ഒരുദിവസത്തിന്റെ മുഴുവൻ ക്ഷീണവും തീർക്കുന്ന സ്ഥലമാണ് കിടപ്പുമുറികൾ. നന്നായി ഉറങ്ങി ഊർജസ്വലമായി എഴുന്നേൽക്കണമെങ്കിൽ കിടപ്പുമുറികൾ ആകർഷകമാകണം. കിടപ്പുമുറികൾ കവിതകളാകുന്ന ചില വീടുകളുണ്ട്. ഇതാ, സുന്ദരവും ഉപയുക്തവുമായ ചില കിടപ്പുമുറികൾ.
പ്രകൃതി ചുവക്കുമ്പോൾ
പ്രകൃതിയെ കണികണ്ടുണരുന്ന ഏതു ദിനവും സുന്ദരമായിരിക്കും. കറുപ്പ് – വെളുപ്പ് തീമിലുള്ള വില്ലയുടെ, പ്രധാന കിടപ്പുമുറിക്ക് ചാരനിറവും വെള്ളയുമാണ് നൽകിയിരിക്കുന്നത്. ഫർണിഷിങ്ങിലൂടെയും ഇന്റീരിയർ ആക്സസറികളിലൂടെയും ചുവപ്പുനിറം പകർന്നപ്പോൾ അത് കിടപ്പുമുറിയുടെത്തന്നെ നിറമായി മാറി. മുറിയോടു ചേർന്ന് ഒരു ബാൽക്കണിയുമുണ്ട്. ബാൽക്കണിയിലേക്കുള്ള ഗ്ലാസ് വാതിൽ അടച്ചാലും കാഴ്ചകൾ അവസാനിക്കുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ലാമിനേറ്റഡ് വുഡൻ ഫ്ലോറിങ്ങും കറുത്ത ക്രിസ്റ്റൽ ഷാൻഡ്‌ലിയറും മുറിയുടെ കന്റെംപ്രറി ശൈലിക്ക് മാറ്റേകുന്നു.
Designer:
എം. സാവിയോ
സാവിയോ & രൂപ ഇന്റീരിയർ
കൺസെപ്റ്റ്സ്, ബെംഗളൂരു
savioandrupa@gmail.com
കലയാണ്, കാര്യവും
തലമുറകളായി കൈമാറി വന്ന ഈ കട്ടിലിന് ഓർമകളുടെ നേർത്ത സുഗന്ധമുണ്ട്. ഉറക്കം എന്ന ആശയം ആസ്പദമാക്കിയ പെയിന്റിങ്ങാണ് ഈ കിടപ്പുമുറിയിൽ ആദ്യം ശ്രദ്ധയിൽപ്പെടുക. വീട്ടുകാരുടെ സന്തോഷകരമായ ഓർമകളെല്ലാം ഫോട്ടോകളായി ചുവരിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
വിവിധോദ്ദേശ്യപരമായ എഴുത്തുമേശയാണ് ഒരു മൂലയിൽ. മേശയുടെ മുകൾഭാഗം ഉയർത്തിയാല്‍ മാത്രം അകത്തെ കണ്ണാടിയും സ്റ്റോറേജും ശ്രദ്ധയിൽപ്പെടും. മറ്റൊരു മൂലയിലുള്ള ചെസ്റ്റർ, സാധനങ്ങള്‍ സൂക്ഷിക്കാൻ മാത്രമല്ല, മുറിക്ക് അലങ്കാരം കൂടിയാണ്. ഇതെല്ലാം കൂടാതെ, വസ്ത്രങ്ങൾ സൂക്ഷിക്കാൻ സീലിങ് വരെയെത്തുന്ന കബോർഡുകൾ ഭിത്തിയുടെ മറുവശത്തുണ്ട്. അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ താഴെയും, എപ്പോഴും ആവശ്യം വരാത്ത വസ്ത്രങ്ങൾ കബോർഡിന്റെ മുകളിലുമായി ക്രമീകരിച്ചിരിക്കുന്നു. ജനാലകളെ അൽപം പുറത്തേക്കു തള്ളിയപ്പോള്‍ അവിടെ ഇരുന്നു വായിക്കാനുള്ള ഇടമായി.
Architect:
കരോലൈൻ സേവ്യർ
സോൾസ്കേപ്, കൊച്ചി
caroline.soulspace@gmail.com
തുടരും...