പുത്തൻ വീടുകൾ മനോഹരമായ ചായം പൂശി ആകർഷിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? മഴയത്തും വെയിലത്തും വീടിനെ സംരക്ഷിക്കാൻ പെയിന്റുകളുടെ വൻനിര തന്നെ വിപണിയിൽ ലഭ്യമാണ്. ഇങ്ങനെ പൂശുന്ന ചായത്തിൽനിന്ന് ആ വീടിന് ആവശ്യമായ ഇന്ധനവും കിട്ടിയാലോ? ഐസ്കട്ടയിൽ പെയിന്റടിക്കുന്നതു പോലെയുള്ള വ്യർഥമായ സ്വപ്നമെന്നു തള്ളിക്കളയാൻ വരട്ടെ. സംഗതി നടന്നേക്കും. അതിനുള്ള സാങ്കേതികവിദ്യയും ഏകദേശം റെഡിയാണ്.
ഓസ്ട്രേലിയയിലെ റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പുതിയ സാങ്കേതികവിദ്യയുടെ പിന്നിൽ. സോളർ പെയിന്റ് ഉപയോഗിച്ച് ഏറ്റവും ശുദ്ധമായ ഇന്ധനമായ ഹൈഡ്രജനും അതിൽനിന്ന് വൈദ്യുതോർജവും ലഭ്യമാക്കുന്ന സംവിധാനമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്.
ഫോസിൽ ഇന്ധനങ്ങളുയർത്തുന്ന വിപത്തുകളെക്കുറിച്ച് പതിറ്റാണ്ടുകളായി ചർച്ചകൾ നടക്കുന്നുണ്ട്. ഇവയ്ക്കു പകരം വയ്ക്കാവുന്ന ശുദ്ധമായ ഇന്ധനസ്രോതസുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിലാണ് ഗവേഷകർ ബുദ്ധിമുട്ടു നേരിടുന്നത്.
സൗരോർജ പാനലുകൾ ഉപയോഗിച്ച് വീടുകൾക്ക് ആവശ്യമായ ഊർജം ലഭ്യമാക്കാമെങ്കിലും വികസ്വര, അവികസിത രാജ്യങ്ങളിൽ ഇവയ്ക്ക് വ്യാപകമായ പ്രചാരം ഇനിയും ലഭിച്ചു വരുന്നതേയുള്ളൂ. ഇതിലും കുറഞ്ഞ ചെലവിൽ നടപ്പാക്കാമെന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ പ്രസക്തി.
പെയിന്റുകളിൽ പതിവായി ഉപയോഗിക്കുന്ന ഘടകമാണ് ടൈറ്റാനിയം ഡയോക്സൈഡ്. സൗരോർജം ആഗിരണം ചെയ്യാൻ കഴിവുള്ള രാസപാർഥമാണിത്. എന്നാൽ, സോളർ പെയിന്റിൽ ഇതിനൊപ്പം മറ്റൊരു ഘടകം കൂടി ഗവേഷകർ ചേർത്തു– മോളിബ്ഡിനം സൾഫൈഡ് എന്ന കൃത്രിമ പദാർഥം. ഈ കൃത്രിമ സംയുക്തം അടങ്ങിയ പെയിന്റ് അന്തരീക്ഷത്തിലെ ഈർപ്പത്തെ വലിച്ചെടുക്കും. ഇലക്ട്രോണിക്സ് ഉപകരണങ്ങളെയും മരുന്നുകളെയുമെല്ലാം സിലിക്ക ജെൽ ഈർപ്പത്തിൽനിന്നു സംരക്ഷിക്കുന്നതു പോലയാണ് ഇതിന്റെ പ്രവർത്തനം.
ഇങ്ങനെ ശേഖരിക്കുന്ന ഈർപ്പത്തിലെ ജലകണികകളെ ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കുന്നതാണ് സാങ്കേതികവിദ്യ. ടൈറ്റാനിയം ഓക്സൈഡ് ആഗിരണം ചെയ്ത സൗരോർജം ഉപയോഗിച്ചാണ് വിഘടനം നടത്തുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ഹൈഡ്രജനെ ഇന്ധനസെല്ലുകളിലും വൈദ്യുതി ഉൽപാദിപ്പിക്കാനും വാഹനങ്ങളിലെ എൻജിനുകളിലുമെല്ലാം ഉപയോഗിക്കാം.
സോളർ പാനലുകളിൽനിന്ന് ഉൽപാദിക്കാവുന്നതിന്റെ ചെറിയൊരംശം ഊർജമേ സോളർ പെയിന്റിൽനിന്നു ലഭിക്കുകയുള്ളൂ. എന്നാൽ സോളർ പാനലുകൾ ഘടിപ്പിക്കാൻ പറ്റാത്ത സ്ഥലങ്ങളിലും പെയിന്റ് ഉപയോഗിക്കാം. വീടുകളുടെ ചുമരുകളിൽ മാത്രമല്ല മതിലുകളും ഷെഡുകളിലും തുടങ്ങി സാധ്യമായ ഇടങ്ങളിലൊക്കെ ഈ പെയിന്റു പൂശാം. അന്തരീക്ഷത്തിൽ ഈർപ്പമുണ്ടെങ്കിൽ പെയിന്റിന്റെ പ്രവർത്തനം സുഗമമായി നടക്കും.
ജലകണികകൾ വിഘടിക്കുമ്പോൾ ലഭിക്കുന്ന ഹൈഡ്രജൻ ശേഖരിക്കുന്ന സംവിധാനം പരീക്ഷണഘട്ടത്തിലാണ്. അതു വിജയകരമായാൽ ഏതാനും വർഷങ്ങൾക്കകം സോളർ പെയിന്റ് വ്യാവസായിക അടിസ്ഥാനത്തിൽ വിപണിയിൽ ലഭ്യമാക്കാനാകും എന്നാണ് ഗവേഷക സംഘത്തിന്റെ വിലയിരുത്തൽ.