൈപ്പുകൾക്കുള്ളിൽ വീടിനെ താങ്ങി നിർത്തുന്ന പില്ലറുകൾ സ്ഥാപിക്കുക. വെള്ളത്തിനു മുകളിൽ വീട് പൊങ്ങിക്കിടക്കുന്നതനുസരിച്ച് നീളമേറിയ ഈ പില്ലറുകളും മുകളിലേക്കുകയരും. പില്ലറുകൾ പൈപ്പിനുള്ളിൽ തന്നെ നിൽക്കുന്നതിനാൽ ഒഴുക്കുണ്ടായാൽ പോലും വീടിനു സ്ഥാനഭ്രംശം സംഭവിക്കുകയില്ല.
വെള്ളം താഴുന്നതനുസരിച്ച് ഫോം പ്രതലവും ഒപ്പം വീടും താഴ്‍ന്ന് പൂർവ സ്ഥിതിയിലാവുകയും ചെയ്യും. ഒട്ടേറെ ആർക്കിടെക്ചറൽ-എൻജിനീയറിങ് പുരസ്കാരങ്ങളാണ് പദ്ധതിക്കു ലഭിച്ചിട്ടുള്ളത്. ഇതിനോടകം വിവിധ ഇടങ്ങളിൽ പരീക്ഷിച്ചു വിജയിച്ച പദ്ധതി വെള്ളപ്പൊക്കെ ഭീഷണിയുള്ള പ്രദേശങ്ങളിൽ വ്യാപകമായി നടപ്പാക്കാനാണ് ബോയന്റ് ഫൗണ്ടേഷന്റെ പദ്ധതി.
ബോയന്റ് ഫൗണ്ടഷൻ വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ: buoyantfoundation.org