സമകാലികശൈലിയുടെ വരവോടെയാണ് വീടിനുളളിൽ ഗ്ലാസിന്റെ ഉപയോഗം കൂടിയത്. ജനാലയിലും മുഖം നോക്കുന്ന കണ്ണാടിയിലും മാത്രമായി ഒതുങ്ങിയിരുന്ന ചില്ല് ചുവരിലും തറയിലും എന്തിന് സീലിങ്ങിൽ വരെ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. ഇന്ന് ഏത് അളവിലും ആകൃതിയിലും നിറത്തിലും ഗ്ലാസ് ലഭിക്കും. ഏതു രൂപത്തിലും ഗ്ലാസിനെ മാറ്റിയെടുക്കാനുളള സാങ്കേതിക വിദ്യ ലഭ്യമാണ്. ഉറപ്പിന്റെയും ബലത്തിന്റെയും കാര്യത്തിലും ഗ്ലാസ് ഒട്ടും പിന്നിലല്ല.
വീടിന്റെ ശൈലി ഏതുമാകട്ടെ ഇന്റീരിയർ ഭംഗിയാക്കണമെങ്കില്‍ ഗ്ലാസിന്റെ സഹായമില്ലാതെ വയ്യ എന്ന നിലയിലേക്കെത്തിയിട്ടുണ്ട് കാര്യങ്ങൾ. മുറികൾക്കു വലുപ്പം തോന്നിക്കും, വീടിനുളളില്‍ കൂടുതൽ വെളിച്ചം ലഭിക്കുന്നു. കണ്ണിനിമ്പമുളള കാഴ്ചകള്‍ മറച്ചു വയ്ക്കുന്നില്ല, ഇന്റീരിയറിന് ആധുനിക പരിവേഷം തുടങ്ങി ഗ്ലാസ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ പലതാണ്. അനുയോജ്യമായ ഗ്ലാസ് തിരഞ്ഞെടുക്കുന്നതിലൂടെ വീടിനുളളിലെ വെളിച്ചം, ചൂട്, ശബ്ദം എന്നിവ നിയന്ത്രിക്കാം.
ജനാലകൾ: ഗ്ലാസിന്റെ പ്രധാന ഉപയോഗം ജനലുകളിലാണ്. അലങ്കാരപ്പണികളൊന്നുമില്ലാതെ വെറുതെ ഗ്ലാസ് ഇടാൻ മാത്രമാണെങ്കിൽ പിൻഹെഡ് ഗ്ലാസ്(വില: നാല് എംഎം കനമുളളതിന് ചതുരശ്രയടിക്ക് 20–30 രൂപ) ആണ് ജനലുകൾക്ക് ഉപയോഗിക്കുന്നത്. ബിവെലിങ്, എച്ചിങ്, ഫ്രോസ്റ്റിങ് പോലെയുളള അലങ്കാരപ്പണികൾ ചെയ്യണമെങ്കിൽ ക്ലിയർ ഗ്ലാസ്(വില: നാല് എംഎം കനമുളളതിന് ചതുരശ്രയടിക്ക് 40 രൂപ) ആണ് ഉപയോഗിക്കുന്നത്.
വാതിലുകൾ, ചുവരുകൾ: വാതിലുകളിലേക്കും ഗ്ലാസ് ചേക്കേറിയിട്ടുണ്ട്. അടുക്കള, ബാത്റൂം തുടങ്ങിയവയുടെ വാതിലുകളിലാണ് ഗ്ലാസ് കൂടുതലായി കണ്ടുവരുന്നത്. ഗ്ലാസിൽ പലവിധ അലങ്കാരപ്പണികൾ ചെയ്ത് മനോഹരമാക്കിയാണ് വാതിലുകൾ ഡിസൈൻ ചെയ്യുന്നത്. കാഴ്ച പൂർണമായോ ഭാഗികമായോ മറയ്ക്കുന്ന രീതിയിൽ ഇഷ്ടാനുസരണം ഡിസൈൻ തിരഞ്ഞെടുക്കാം.
പാഷ്യോ വീടിന്റെ ഒഴിച്ചു കൂടാനാകാത്ത ഘടകമായതോടെ ഗ്ലാസ് കൊണ്ടുളള സ്ലൈഡിങ് വാതിലുകളും ഇന്റീരിയറിന്റെ ഭാഗമായി. കാരണം, പ്രകൃതിഭംഗി വീടിനുളളിലിരുന്ന് ആസ്വദിക്കണമെങ്കിൽ ചില്ലിനെ കൂട്ടുപിടിക്കുകയല്ലാതെ മറ്റു മാർഗമില്ലല്ലോ. അകത്തെയോ പുറത്തേയോ ഒരു ചുവരു തന്നെ ഗ്ലാസ് കൊണ്ടു പണിയുന്നതും ഇപ്പോൾ പുതുമയല്ലാതായി.
കോളം വാർത്ത് അവ തമ്മിൽ ഗ്ലാസ് കൊണ്ട് യോജിപ്പിച്ചാണ് ഭിത്തി കെട്ടുന്നത്. കോൺക്രീറ്റ് ഭിത്തിക്ക് എട്ട്–ഒൻപത് ഇഞ്ച് കനം വരുമ്പോൾ അതിന്റെ സ്ഥാനത്ത് ഗ്ലാസ് ചുവരിന് കഷ്ടിച്ച് ഒന്നര ഇഞ്ച് കനമേ വരുന്നുളളൂ. അത്രയും സ്ഥലം ലാഭം. പുറത്തേക്കുളള വാതിലുകൾക്കും ചുവരുകള്‍ക്കും ബലമുളള ടഫൻഡ് ഗ്ലാസ് ഉപയോഗിക്കാറുണ്ട്. ക്ലിയർ ഗ്ലാസിനെ ചൂടും തണുപ്പും കടത്തിവിട്ട് ബലപ്പെടുത്തിയെടുക്കുന്നതാണ് ടഫൻഡ് ഗ്ലാസ്. 12 എംഎം കനമുളളതാണ് സാധാരണയായി ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ചതുരശ്രയടിക്ക് 250 രൂപ മുതലാണ് വില.
ഇത് കൂടാതെ, കൂടുതൽ ബലമുളള ലാമിനേറ്റഡ് ഗ്ലാസുമുണ്ട്. ഇത് പൊടിയുകയേയുളളൂ, ചീളുകളായി ചിതറി അപകടമുണ്ടാകുകയില്ല. ടഫൻഡ് ഗ്ലാസ് ഉരുക്കി മൂന്നു പാളികളായാണ് നിർമിക്കുന്നത്. ചതുരശ്രയടിക്ക് 1,000 രൂപ മുതൽ വിലയുണ്ട്.
ഇഷ്ടനിറങ്ങൾ ലാമിനേറ്റ് ചെയ്ത ഗ്ലാസ് പാളികൾ ഭിത്തിയിൽ ഒട്ടിക്കുന്നത് ട്രെൻഡാണ്. എന്നാൽ ഇപ്പോൾ ഇഷ്ടമുളള ഡിസൈൻ ഗ്ലാസിന്റെ പിൻഭാഗത്ത് പ്രിന്റ് ചെയ്ത് ഒട്ടിക്കുകയും ചെയ്യാം. ഫോട്ടോയോ ഇഷ്ടമുളള ഡിസൈനോ ഒക്കെ ഇങ്ങനെ ചെയ്തെടുക്കാം. ഡിജിറ്റൽ പ്രിന്റിങ് (ചതുരശ്രയടിക്ക് 250 രൂപ മുതൽ) ഗ്ലാസ് അലങ്കാരത്തിലെ വിപ്ലവമാണെന്നു പറയാം.
ഗ്ലാസ് പാളിയുടെ പുറത്ത് ഗ്ലാസ് കക്ഷണങ്ങൾ ഉരുക്കിച്ചേർക്കുന്ന ഫ്യൂഷൻ എംപോസിങ്ങുമുണ്ട്. ഇതും ഭിത്തിക്കു പകരമായി ഉപയോഗിക്കാം. രണ്ട് ഗ്ലാസ് കഷണങ്ങള്‍ക്കിടയിൽ ഫാബ്രിക് വച്ച് സാൻഡ്‍വിച്ച് ലാമിനേഷൻ(ചതുരശ്രയടിക്ക് 550 രൂപ) നടത്തിയും ഭിത്തി അലങ്കരിക്കാം.
തറയിലും ഗ്ലാസ്: വീടിനുളളിൽ ചെറിയ ജലാശയങ്ങളും പെബിൾ കൊർട്ടുമൊക്കെ നൽകി അവയ്ക്കു മുകളിൽ ചില്ലിട്ട് അതിലൂടെ നടക്കാനുളള സൗകര്യവുമൊരുക്കുന്നതു പതിവാണ്. ഗോവണിപ്പടികളിലും ഗ്ലാസ് സാന്നിധ്യമറിയിച്ചു തുടങ്ങി. തറയിൽ 12 എംഎം കനമുളള ടഫൻഡ് ഗ്ലാസ് ആണ് ഇടുന്നത്.
പാർട്ടീഷൻ: ഒാപൻ പ്ലാനുകളായതോടെ മുറികളെ തമ്മിൽ തിരിക്കാനുളള പാർട്ടീഷന് ആവശ്യക്കാരേറി. പാര്‍ട്ടീഷനിലാണ് ഗ്ലാസിന്റെ ഇന്ദ്രജാലം പ്രകടമാകുന്നത്. സ്റ്റെയിൻഡ് ഗ്ലാസ്, ബിവെലിങ്, എച്ചിങ് പ്രിന്റിങ് തുടങ്ങി ക്ലിയർഗ്ലാസിലെ എല്ലാവിധ അലങ്കാരപ്പണികളും പാർട്ടീഷന് മാറ്റുകൂട്ടുന്നു.
റെയ്‍ലിങ്: ഗ്ലാസ് മുഖം കാണിക്കുന്ന മറ്റൊരിടമാണ് സ്റ്റെയർകെയ്സ്. ഗോവണി, ബാൽക്കണി എന്നിവയുടെ റെയ്‍ലിങ്ങിന് കുറഞ്ഞത് എട്ട് എംഎം ഗ്ലാസ് ആണ് ഉപയോഗിക്കുക. ഇതിലും ഇഷ്ടമുളള ഡിസൈനുകൾ നൽകാം.
മേൽക്കൂര, സീലിങ്: മുറിയിലിരുന്നാല്‍ ആകാശം കാണാനായി മേൽക്കൂരയിലും ടഫൻഡ് ഗ്ലാസ് ഇടാറുണ്ട്. സൂര്യപ്രകാശം വീട്ടിലെത്തിക്കുമെന്ന മെച്ചവുമുണ്ട്. സീലിങ്ങിൽ നിറപ്പകിട്ടുളള, പല ഡിസൈനുകളിലുളള ഗ്ലാസ് ഇടുന്നതിനും ആരാധകർ ഏറെയുണ്ട്. മുറിക്കാകെ മായികഭാവം കൈവരുത്താൻ ഇതു സഹായിക്കും.
അടുക്കള: അടുക്കളയിലെ ഗ്ലാസ് വാതിലുകള്‍ നൽകുന്നത് ട്രെൻഡാണ്. എംഡി എഫിലോ പ്ലൈവുഡിലോ ഗ്ലാസ് പ്രസ് ചെയ്താണ് കാബിനറ്റുകൾ നിർമിക്കുന്നത്. പ്ലാനിലാക് ഗ്ലാസ്, ലാക്കർ ഗ്ലാസ്(നാല് എംഎം കനമുളളതിന് ചതുരശ്രയടിക്ക് 275 രൂപ) എന്നൊക്കെയറിയപ്പെടുന്ന നിറം നൽകിയ ഗ്ലാസ് ആണ് ഇതിനുപയോഗിക്കുന്നത്. ഏതു നിറത്തിലും കിട്ടും.
അലുമിനിയം ഫ്രെയിമിൽ ഗ്ലാസ് പിടിപ്പിക്കുന്ന പ്രൊഫൈൽ രീതിയുണ്ട്. കാബിനറ്റിന്റെ വാതിലുകൾക്ക്് മറ്റു മെറ്റീരിയലുകളൊടൊപ്പം പ്ലെയിൻ ഗ്ലാസ് ഉപയോഗിക്കുന്നത് സാധാരണമാണ്. ഇതിനു ചെലവു കുറവാണ്. അലങ്കാരപ്പണികൾ ചെയ്തു ഭംഗിയാക്കാം. കാബിനറ്റിനുളളിലെ പാർട്ടീഷനും ഗ്ലാസ് ഉപയോഗിക്കാറുണ്ട്. അധികം ഭാരം കൂടിയ വസ്തുക്കൾ വയ്ക്കാനില്ലാത്ത ഒാവർഹെഡ് കാബിനറ്റുകളിലാണ് ഇവ അനുയോജ്യം. കൗണ്ടർടോപ്പിനു പിറകിലെ ചുവരിൽ ബാക്സ്പ്ലാഷ് ആയും ഗ്ലാസ് പതിപ്പിക്കാറുണ്ട്.
കിടപ്പുമുറി: ബെഡ്റൂമിലെ വാഡ്രോബുകളുടെ വാതിലിലും ഹെഡ്ബോർഡിലും ലാക്കർ ഗ്ലാസ് ഉപയോഗിക്കുന്നത് ട്രെൻഡ് ആണ്.
ഫർണിച്ചർ: ഫർണിച്ചറിലും ഗ്ലാസിന്റെ കടന്നുകയറ്റം കാണാം. പ്രധാനമായും ടേബിൾ ടോപ്, ടീപോയ് എന്നീ റോളുകളിലാണ് ഗ്ലാസ് ഫർണിച്ചർ അവതരിപ്പിക്കുന്നത്. ചൂരൽ, മെറ്റൽ, തടി തുടിങ്ങിയ നിർമാണസാമഗ്രികളുടെ കൂടെയെല്ലാം ഗ്ലാസ് ചേരുമെന്നതും മേന്മയാണ്. വൃത്തിയാക്കാനും എളുപ്പമാണ്.
ബാത്റൂം: ബാത്റുമിലെ ഷവർ ക്യുബിക്കിൾ, പാർട്ടീഷൻ എന്നിവയും ഗ്ലാസ് ആധിപത്യം സ്ഥാപിച്ച ഇടങ്ങളാണ്. 12 എംഎം ടഫൻഡ് ഗ്ലാസ് ആണ് ഉപയോഗിക്കുന്നത്. സ്ഥലം ലാഭിക്കാം, സോപ്പുവെള്ളം വീണാലും വൃത്തിയാക്കാൻ എളുപ്പം എന്നിവയാണ് ബാത്റൂമിൽ ഗ്ലാസിനെ പ്രിയപ്പെട്ടതാക്കുന്നത്.
കണ്ണാടി: മുഖം നോക്കുന്ന കണ്ണാടിയുെട (ആറ് എംഎം കനമുളളതിന് ചതചുരശ്രയടിക്ക് 85 രൂപ)ബോർഡറില്‍ മിനുക്കുപണികൾ നടത്തിയാണ് മിഴിവേകുന്നത്. വാഷ്ഏരിയ, ഫോയർ, ബാത്റൂം എന്നിവിടങ്ങളിലാണ് ഇതിന്റെ സ്‌ഥാനം.
മെയിന്റനൻസ് ഏറ്റവും കുറവുമതിയെന്നതാണ് ഗ്ലാസിനെ താരമാക്കുന്നത്. വൃത്തിയാക്കാനുമെളുപ്പം, കറ പിടിക്കില്ല, തുരുമ്പെടുക്കില്ല, ചിതൽ ശല്യമില്ല, ഈർപ്പം പിടിക്കില്ല എന്നിവയെല്ലാം ഗ്ലാസിന് ആരാധകമനസ്സില്‍ ചിരപ്രതിഷ്ഠയേകുന്നു
ബിവെലിങ്
ഗ്ലാസ് ചരിച്ചു പോളിഷ് ചെയ്യുന്നതാണ് ബിവെലിങ്. ഫ്രെയിമിലേക്കു പിടിപ്പിക്കുന്നിടത്ത് ഗ്ലാസിന്റെ കനം അല്പം കുറച്ച് ത്രിമാന ഇഫക്ട് നല്‍കുന്നു. റണ്ണിങ് ഫീറ്റിലാണ് ചെലവ് നിശ്ചയിക്കുന്നത്. ഒരു അടിക്ക് 30 രൂപ ചെലവുവരും.
ട്രെഡീഷനൽ സ്റ്റെയിനിങ്
പല നിറത്തിലുളള കളർഗ്ലാസുകൾ ചേർത്തുവച്ച് ഇഷ്ട ഡിസൈൻ സൃഷ്ടിക്കുന്നതിനാണ് സ്റ്റെയിനിങ് എന്നു പറയുന്നത്. ചതുരശ്രയടിക്ക് 1000 രൂപ മുതൽ ചെലവുവരും.
എച്ചിങ്
ആസിഡ് ഉപയോഗിച്ച് ട്രീറ്റ് ചെയ്താണ് എച്ചിങ് സൃഷ്ടിക്കുന്നത്. കണ്ണാടി അൽപം കുഴിച്ചു ചെയ്യുന്ന മൾട്ടിലെയർ എച്ചിങ്, ഡീപ് എച്ചിങ് എന്നിങ്ങനെ പലവിധമുണ്ട്. ചതുരശ്രയടിക്ക് 40 രൂപ മുതലാണ് ചെലവ്.
ഫ്രോസ്റ്റിങ്
ഗ്ലാസിൽ മൂടൽമഞ്ഞ് പിടിച്ചതുപോലൊരു പ്രതീതി ഉളവാക്കുന്നതാണ് ഫ്രോസ്റ്റിങ്. ചതുരശ്രയടിക്ക് 20 രൂപയാണ് ചെലവ്.
ക്ലസ്റ്റർ വർക്
ഗ്ലാസ് പാളിയിൽനിന്ന് ചെറിയ ഡിസൈൻ മുറിച്ചെടുത്ത് അവ മറ്റൊരു ഗ്ലാസ് പാളിയിൽ ഒട്ടിച്ചെടുക്കുന്നതാണ് ക്ലസ്റ്റര്‍ വർക്. ഡിസൈൻ അനുസരിച്ചാണ് ചെലവ് നിശ്ചയിക്കുന്നത്.
വിവരങ്ങള്‍ക്കു കടപ്പാട്:
അഡോൺ ഗ്ലാസ് ആർട്, പാമ്പാടി, കോട്ടയം
സിയോൺ ഗ്ലാസ്, കാക്കനാട്, കൊച്ചി
അംജദ് ഉമ്മർ, ഇന്നൊവേറ്റേഴ്സ്. ഇന്റീരിയർ ഡിസൈനർ, കൊച്ചി
Read more on Interior Design Glass Materials