Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞൻ ദ്വീപിലൊരു സൂപ്പർ വീട്!

hub-island ലോകത്തിൽ മനുഷ്യവാസമുള്ള ഏറ്റവും ചെറിയ ദ്വീപിനെപ്പറ്റി കേട്ടിട്ടുണ്ടോ?

ചുറ്റിലും വെള്ളം, അതിനു നടുവിലൊരു കുഞ്ഞന്‍വീട്. ജനാലയിലൂടെ പുറത്തേക്കു നോക്കിയാല്‍ നേര്‍ത്ത കാറ്റിലിങ്ങനെ കിലുകിലാ ചിരിക്കുന്ന ഇലകളുമായി ഒരൊറ്റ മരം. വീടിനു ചുറ്റും കുഞ്ഞോളങ്ങള്‍ തുള്ളിക്കളിക്കുന്നു. ചിത്രകഥകളില്‍ മാത്രമേ ഇങ്ങനെയൊരു വീടു കാണാന്‍ സാധിക്കൂ. അല്ലെങ്കില്‍ ഏതെങ്കിലും ആനിമേഷന്‍ സിനിമയില്‍. പക്ഷേ, ഇങ്ങനെ ഒറ്റയ്‌ക്കൊരു ദ്വീപില്‍ ഒരു കുഞ്ഞന്‍ വീടുണ്ട്. 

ലോകത്തില്‍ മനുഷ്യവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന റെക്കോര്‍ഡുള്ള ആ ദ്വീപ് അമേരിക്കയിലാണ്. ‘അത്യാവശ്യം താമസിക്കാന്‍ ഇടമുള്ള ദ്വീപ്’ എന്നാണ് അതിന് ഇപ്പോള്‍ പ്രദേശവാസികൾ നല്‍കിയിരിക്കുന്ന വിളിപ്പേര്. ഔദ്യോഗിക പേരൊന്നുമല്ല, ഒരു തമാശയ്ക്കിട്ടിരിക്കുന്നതാണ്. നേരത്തേ ഈ ദ്വീപിന്റെ പേര് ഹബ് ഐലന്റ് എന്നായിരുന്നു. 1800 കളില്‍ ഇവിടെ ബോട്ടുകള്‍ നന്നാക്കാനുള്ള ഒരു കെട്ടിടമുണ്ടായിരുന്നു. പിന്നീട് ഇവിടെ ഒരു ഹോട്ടലും വന്നു. എന്നാല്‍ ഇതൊന്നും പച്ചപിടിച്ചില്ല. 1950ല്‍ ഈ കുഞ്ഞന്‍ ദ്വീപിനെ സൈസ്‌ലാൻഡ്സ് എന്നറിയപ്പെടുന്ന ഒരു ധനിക കുടുംബം വില കൊടുത്തു സ്വന്തമാക്കി. ഒരു ടെന്നിസ് കോര്‍ട്ടിനോളം വലുപ്പമേയുള്ളൂ  ദ്വീപിന്; ഏകദേശം 3300 ചതുരശ്രമീറ്റര്‍. 

just-room-island-aerial-view

ദ്വീപില്‍ ഒരു അവധിക്കാല വസതി നിര്‍മിക്കാനായിരുന്നു ഉടമകളുടെ തീരുമാനം. അതിനുള്ള നടപടികളും നോക്കി. അങ്ങനെയാണ് കുഞ്ഞന്‍ ദ്വീപിന്റെ മുക്കാല്‍ പങ്കുംനിറയും വിധം ഒരു വീട് നിര്‍മിക്കുന്നത്. ഒരു മരവും സമീപത്തു നിര്‍ത്തി. തീരത്തോടു ചേര്‍ന്ന് ഏതാനും കസേരകളുമിട്ടു. അതോടെ ദ്വീപിലെ സ്ഥലം തീര്‍ന്നു. അവിടെ താമസിക്കുന്നവര്‍ ഒരു കാല്‍ച്ചുവട് അറിയാതെ മാറ്റിവച്ചാല്‍ മതി, നേരെ വീഴുന്നത് വെള്ളത്തിലേക്കായിരിക്കും. 

Just-room-enough-island

ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയ ബേ എന്ന പ്രദേശത്തോടു ചേര്‍ന്നാണ് ഈ ‘ദ്വീപുവീടി’ന്റെ സ്ഥാനം. അവധിക്കാല വസതിയായാണു നിര്‍മിച്ചതെങ്കിലും നിര്‍മാണം കഴിഞ്ഞയുടനെ സംഗതി വന്‍ വാര്‍ത്തയായി. അതോടെ ടൂറിസ്റ്റുകളും ഇങ്ങോട്ടേക്കൊഴുകാന്‍ തുടങ്ങി. അതിനിടെയാണു മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപെന്ന റെക്കോര്‍ഡും ഹബ് ഐലന്റിനു സ്വന്തമാകുന്നത്. നേരത്തേ ഈ സ്ഥാനം ‘ബിഷപ് റോക്ക്’ എന്ന ദ്വീപിനായിരുന്നു. 

അവിടെയുണ്ടായിരുന്ന ലൈറ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കാനായി ചുമതലപ്പെടുത്തിയിരുന്ന ആളായിരുന്നു ഏക താമസക്കാരന്‍. എന്നാല്‍ ലൈറ്റ് ഹൗസിലെ പ്രവര്‍ത്തനങ്ങളെല്ലാം ഓട്ടമാറ്റിക് ആയതോടെ പുള്ളിക്കാരന്‍ സ്ഥലം വിട്ടു. റെക്കോര്‍ഡ് നേരെ ഹബ് ഐലന്റിലേക്കും പോയി. കുഞ്ഞന്‍ വീട് നിലനില്‍ക്കുന്ന സെന്റ് ലോറന്‍സ് നദിയില്‍ 1800ലേറെ കുഞ്ഞന്‍ ദ്വീപുകളുണ്ട്. യുഎസിനും കാനഡയ്ക്കും ഇടയിലൂടെ ഒഴുകുന്ന നദിയാണിത്. മിക്കവാറും സമയം ഹബ് ഐലന്റിലെ വീട് വെള്ളത്തിനു മുകളിലായിരിക്കും. എന്നാലും ഇടയ്ക്കിടെ നദിയിലെ വെള്ളം വീടിനകത്തേക്കു തലനീട്ടിയെത്തും. ആ കൗതുകം കൊണ്ടാണ് സകല ടൂറിസ്റ്റുകളും ഇങ്ങോട്ടു പാഞ്ഞെത്തുന്നതും.