നിർമാണമേഖലയിൽ വൻവിപ്ലവത്തിനാണ് വരും വർഷങ്ങൾ സാക്ഷ്യംവഹിക്കാൻ പോകുന്നത്. ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന ലാഘവത്തിൽ ധാരാളമായി പ്രിന്റ് ചെയ്തെടുക്കാവുന്ന വീടുകൾ യാഥാർഥ്യമാകുകയാണ്.
എപ്പിസ് കോർ എന്ന റഷ്യൻ കമ്പനിയാണ് വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച ആദ്യ 3ഡി പ്രിന്റഡ് പാർപ്പിടത്തിനു പിന്നിൽ. റഷ്യയിലാണ് 400 ചതുരശ്രയടിയുള്ള ഈ വീട്, കേവലം 24 മണിക്കൂറുകൾ കൊണ്ട് 3ഡി പ്രിന്റിങ് സാങ്കേതികവിദ്യയിലൂടെ 'പ്രിന്റ്' ചെയ്തെടുത്തത്.
10000 ഡോളറിനു മുകളിൽ മാത്രമാണ് ചെലവ് വന്നത്.
175 വർഷം നിലനിൽക്കുമെന്ന് കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഒരു മൊബൈൽ കൺസ്ട്രക്ഷൻ 3ഡി പ്രിന്റർ ഉപയോഗിച്ച് വിവിധ ഭാഗങ്ങൾ തത്സമയം പ്രിന്റ് ചെയ്തെടുത്ത് കൂട്ടിച്ചേർക്കുകയായിരുന്നു.
കുറഞ്ഞ ചെലവിൽ, കുറഞ്ഞ മനുഷ്യ അധ്വാനത്തിൽ, വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ വലിയൊരു വീട് പണിതെടുക്കാമെന്നതാണ് ഇതിന്റെ സാധ്യത.
പ്രത്യേകിച്ച് ദരിദ്ര ജനവിഭാഗങ്ങൾക്കും അഭയാർഥികൾക്കുമൊക്കെ ഒരു വീടെന്ന സ്വപ്നം സഫലമാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് നിർമാണവിദഗ്ധർ കണക്കുകൂട്ടുന്നത്.