ഒരുങ്ങുന്നത് സൂപ്പർ സൗകര്യങ്ങൾ, തിരുവനന്തപുരവും ഇനി മാളിലേക്ക്!

ഈഞ്ചയ്ക്കലിൽ ഏഴ് ഏക്കറിൽ, വമ്പൻ സൗകര്യങ്ങൾ: ഏഴു തിയറ്ററുകളുടെ മൾട്ടി പ്ലക്സ്, 150ൽപരം സ്റ്റോറുകൾ, ഫുഡ് പ്ലാസകൾ..

മാൾ സംസ്കാരത്തിലേക്കു ചുവടുവയ്ക്കാൻ തലസ്ഥാനത്തിന്റെ ഒരുക്കം അവസാനഘട്ടത്തിലേക്ക്. ശൃംഖലയിലെ ആദ്യത്തേതായ മാൾ ഓഫ് ട്രാവൻകൂറിന്റെ ന്യൂജെൻ ഷോപ്പിങ് പുതുമകൾ മാർച്ച് 10 മുതൽ അനുഭവവേദ്യമാകും. മാർച്ച് മൂന്നാം വാരമാണ് ഉദ്ഘാടനമെങ്കിലും 10 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ മാൾ തുറന്നുകൊടുക്കാനാണ് പദ്ധതി. കഴക്കൂട്ടം–കോവളം ബൈപാസിൽ ഈഞ്ചയ്ക്കൽ അനന്തപുരി ആശുപത്രിക്കു സമീപം ഏഴ് ഏക്കർ സ്ഥലത്താണ് മാൾ ഓഫ് ട്രാവൻകൂർ നിലവിൽവരുന്നത്.

ഏഴു തിയറ്ററുകൾ ഉൾപ്പെടുന്ന മൾട്ടി പ്ലക്സ്, ഷോപ്പേഴ്സ് സ്റ്റോപ്പേഴ്സ്, ലൈഫ് സ്റ്റൈൽ തുടങ്ങിയ വമ്പൻ രാജ്യാന്തര ഫാഷൻ ഷോപ്പിങ് സ്റ്റോറുകളു‌ടേത് ഉൾപ്പെടെ ചെറുതും വലുതുമായ 150ൽപരം സ്റ്റോറുകൾ, ഫുഡ് പ്ലാസകൾ തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് ഈ മാൾ. 

മലബാർ ഡവലപ്പേഴ്സിന്റെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണിത്. രാജ്യാന്തരതലത്തിലുള്ളവ ഉൾപ്പടെ 250ലധികം ബ്രാൻഡുകൾ ഒറ്റക്കുടക്കീഴിൽ അണിനിരക്കും. കാർണിവൽ ഗ്രൂപ്പിന്റെ ഏഴു തിയറ്ററുകളിലായി 1324 പേർക്കുള്ള സീറ്റിങ് സൗകര്യമുണ്ടാകും. കുട്ടികളുടെ വിനോദത്തിനു മാത്രമായി 14,383 ചതുരശ്രയടി ഫൺ ഏരിയ (പ്ലെയാസാ) ഒരുക്കിയിട്ടുണ്ട്. കരീന കപ്പൂർ ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങളും വരും മാസങ്ങളിൽ മാളിൽ അതിഥികളായി എത്തും.

മൂൺഹോപ്പ് മുതൽ 9ഡി തിയറ്റർ വരെ

പ്ലെയാസാ എന്നു പേരിട്ടിരിക്കുന്ന ഫൺ ഏരിയയിലെ ഏറ്റവും പ്രധാന ആകർഷണം കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഭീമൻ റൈഡുകളും 9ഡി തിയറ്ററുമാണ്. 7ഡി വരെ സാധാരണമാണെങ്കിലും 9ഡി തിയറ്റുകൾ കേരളത്തിൽ അപൂർവമാണ്. സിനിമയിലെ ദൃശ്യങ്ങൾക്കനുസരിച്ചു സീറ്റ് അനങ്ങും. ഇടയ്ക്കു കുമിളയും പുകയുമൊക്കെ പരക്കും. സ്വാദിഷ്ടമായ ഭക്ഷണം വിഡിയോയിൽ കണ്ടാൽ അതിന്റെ സുഗന്ധം മുറിയാകെ പരക്കും. ഈ രീതിയിലാണു ഡിസൈൻ. 12 പേർക്ക് ഒരു സമയം സിനിമ കാണാൻ അവസരമുണ്ട്. ഇറ്റലി ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത റൈഡുകളാവും പ്ലേ ഏരിയയിൽ ഉള്ളത്. കുട്ടികൾക്കു സുഹൃത്തുക്കളുമൊത്തു പിറന്നാൾ ആഘോഷിക്കാൻ കിടിലൻ പാർട്ടി ഏരിയയുമുണ്ട്. 

ബ്രാൻഡുകൾ ഒരു കുടക്കീഴിൽ

രാജ്യാന്തര–ദേശീയ തലത്തിലുള്ള ഒട്ടേറെ ബ്രാൻഡുകൾ നിലവിൽ മാളിലെത്തിക്കഴിഞ്ഞു. മലബാർ ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ആയ ഹൈമാർട്ട്, ഇഹാം ഡിജിറ്റൽ എന്നിവയുടെ വിപുലമായ ഷോറൂമുകൾ ഇവിടെയുണ്ടാകും. ലൈഫ്സ്റ്റൈൽ, ആപ്പിൾ, മാക്സ്, കല്യാൺ, ചിക്കിങ്, ആരോ, ഹഷ് പപ്പീസ്,  ഈസിബൈ എന്നിവയുടെ സാന്നിധ്യവുമുണ്ട്. ലൈഫ്സ്റ്റൈലിന്റെ ഷോറൂം രാജ്യാന്തര നിലവാരത്തിലുള്ളതാണ്. 

പാർക്കിങ് മൂന്ന് തട്ടിൽ

മൂന്നു തട്ടിലായി 1200 വാഹനങ്ങൾക്കു പാർക്കിങ് സൗകര്യമുണ്ട്. ബേസ്മെന്റ്, മൂന്നാം നില, നാലാം നില എന്നിവിടങ്ങളിലാണു പാർക്കിങ്. ഇതിനു പുറമേ രണ്ടാംഘട്ട വികസനത്തിനായി മാറ്റിയിട്ടിരിക്കുന്ന സ്ഥലവും ഉപയോഗപ്പെടുത്തുമെന്നതിനാൽ പാർക്കിങ് തലവേദനയാകില്ല. ആധുനിക ഇലക്ട്രോണിക് സൗകര്യമുപയോഗിച്ചാണു പാർക്കിങ് ക്രമീകരണം. വാഹനം താഴയെത്തുമ്പോൾ തന്നെ എത്ര കാറുകൾക്കുള്ള ഒഴിവുണ്ടെന്നു കൃത്യമായി താഴെയുള്ള ഗേറ്റിൽ അറിയാൻ കഴിയും. 

മാനാഞ്ചിറ മൈതാനം മുതൽ ചാല മാർക്കറ്റ് വരെ!

മാളിലെ വിവിധ കോണുകൾക്കു കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പേരുകളാണു നൽകിയിരിക്കുന്നത്. ഇതിൽ തമ്പാനൂരും കിഴക്കേക്കോട്ടയും സ്വരാജ് റൗണ്ടുമൊക്കെയുണ്ട്. സ്ഥലങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട പെയിന്റിങ്ങുകളും വിവരങ്ങളും ഇവിടെയുണ്ടാകും. സംസ്ഥാനത്തിന്റെ ഏതു കോണിൽ നിന്നെത്തുന്നവർക്കും അവരുടെ ഇഷ്ടസ്ഥലം കണ്ടെത്താൻ കഴിയും വിധത്തിലാണു രൂപകൽപന. മത്സ്യവും മാംസവും വിൽക്കുന്ന ഭാഗത്തിനു ചാല മാർക്കറ്റ് എന്നായിരിക്കും പേര്. 

പ്രധാന കവാടത്തിനു മുന്നിലായി 50,000 ചതുരശ്രയടിയിൽ ഒരു മിനിപാർക്ക് ഉണ്ടാകും. ഇതിൽ ജൈവ പച്ചക്കറികൾ, പാൽ തുടങ്ങിയവ വിൽക്കുന്ന മുപ്പതിലധികം കിയോസ്കുകൾ ഉണ്ടായിരിക്കും. അത്യാവശ്യമുള്ളവർക്കു മാളിൽ എത്താതെ തന്നെ എളുപ്പത്തിൽ സാധനങ്ങൾ വാങ്ങി മടങ്ങാം. നടുവിൽ ഉയുരുന്ന സ്റ്റേജിൽ എല്ലാ ദിവസം ഒരു സാംസ്കാരിക പരിപാടി എങ്കിലും അരങ്ങേറും. മുൻവശത്ത് പ്രധാനഭിത്തികളിൽ വെർട്ടിക്കൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്. 

താഴെ പഴയ കോട്ടകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കല്ലുകളും പാകിയിട്ടുണ്ട്. മാർച്ച് അവസാനത്തോടെ മാൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും.