ലണ്ടനിലെ ഡോർചെസ്റ്റർ ഹോട്ടലുകൾ ലോകത്തിലെ തന്നെ മികച്ച പഞ്ചനക്ഷത്ര ആഡംബര ഹോട്ടലുകളുടെ പട്ടികയിൽ പെടുന്നവയാണ്. തങ്ങളുടെ ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായി ദുബായിൽ നിർമിക്കാൻ പദ്ധതിയിടുന്ന കെട്ടിടങ്ങളുടെ രൂപരേഖ കമ്പനി പുറത്തുവിട്ടു.
എന്നാൽ ലണ്ടനിൽ നിന്നും ദുബായിലേക്കെത്തുമ്പോൾ കെട്ടിടത്തിന്റെ രൂപരേഖയിൽ കാര്യമായ മാറ്റമുണ്ട്. ലണ്ടനിലെ നിർമിതികൾ 1930 ലെ കൊളോണിയൽ ശൈലി പിന്തുടരുമ്പോൾ ദുബായിൽ വിഭാവനം ചെയ്യുന്ന കെട്ടിടങ്ങൾ മോഡേൺ ശൈലിയിൽ സ്റ്റീലും ഗ്ലാസും കൊണ്ടാണ് നിർമിക്കുന്നത്.
ശൈത്യരാജ്യങ്ങളിൽ നിന്നും വരുന്ന അതിഥികൾക്ക് മരുഭൂമിയുടെ കാഴ്ചകളും ചൂടും ആസ്വദിക്കാൻ പാകത്തിന് ഫ്ലോർ ടു സീലിങ് ഗ്ലാസ് ജനാലകളും ബാൽക്കണിയുമൊക്കെ സ്യൂട്ടുകളിൽ വിഭാവനം ചെയ്യുന്നു. ദുബായിയുടെ മനോഹരകാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ കെട്ടിടത്തിന്റെ മുകളിൽ റൂഫ്‌ടോപ് സ്വിമ്മിങ് പൂളും കെട്ടിടം വിഭാവനം ചെയ്യുന്നു.
കോടീശ്വരനായ ബ്രൂണൈ സുൽത്താനാണ് ഡോർചെസ്റ്റർ ഗ്രൂപ്പിന്റെ ഉടമ. 2014 ൽ ബ്രൂണെയിൽ തീവ്ര ഇസ്ലാമിക നിലപാടുകളും ശിക്ഷാവിധികളും നടപ്പിൽ വരുത്തിയതിന്റെ പേരിൽ മനുഷ്യാവകാശ സംഘടനകളുടെ കണ്ണിലെ കരടായി നിൽക്കുമ്പോഴാണ് പുതിയ നിർമാണസംരംഭം ദുബായിൽ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ന് നിർമാണമേഖലയിൽ ലോകത്തിലെ ഏറ്റവും അഭിവൃദ്ധിപ്രാപിക്കുന്ന നഗരമാണ് ദുബായ്. പുതിയ നിർമാണസാങ്കേതികവിദ്യകൾ ആദ്യം ഹാജർ വയ്ക്കുന്നതും ഇവിടെത്തന്നെ. ഈ മാസം അവസാനത്തോടെ പദ്ധതിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വാർത്തകൾ.