Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി സുഖമായി ഉറങ്ങിക്കോളൂ!

room-decor കിടപ്പുമുറി സുന്ദരമാക്കാൻ ചില ചെറിയ കാര്യങ്ങൾ ചെയ്താൽ മതി. സ്വപ്നം കണ്ടുറങ്ങാവുന്ന മുറി ഒരുക്കാനുള്ള വഴികൾ അറിയാം.

പകലൊടുങ്ങിയാൽ അലച്ചിലും ക്ഷീണവും കൽക്കണ്ടം പോലെ അലിയിച്ചുകളയുന്ന, നിലാവ് ഇറങ്ങി വരുന്ന ഒരു മുറി. എല്ലാവർക്കും അവരുടെ കിടപ്പുമുറി പ്രിയപ്പെട്ടതാകും. റൂമിന്റെ വലുപ്പമല്ല, ഉപയോഗക്ഷമതയാണ് പ്രധാനം. വലിയ മുറിയാണെങ്കിലും സ്ഥലം ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ പിന്നെ, പറഞ്ഞിട്ട് കാര്യമില്ല. പുതിയ മുറി പ്ളാൻ ചെയ്യുമ്പോൾ മാത്രമല്ല, പഴയ മുറി റീസെറ്റ് ചെയ്തും മനോഹരമാക്കാം.

സ്വപ്നം കൊണ്ടൊരു കളിവീട് 

∙ പുതിയ വീട് ഡിസൈൻ ചെയ്യുന്ന സമയത്ത് തന്നെ കട്ടിലിന്റെ വലുപ്പവും ഉയരവും തീരുമാനിക്കണം. പിന്നീടുള്ള പൊട്ടിപ്പൊളിക്കലുകൾ ഇതിലൂടെ ഒഴിവാക്കാം. ഒന്നര അടിയാണ് സാധാരണ കട്ടിലിന്റെ ഉയരവും സൈഡ് ടേബിളിന്റെ ഉയരവും യോജിക്കണം. 

interior-corner4

∙ ജനാലകളില്ലാത്ത ഭിത്തിയിൽ ചേർന്ന് കട്ടിലിന്റെ ഹെഡ് ബോർഡ് വരുന്നതാണ് ഉചിതം. കിടന്നുകൊണ്ട് വായിക്കുകയോ ടിവി കാണുകയോ ചെയ്യുന്ന ശീലമുണ്ടെങ്കിൽ ഹെഡ് ബോർഡിൽ സോഫ്റ്റ് കുഷ്യൻ സെറ്റ് ചെയ്യാം. 

∙ ബെഡ്റൂമിൽ ടിവി വയ്ക്കുന്നുണ്ടെങ്കിൽ അത് കട്ടിലിന്റെ എതിർഭാഗത്തുള്ള ഭിത്തിയിൽ ചേർത്താകണം. ആ ഭിത്തിയിലും വാതിലോ ജനലോ ഉണ്ടെങ്കിൽ കണ്ണിലേക്ക് വെളിച്ചം വീഴുന്നത് ബുദ്ധിമുട്ടാകും. 

∙ കട്ടിലിന്റെ ഇരുവശങ്ങളിലുമുള്ള ഭിത്തികളിൽ ജനലുകളുണ്ടെങ്കിൽ ക്രോസ്‌വെന്റിലേഷൻ സാധ്യമായി മുറിയില്‍ സ്വാഭാവിക വായുപ്രവാഹമുണ്ടാകും. ഈ ജനാലയ്ക്കു പുറത്ത് മുല്ല, പിച്ചി പോലുളള ഏതെങ്കിലും ചെടി പടർത്തിയാൽ മുറിയിൽ സുഗന്ധവും ഫ്രഷ്നെസും നിറയും. 

∙ മുറിക്കുള്ളിൽ ഭംഗിക്കൊപ്പം സുഗന്ധവും നിറയ്ക്കാൻ പോട്ട്പൂരികൾ വയ്ക്കാം. ഇടയ്ക്കിടെ ഫ്രാഗ്രന്റ് ഓയിൽ ഇറ്റിച്ചു കൊടുത്താൽ മതി.

മഞ്ഞിൻ പുതപ്പണിയാം

∙ ഉറക്കം നന്നാകണമെങ്കിൽ കട്ടിൽ മാത്രമല്ല കിടക്കയും നന്നാകണം. ഓരോ മുറിയുടെയും സ്വഭാവമനുസരിച്ച് കിടക്ക തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 

room-deco1

∙ കട്ടിലിന്റെ ഉയരം നോക്കി മെത്ത വാങ്ങണം. ഉയരം കൂടിയ കട്ടിലിൽ കനമുള്ള മെത്തയിട്ടാൽ പിന്നെയും ഉയരം കൂടും. 

∙ സോഫ്റ്റായ മെത്തയല്ല, മറിച്ച് നടുവിനും പുറംഭാഗത്തിനും നല്ല സപ്പോർട്ട് തരുന്ന മെത്തയാണ് വാങ്ങേണ്ടത്. പഞ്ഞി, കയർ, സ്പ്രിങ്ങ് മാട്രസ് എന്നിങ്ങനെ പലതരം മെത്തകളുണ്ട്. 

∙ പഴകിയ മെത്ത മാറാൻ മടിക്കരുത്. ഗുണനിലവാരമുള്ള മെത്ത 8–10 വർഷം വരെ ഉപയോഗിക്കാം. ലൈറ്റിങ്ങ് വ്യത്യസ്തമാക്കാം. 

∙ ടിവി കാണാനും വായിക്കാനും കുട്ടികൾക്ക് പഠിക്കാനുമെല്ലാം ബെഡ്റൂമിൽ സൗകര്യങ്ങളൊരുക്കാം. ഓരോ മൂഡിനും അനുസരിച്ച് വ്യത്യസ്ത മൂഡ് ലൈറ്റിങ് ചെയ്യുന്നതാണ് പുതിയ ട്രെൻഡ്. 

∙ ടിവി കാണുന്ന സമയത്തോ റിലാക്സിങ് മൂഡിലോ ഡിമ്മേഴ്സ് ഉപയോഗിച്ച് ലൈറ്റിന്റെ തീവ്രത കുറയ്ക്കാം. ഇതിനായി പ്രത്യേക ലൈറ്റ് പിടിപ്പിക്കുകയോ ഉള്ള ലൈറ്റിനു തന്നെ റെഗുലേറ്റർ ഫിറ്റ് ചെയ്യുകയോ ചെയ്യാം. 

∙ ഫാൾസ് സീലിങ് ഉണ്ടെങ്കിൽ ലൈറ്റിന്റെ അറേഞ്ച്മെന്റ് വ്യത്യസ്തമാക്കാം. എയർ കണ്ടീഷനിങ്ങിന്റെ വോള്യം കുറയാനും ഫാൾസ് സീലിങ് സഹായിക്കും. 

∙ കുട്ടികളുടെ റൂമിൽ കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കാത്ത ലൈറ്റിങ് ആകണം. വായിക്കാനുള്ള ടേബിളിൽ പുസ്തകത്തിലേക്ക് നിഴലുകളില്ലാത്ത ലൈറ്റ് വീഴണം. 

∙ കിടന്നുകൊണ്ട് വായിക്കുന്ന ശീലമുണ്ടെങ്കിൽ ഹെഡ് ബോർഡിന്റെ ഇരുവശത്തും റീഡിങ് ലാംപ് ഘടിപ്പിക്കാം. 

കിനാവു കാണുന്ന നിറങ്ങൾ 

∙ മുറിയുടെ മൂഡ് തീരുമാനിക്കുന്നതിൽ നിറങ്ങൾക്കും പങ്കുണ്ട്. ചുവരുകൾ, സീലിങ്, ഫ്ലോറിങ് എന്നിവയുടെ നിറം പരസ്പരം ചേരണം. എങ്കിലേ മുറിക്ക് ഭംഗി കൂടൂ. 

∙ നീല– പച്ച കോമ്പിനേഷൻ നിറങ്ങൾക്ക് പ്രാമുഖ്യം നൽകുകയോ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്യുകയോ ആകാം. കട്ടിലിന്റെ ഹെഡ് ബോർഡ് വരുന്ന ഭിത്തി വാൾപേപ്പർ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്താൽ മുറിയുടെ ആകെ ഫീൽ മാറും. 

bedroom

∙ പ്രായമായവർക്കുള്ള മുറിയിൽ ബ്രൈറ്റ് ലൈറ്റ് കിട്ടുന്ന തരത്തിൽ പെയിന്റ് ചെയ്യുന്നതാണ് നല്ലത്. വെളിച്ചം പ്രതിഫലിപ്പിക്കുന്ന വെള്ള, ഓഫ് വൈറ്റ് നിറങ്ങളാണ് ഉചിതം. 

∙ കുട്ടികളുടെ മുറിയിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെയോ മറ്റോ ചിത്രങ്ങളും വരയ്ക്കാം. ഈ മുറിയിൽ പല നിറങ്ങളിലുള്ള പെയിന്റിൽ കൈ മുക്കി പതിപ്പിച്ച് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്യാം. കാൻവാസിലോ കർട്ടനിലോ ഇങ്ങനെ ചെയ്താലും മതി. കുട്ടിയെ കൊണ്ടുതന്നെ ഇത് ചെയ്യിച്ചാൽ മുറിയോടുള്ള ഇഷ്ടം കൂടും.

∙ ഡ്രസിങ് ടേബിളിന് പല അറകൾ നൽകാം. ചീപ്പ്, സ്ലൈഡ്, പിൻ, പൊട്ട്, മാല തുടങ്ങിയവ പ്രത്യേകം സൂക്ഷിക്കാം.

∙ കുട്ടികളുടെ മുഷിഞ്ഞ തുണികൾ ഇടാൻ മുറിയിൽ അടപ്പുള്ള തരം ഫണ്ണി ബാസ്കറ്റുകൾ വയ്ക്കാം.

വർക്ക് സ്പെയ്സ് 

∙ ഓഫിസ് ജോലികൾ ചെയ്തു തീർക്കാൻ മുറിയിലൊരുവർക്ക് സ്പെയ്സ് സെറ്റ് ചെയ്യുന്നവർ കുറവല്ല. ഒരു മൂലയിലായി വർക്കിങ് ടേബിൾ ഇടുന്നതാണ് നല്ലത്. നേരേ മുന്നിലല്ലാതെ ഒരു വശത്ത് ജനാല വരുന്നതാണ് നല്ലത്.

∙ വർക്ക് സ്പെയ്സിൽ കംപ്യൂട്ടർ വയ്ക്കണമെങ്കിൽ നേരത്തേ തന്നെ പ്ളഗ് പോയിന്റ്, ലൈറ്റ് പോയിന്റ് എന്നിവ പ്ലാൻ ചെയ്യണം. 

∙ വർക്കിങ് ടേബിളിന് മുകളിലായി ചെറിയൊരു ഷെൽഫ് സെറ്റ് ചെയ്താൽ പ്രിയപ്പെട്ട കുറച്ചു പുസ്തകങ്ങൾ വയ്ക്കാം. രാത്രി വായിക്കുന്ന ശീലമുള്ളവർക്ക് ഇത് പ്രയോജനപ്പെടും.

സോഫ്റ്റ് ഫർണിഷിങ് 

∙ മുറിയുടെ നിറം, കട്ടിലിന്റെ ഹെഡ്ബോർഡിന്റെ നിറം എന്നിവ അനുസരിച്ചാകണം കർട്ടൻ തിരഞ്ഞെടുക്കാൻ. 

∙ റൂമിന്റെ മൊത്തത്തിലുള്ള ഫീലിന് യോജിച്ച നിറത്തിലുള്ള കർട്ടൻ തന്നെ തിരഞ്ഞെടുക്കണം. കുട്ടികളുടെ കുറുമ്പിന് വാം നിറങ്ങളും ദമ്പതിമാരുടെ സ്വകാര്യതയ്ക്ക് റൊമാന്റിക് നിറങ്ങളും വേണമെന്ന് പറയേതില്ലല്ലോ. 

∙ നിറം മാത്രമല്ല, പ്രിന്റും പാറ്റേണും ഇതിനെ സ്വാധീനിക്കും. കൂൾ നിറത്തിനൊപ്പം വലുപ്പം കൂടിയ പ്രിന്റുകൾ യോജിക്കില്ല. കുട്ടികളുടെ മുറിയിൽ ഫണ്ണി, കാർട്ടൂൺ പ്രിന്റുകളാണ് വേണ്ടത്. 

bedroom

∙ ബെഡ്ഷീറ്റിനും കർട്ടനും യോജിക്കുന്ന നിറത്തിലുള്ള ചവിട്ടി കട്ടിലിനു കീഴിലിടാൻ മറക്കേണ്ട. 

∙ മുറിയിലേക്ക് കടക്കുന്ന വെളിച്ചം ക്രമീകരിക്കാൻ കർട്ടനോ ബ്ളൈൻഡോ ഉപയോഗിക്കാം. മുറിക്കുള്ളിൽ പ്രസന്നമായ അന്തരീക്ഷം ഒരുക്കാൻ ഇത് സഹായിക്കും. 

വിവരങ്ങൾക്ക് കടപ്പാട്- സോണിയ ലിജേഷ്, 

ഡിസൈനർ, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര,തൃശൂർ