മഴയത്ത് കളികാണാം കൊച്ചി മെട്രോയിൽ!

ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും കൊച്ചിമെട്രോയുടെ പുതിയ സ്‌റ്റേഷനുകളിലേക്ക് കടന്നാൽ മനസ്സും കണ്ണുകളും കുളിരുന്ന കാഴ്ചകൾ കൊണ്ട് നിറയുമെന്നുറപ്പ്.

കേരളത്തിന്റെ അഭിമാനപദ്ധതിയാണ് കൊച്ചി മെട്രോ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ പദ്ധതിയുടെ രണ്ടാം ഘട്ട പണികൾ പുരോഗമിക്കുകയാണ്. കൊച്ചി മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെയുളള സ്‌റ്റേഷനുകൾ അവയുടെ തീം അനുസരിച്ചുള്ള ഇന്റീരിയർ ഡിസൈൻ കൊണ്ട് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള സ്‌റ്റേഷനുകൾ അടുത്തിടെയാണ് പ്രവർത്തനം ആരംഭിച്ചത്. പുതിയ സ്‌റ്റേഷനുകളും തീമാറ്റിക് ഇന്റീരിയർ കൊണ്ട് യാത്രക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നവയാണ്.

കലൂർ സ്റ്റേഷനിൽ മഴയാണ് തീം. സ്‌റ്റേഷനിലേക്ക് സ്വാഗതമോതുന്ന ബോർഡിൽ തന്നെ മഴ പെയ്യുന്ന ചിത്രമാണ്. മഴയത്ത് ഫുട്‌ബോൾ കളിക്കുന്ന കുട്ടികൾ, മഴയത്ത് ആൽമരം പെയ്യുന്നത് തുടങ്ങിയ നാടൻ മഴക്കാഴ്ചകൾ ഇവിടെ ഒരുക്കിയിരിക്കുന്നു.

ജവഹർലാൽ നെഹ്‌റു സ്‌റ്റേഷനിലാകട്ടെ അടിമുടി സ്പോർട്സിന്റെ പൊടിപൂരമാണ്. സ്പോർട്സിന്റെ ആവേശം നിറയുംവിധം കടുംവർണങ്ങളാണ് ഭിത്തികളിൽ. പടികൾ ഒരു ചെസ്സ് ബോർഡിന്റെ തീമിലാണ് പെയിന്റ് ചെയ്തത്. ഓരോ പടികളിലും കരുക്കൾ നിറയുന്നു. ക്രിക്കറ്റ്, ഹോക്കി, ചെസ്സ് തുടങ്ങിയവയുടെയെല്ലാം ആവേശം ഇവിടെ നിറയുന്നു. 

വേനൽക്കാലം അടുത്തുവരുമ്പോൾ മഴയുടെ തണുപ്പും കളികളുടെ ഗൃഹാതുരത്വവും പ്രതിഫലിപ്പിക്കുന്ന കാഴ്ചകളാണ് ഇരു സ്‌റ്റേഷനുകളും സമ്മാനിക്കുന്നത്.

മറ്റു സ്‌റ്റേഷനുകളുടെയും ഇന്റീരിയർ ഡിസൈൻ പുരോഗമിക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും സ്‌റ്റേഷനിലേക്ക് കടന്നാൽ മനസ്സും കണ്ണുകളും കുളിരുന്ന കാഴ്ചകൾ കൊണ്ട് നിറയുമെന്നുറപ്പ്.