കൊതിയൂറുന്ന ഭക്ഷണത്തിന്റെ നഗരമാണ് കോഴിക്കോട്. ഭക്ഷണം എന്താണെങ്കിലും അതു വിളമ്പുന്നതും കൊതിപ്പിക്കുന്ന അന്തരീക്ഷത്തിലാകണമെന്നാണ് കോഴിക്കോടൻ പ്രമാണം. അതുകൊണ്ടുതന്നെ നല്ല കിടിലൻ ആർക്കിടെക്ചറുമായി ഒരുപാട് പുതിയ റസ്റ്ററന്റുകൾ കോഴിക്കോട്ടുണ്ട്. തൊണ്ടയാട് ബൈപാസിലുള്ള ‘മസാ ഡൈൻ’ ഈ റസ്റ്ററന്റുകളിൽനിന്നെല്ലാം വ്യത്യസ്തമാകുന്നത് അതൊരു കണ്ടെയ്നർ റസ്റ്ററന്റ് ആയതുകൊണ്ടുകൂടിയാണ്. മൂന്ന് നിലയുള്ള റസ്റ്ററന്റിന്റെ ഏറ്റവും മുകളിലെ നിലയില്‍ ഒരു കണ്ടെയ്നർ അതേപടി കൊണ്ടുവച്ചതാണ് കാഴ്ചക്കാരെ ഏറ്റവുമധികം ആകർഷിക്കുന്നത്.
സാധാരണപോലെ അടിത്തറ നിര്‍മിച്ച് ലോഹതൂണുകൾ ഉറപ്പിച്ചാണ് ചട്ടക്കൂട് നിര്‍മിച്ചത്. കണ്ടെയ്നർ നിർമാണത്തിനുപയോഗിക്കുന്ന ലോഹപാളികളായ ഡക്കിങ് ഷീറ്റുകൊണ്ടാണ് മസായുടെ ഭിത്തികൾ. ജനലുകൾ ഗ്ലാസുകൊണ്ടും. ഓരോ നിലയും ലോഹഷീറ്റ് വിരിച്ച് ഫ്ലോർ ചെയ്തിരിക്കുന്നു. മാറ്റ് ഫിനിഷുള്ള ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ഗോവണിയും ലോഹം കൊണ്ടുള്ളതു തന്നെ. ഗോവണിയുടെ ചവിട്ടുപടിയിൽ പ്ലൈവുഡ് വിരിച്ചു.
കണ്ടെയ്നർകൊണ്ട് റസ്റ്ററന്റ് നിർമിച്ചത് വെറും കൗതുകത്തിനാണോ? മസാ റസ്റ്ററന്റിന്റെ ഉടമസ്ഥരായ ഷംസീർ, ഷമീർ, മിർഷാദ്, റഷ്നാസ് എന്നിവർ ഒരേ സ്വരത്തിൽ ‘അല്ല’ എന്നു പറയുന്നു. പ്രകൃതിസൗഹൃദമായ നിർമാണത്തിൽ താൽപര്യമുള്ളവരാണ് ഈ നാലുപേരും. അതിലുപരി, പണം ചെലവഴിക്കുന്നത് വെറുതെയാകരുതെന്നുള്ള നിർബന്ധ ബുദ്ധിക്കാരും.
“ലീസിനെടുത്ത സ്ഥലമാണിത്. കോൺക്രീറ്റ് കെട്ടിടമാണെങ്കിൽ ഇരുപതു വർഷം കഴിഞ്ഞാൽ പൊളിച്ച് നിരപ്പാക്കണം. പൊളിക്കാൻ പണനഷ്ടം മാത്രമല്ല, കെട്ടിടാവശിഷ്ടങ്ങൾ കൊണ്ടിടാനൊരു സ്ഥലവും അന്വേഷിക്കണം. കണ്ടെയ്നർ ഷീറ്റ് ആകുമ്പോൾ ഭാവിയിൽ വിറ്റ് പണമാക്കാം. പൂർണമായും പുനരുപയോഗിക്കാൻ കഴിയുകയും ചെയ്യും. അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ സ്ഥലം തിരയുകയും വേണ്ട.”
5600 ചതുരശ്രയടിയുള്ള മൂന്നു നില റസ്റ്ററന്റ് താരതമ്യേന കുറഞ്ഞ ചെലവിലാണ് നിർമാണം പൂർത്തിയായത്. താഴത്തെ നിലയിൽ നോൺഎസി റസ്റ്ററന്റ്, ഒന്നാമത്തെ നിലയിൽ എസി റസ്റ്ററന്റ് എന്നിവയാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. രണ്ടാം നിലയിലെ കണ്ടെയ്നറിൽ സലാഡ് ബാറും കോഫിഷോപ്പും ഉടൻ പ്രവർത്തനം ആരംഭിക്കും. അതോടു ചേർന്ന് തുറന്ന ബാൽക്കണിയിലും ആളുകൾക്ക് ഇരുന്ന് സംസാരിക്കാനും ഭക്ഷണം ആസ്വദിക്കാനുമാകും.
ഇലക്ട്രിക്കൽ വർക്കിനുള്ള പൈപ്പുകളെല്ലാം ഷീറ്റിനു പുറത്തു കൂടിയാണ് പോകുന്നത്. ഇതെല്ലാം ആർട്പീസുകൾ ആക്കിമാറ്റിയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 8x4 അടി വലുപ്പമുള്ള ഡെക്കിങ് ഷീറ്റുകളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മേൽക്കൂരയ്ക്കാണെങ്കിൽ യൂറോക്കോണ്‍ ഷീറ്റും. ഇതും ഭാവിയില്‍ വിൽക്കാൻ സാധിക്കും. താഴത്തെ നിലയില്‍ ചെറിയൊരു കണ്ടെയ്നര്‍ ‘തട്ടുകട’ സ്റ്റൈലിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ലോഹപൈപ്പുകൾ യോജിപ്പിച്ചെടുത്ത കാലുകളുള്ള മേശയ്ക്ക് കൂട്ടായ കസേരകൾ ഇറക്കുമതി ചെയ്തവയാണ്. ബാത്റൂമുകളുടെ ഭിത്തികൾ മാത്രം ഫോംബ്രിക് ഉപയോഗിച്ച് നിർമിച്ചു. മനംമയക്കുന്ന അന്തരീക്ഷവും രുചികരമായ ഭക്ഷണവും കൂടിയായപ്പോൾ മസാ പൂർണമായി.