വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പള്ളിപ്പുറം കോട്ട മുഖംമിനുക്കിത്തുടങ്ങി. കോട്ടയുടെ ബലക്ഷയം പരിഹരിക്കുന്നതിനൊപ്പം പരിസരത്തു സൗന്ദര്യവൽക്കരണവും നടത്തുന്നുണ്ട്. 36 ലക്ഷം രൂപ ചെലവിട്ടാണു ജോലികൾ നടത്തുന്നത്.
കോട്ടയുടെ തകർച്ചയിലായ പുറംഭിത്തിയുടെ ഭാഗങ്ങൾ നീക്കി പ്ലാസ്റ്ററിങ് നടത്തി ബലപ്പെടുത്തുന്ന ജോലികളാണ് ആരംഭിച്ചത്. ഷഡ്കോൺ ആകൃതിയിലുള്ള കോട്ടയുടെ നാലുവശങ്ങൾ ബലപ്പെടുത്തി. ഉൾഭാഗത്തും ജോലി പൂർത്തിയാകുന്നതോടെ ഭിത്തിയുടെ ബലക്ഷയം പരിഹരിക്കപ്പെടും. അടിത്തറ തകർന്നും മണ്ണ് ഒലിച്ചുപോയും തറഭാഗത്ത് ഉണ്ടായ ബലക്കുറവു പരിഹരിക്കാൻ കോട്ടയ്ക്കു ചുറ്റും ഉയരം കുറഞ്ഞ സംരക്ഷണഭിത്തി നിർമിക്കുന്നുണ്ട്.
പൊളിഞ്ഞുകിടക്കുന്ന പടവുകൾ നന്നാക്കുന്നതിനു പുറമേ, കോട്ടയുടെ ഉൾഭാഗത്തു മികച്ച രീതിയിലുള്ള ഫ്ലോറിങ് നടത്തുമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. കോട്ടയുടെ പ്രവേശന കവാടത്തിൽനിന്നു മുന്നിലുള്ള പുഴയുടെ കടവുവരെ നിർമിക്കുന്ന നടപ്പാതയാണു സൗന്ദര്യവൽക്കരണ ജോലികളിൽ പ്രധാനം. ഇതിനു പുറമേ, സമീപത്തുള്ള കുളം കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കും. കുളത്തിനു ചുറ്റുമായി മൂന്നു മീറ്റർ വീതിയിൽ നടപ്പാത നിർമിച്ചു കൈവരി ഒരുക്കുന്നുണ്ട്. മതിൽ ഇല്ലാത്ത ഭാഗത്തു പുതിയ മതിൽ നിർമിക്കും. പൊളിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ബലപ്പെടുത്തലും നടത്തും.
പള്ളിപ്പുറത്ത് സംസ്ഥാനപാതയിൽ നിന്നു നൂറടിയോളം കിഴക്കുമാറി കായലോരത്തു സ്ഥിതിചെയ്യുന്ന കോട്ട 1503ലാണു നിർമിച്ചത്. മാനുവൽ ഫോർട്ട് എന്ന പോർച്ചുഗീസ് രാജാവാണത്രെ 1503 സെപ്റ്റംബർ 26നു കോട്ടയുടെ ശിലാസ്ഥാപനം നടത്തിയത്. വടക്കുനിന്നു കായൽ വഴി വരുന്ന ശത്രുക്കളെ പ്രതിരോധിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ചെങ്കല്ലും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു നിർമാണം. ശർക്കരയും കുമ്മായവും കൂട്ടിച്ചേർത്തുണ്ടാക്കുന്ന സുർക്കി മിശ്രിതമാണു കല്ലുകൾ കെട്ടിപ്പൊക്കാനും പുറംതേയ്ക്കാനും ഉപയോഗിച്ചത്. സുർക്കിക്കു പശിമ കൂട്ടാൻ കുന്നിക്കുരു അരച്ചുചേർത്തിരുന്നതായി ചരിത്രം പറയുന്നു. 34 അടിയാണു കോട്ടയുടെ ഉയരം. പീരങ്കിയുണ്ടയെ വരെ ചെറുക്കാനാവുന്ന തരത്തിൽ ഏഴടി കനത്തിലാണു ഭിത്തി.
കോട്ടയ്ക്കകത്തു കിഴക്കുഭാഗത്തു മൂന്ന് അടി സമചതുരാകൃതിയിൽ 16 അടി ആഴമുള്ള കിണറുണ്ട്. ചുവരുകളിൽ പീരങ്കികൾ സ്ഥാപിക്കുന്നതിന് ആറരയടി നീളവും അഞ്ചടി വീതിയുമുള്ള ജാലകങ്ങളും കാണാം. കോട്ടയ്ക്കുള്ളിൽ നിന്നു പുറത്തേക്കു തുരങ്കമുണ്ടായിരുന്നതായി പഴമക്കാർ പറയുന്നുണ്ടെങ്കിലും തെളിവില്ല.
വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിനുള്ള അറയാണു തുരങ്കത്തിന്റെ കവാടമായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നതെന്നും പറയുന്നു. 1909ൽ പള്ളിപ്പുറം കോട്ട പുരാവസ്തുകേന്ദ്രമായി പ്രഖ്യാപിച്ചു തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു. പിൽക്കാലത്തു കോട്ട പുരാവസ്തുവകുപ്പിന്റെ കയ്യിലായി. പക്ഷേ, അതിനുശേഷം കാര്യമായ നവീകരണമോ മറ്റു നടപടികളോ നടന്നില്ല.