ചിരട്ട തങ്കമാണ്, തനിതങ്കം!

ചിരട്ടകൊണ്ട് കരകൗശല വസ്തുക്കൾ നിർമിക്കുന്ന ചേർത്തലക്കാരൻ പി.ജെ. പോളിനെ പരിചയപ്പെടാം.

വല്ലഭനു പുല്ലും ആയുധം എന്നു കേട്ടിട്ടില്ലേ? കഴിവുള്ളവരുടെ കാര്യം അങ്ങനെയാണ്. പുല്ലോ കല്ലോ തേങ്ങയോ ചിരട്ടയോ എന്നൊന്നുമില്ല, അവരുടെ കൈ തൊട്ടാൽ അതൊരു കലാരൂപമാണ്. ചിരട്ടയിൽനിന്ന് കരകൗശലവസ്തുക്കൾ നിർമിക്കുന്ന പോളിന്റെ കാര്യമാണ് പറയുന്നത്. ആലപ്പുഴക്കാരനായ പോൾ, ചിരട്ട ഉപയോഗിച്ച് ലാംപ്ഷേഡുകൾ, പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങൾ, നിലവിളക്ക് ഇങ്ങനെ എന്തും നിർമിക്കും. സ്വാതന്ത്ര്യസമര സേനാനിയായ അപ്പനാണ് ചിരട്ട കൊണ്ടുള്ള കരകൗശലവിദ്യ പോളിനെ പഠിപ്പിച്ചത്. സ്വാതന്ത്ര്യ സമരക്കാലത്ത് ജയിലിൽ നിന്നാണ് അപ്പൻ ഈ വിദ്യ പഠിച്ചതെന്ന് പോൾ പറയുന്നു.

വീട്ടാവശ്യത്തിനുപയോഗിക്കുന്ന തേങ്ങയുടെ ചിരട്ടയാണ് കരകൗശലവസ്തുക്കളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. നല്ല ആകൃതിയുള്ള ചിരട്ടയാണെന്നു കണ്ടാൽ അത് രൂപഭംഗി നഷ്ടപ്പെടാത്ത വിധത്തിൽ പൊട്ടിച്ചെടുക്കും. പിന്നീട് സാൻഡ് പേപ്പർ ഇട്ട് ഉരച്ചു ഭംഗിയാക്കി ഹാക്സോബ്ലേഡുകൊണ്ട് മുറിച്ച് ആകൃതിവരുത്തി ഓരോ രൂപങ്ങൾ സൃഷ്ടിക്കുന്നു. വാർണിഷ് അടിച്ച് തിളക്കം കൂട്ടാം.

ലാംപ്ഷേഡുകൾക്കും മേശപ്പുറത്ത് വയ്ക്കുന്ന രൂപങ്ങൾക്കുമെല്ലാം ഡിമാൻഡുണ്ട്. തൂക്കിയിടാവുന്ന ലൈറ്റുകൾ, ഭിത്തിയിൽ വയ്ക്കാവുന്ന ലൈറ്റുകൾ, തറയിൽ വയ്ക്കാവുന്ന പെഡസ്ട്രിയൽ ലാംപുകൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങളുണ്ട്. വില 250 രൂപ മുതൽ തുടങ്ങും.

പ്രകൃതിയോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ്, ഉപയോഗശേഷം മണ്ണിൽ ലയിച്ചു ചേരും, പ്രാദേശികമാണ് തുടങ്ങിയ ഗുണങ്ങൾ ഉള്ളതിനാൽ ചിരട്ട വിഭവങ്ങൾ വാങ്ങാൻ നാട്ടുകാരും ടൂറിസ്റ്റുകളും ഒരുപോലെ താൽപര്യപ്പെടുന്നു. അലീന ഹാൻഡിക്രാഫ്റ്റ്സ് എന്ന സ്ഥാപനത്തിന്റെ വളർച്ച ഇതാണ് കാണിക്കുന്നതെന്ന് പോൾ അഭിപ്രായപ്പെടുന്നു.