779 കോടിയുടെ വമ്പൻ പദ്ധതി വില്പന ആരംഭിക്കുന്നു; ആകാംക്ഷയോടെ പ്രവാസികൾ

അമ്പരപ്പിക്കുന്ന പാര്‍പ്പിടസമുച്ചയങ്ങളുടെ അറേബ്യന്‍ സര്‍പ്രൈസ് നീളുകയാണ്. ഏപ്രിലില്‍ പ്രോപ്പര്‍ട്ടി ഫെസ്റ്റിവെല്‍ ആരംഭിക്കുന്നതോടെ കെട്ടിടനിര്‍മാണ വിപണിയില്‍ വന്‍കുതിപ്പാണ് ദുബായ് നഗരം പ്രതീക്ഷിക്കുന്നത്, അടുത്ത് കിടക്കുന്ന അബുദാബിയും.  ദൃശ്യചാരുതയും സൗകര്യങ്ങളും ഒത്തിണങ്ങിയ കെട്ടിടങ്ങള്‍ പാര്‍പ്പിടാവശ്യത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയും വിപണിയില്‍ എത്തുകയും ചെയ്യുന്നു. ഇതിലെ ഏറ്റവും ഒടുവിലത്തേതാണ് 779 കോടി രൂപയുടെ ഈ വമ്പന്‍ പദ്ധതി. 

അറേബ്യന്‍ ഗള്‍ഫിലെ അതിസുന്ദരമായ റീം ഐലന്‍ഡിലാണ് അള്‍ദാര്‍ പ്രോപ്പര്‍ട്ടീസിന്റെ പുതിയ പദ്ധതി ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം 'റിഫ്‌ളക്ഷന്‍്' എന്ന പദ്ധതിയുടെ പ്രഖ്യാപനം അള്‍ദാര്‍ നടത്തിയതുതന്നെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബൊട്ടീക് റെസിഡന്‍ഷ്യല്‍ ഡെവലപ്‌മെന്റ് പ്രൊജക്‌റ്റെന്നാണ് അള്‍ദാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 

രണ്ട് വന്‍ ടവറുകളിലായി 374 വീടുകളാണ് റിഫ്‌ളക്ഷന്‍ പദ്ധതിയിലുള്ളത്. ഒരു കെട്ടിടത്തില്‍ 182 അപ്പാര്‍ട്ട്‌മെന്റുകളും രണ്ടാം കെട്ടിടത്തില്‍ 192 അപ്പാര്‍ട്ട്‌മെന്റുകളുമാണുണ്ടാകുക. സ്റ്റുഡിയോ, വണ്‍ ബെഡ്‌റൂം, ടൂ ബെഡ്‌റൂം, ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളാണ് ലഭ്യമാകുക. ഏത് രാജ്യക്കാര്‍ക്ക് വേണമെങ്കിലും വീടുകള്‍ വാങ്ങാം. 

അര്‍ബന്‍ ലൈഫ്‌സ്റ്റൈലിന് പുതിയ കയ്യൊപ്പ് ചാര്‍ത്തുന്ന തരത്തിലാകും പദ്ധതിയെന്നാണ് സൂചന. കടലിന്റെയും നഗരത്തിന്റെയും വശ്യത ഒരുപോലെ അനുഭവിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് നിര്‍മാണമെന്ന് അള്‍ദാര്‍ പ്രോപ്പര്‍ട്ടീസ് അവകാശപ്പെടുന്നു. കടലിന് അഭിമുഖമായുളള ബാല്‍ക്കണിയും നഗരത്തിന്റെ സൂപ്പര്‍ വ്യൂവുമെല്ലാം റിഫ്‌ളക്ഷനിന്റെ പ്രത്യേകതയാണ്. 

രണ്ട് ടവറുകളും പരസ്പരം അഭിമുഖമായാണ് നില്‍ക്കുക. അതിനിടയില്‍ പിക്ക്‌നിക്കും ബാര്‍ബെക്ക്യൂ സംവിധാനവും ഔട്ട്‌ഡോര്‍ ഫിറ്റ്‌നെസും എല്ലാം സാധ്യമാക്കുന്ന അര്‍ബന്‍ പാര്‍ക്കും, കഫേകളും കോഫീ ഷോപ്പുകളും മറ്റ് സൗകര്യങ്ങളും ഈ പാര്‍ക്കിലുണ്ടാകും. അഞ്ച് നിലകളാണ് ഓറോ ടവറിലുമുള്ളത്. മാര്‍ച്ച് 31 മുതല്‍ വീടുകളുടെ വില്‍പ്പന ആരംഭിക്കും.