ഹൗസ്‌വാമിങ്ങിന്റെയന്ന് എടുത്തു വച്ചതാ മൂലയിലൊരു ഫ്ലവർവേസ്. ഇടയ്ക്കൊന്ന് പൊടി തട്ടി വീണ്ടും അവിടെ തന്നെ വയ്ക്കും. ‘അല്ലാതിപ്പോ ഈ മൂലയിലൊക്കെ എന്തു ചെയ്യാനാ’ എന്നു ചോദിക്കുന്നവരാണ് മിക്കവരും. പൊന്നും വില കൊടുത്തു ഭൂമി വാങ്ങിയിട്ട് വെറും അലങ്കാരങ്ങൾക്കായി ഇങ്ങനെ സ്ഥലം പാഴാക്കണോ? മൂലകൾ പോലും പ്രയോജനപ്പെടുത്തുന്ന സ്മാർട് ഹോം ആക്കൂ നിങ്ങളുടെ വീടും.
സന്തോഷം നിറയും ഫോയർ കോർണർ
∙അതിഥികളെ ആദ്യം സ്വീകരിക്കുന്ന ആധുനിക വീടുകളിലെ ഇടമാണ് ഫോയറുകൾ. വീട്ടിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ തന്നെ ഉള്ളിൽ സന്തോഷം നിറയ്ക്കും വിധം സുന്ദരമായിരിക്കണം ഇവിടം. കാഴ്ച ആദ്യം പതിയുന്ന ഫോയർ കോ ർണറിൽ തട്ടുകളുള്ള ഷെൽഫ് വച്ച് ക്യൂരിയോസ് നിരത്താം. അതല്ലെങ്കിൽ നീളൻ അക്വേറിയം തീർക്കാം.
∙ പുറത്തു പോകുമ്പോഴും തിരികെയെത്തുമ്പോഴും അത്യാവശ്യം വേണ്ട സാധനങ്ങൾ അടുക്കിവയ്ക്കാൻ ഫോയറിന്റെ മൂലകളിൽ ഷെൽഫ് സെറ്റ് ചെയ്യാം. കുട, ചെരുപ്പ്, താക്കോൽ, ബാഗ് എന്നിവ അന്വേഷിച്ചുനടക്കുന്ന ബുദ്ധിമുട്ടും ഇനി വേണ്ട.
∙ ഓപ്പൺ ഷെൽഫുകളോ കൊളുത്തുകളോ ആണ് ഇവയ്ക്കായി പിടിപ്പിക്കുന്നതെങ്കിൽ അവ കതകിനു പിന്നിലാകുന്നതാണ് നല്ലത്. അതിഥികളുടെ കണ്ണിൽ പെട്ടെന്നു പതിയാതെ മറഞ്ഞിരിക്കുന്നതിനാണ് ഇത്.
∙ ഫോയറിന് ഒന്നോ രണ്ടോ മൂലകളേ സാധാരണയായി ഉണ്ടാകൂ. ഈ മൂലകളെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനുള്ള വഴിയാണ് സ്റ്റോറേജ് സീറ്റ്. ഉള്ളില‍്‍ ഷൂ റാക്കും ഇരുന്ന് ഷൂ കെട്ടാൻ ഒരു സീറ്റും. കുട്ടികൾക്കും കയറിയിരിക്കാവുന്ന ഉയരത്തിൽ വേണം ഈ ഇരിപ്പിടം സെറ്റ് ചെയ്യാൻ.
∙ വലുപ്പമുള്ള ഫോയറാണെങ്കിൽ രണ്ടു ഭിത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റോറേജ് ബെഞ്ച് പണിയാം. പത്രങ്ങളും മാസികകളും വയ്ക്കാനുള്ള സ്റ്റോറേജാക്കി ഇവിടം മാറ്റാം.
∙ മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ട് മറന്നുപോകുന്നവർക്കു കോർണർ സ്പേസിൽ ചാർജിങ് സ്റ്റേഷൻ തീർക്കാം. രാവിലത്തെ തിരക്കിനിടയിൽ മറന്നുപോയേക്കാവുന്ന കാര്യങ്ങൾ തലേന്നെ ഇവിടെ സ്റ്റിക്കി നോട്ടാക്കി പതിപ്പിക്കാം.
∙ അധികം ചെലവില്ലാതെ സ്ഥലം ഉപയോഗിക്കാനുള്ള വഴിയാണ് വയർ ബാസ്കറ്റോ സ്റ്റാൻഡോ വയ്ക്കുന്നത്. നനഞ്ഞ കുടയും മറ്റും ഇതിൽ വയ്ക്കാം. ഇതിനു നേരെ മുകളിലായി താക്കോലിനായി കൊളുത്തുകൾ പിടിപ്പിക്കാം.
∙ പുറത്തേക്കിറങ്ങുമ്പോൾ പ്രാർഥിക്കുന്ന ശീലമുള്ളവർക്ക് വാതിലിനോടു ചേർന്ന മൂലയിൽ ഇഷ്ടദൈവത്തിന്റെ ചിത്രമോ രൂപമോ വയ്ക്കാം....
ഇഷ്ടങ്ങൾ ചേർത്ത് ലിവിങ് റൂം
∙ കുടുംബാംഗങ്ങളും അതിഥികളും ഏറ്റവുമധികം സമയം ചെലവഴിക്കുന്ന സ്ഥലം ലിവിങ് ഏരിയയാണ്. ലിവിങ് റൂമിനെ ലവിങ് റൂമാക്കാൻ ഒരു സ്വകാര്യ ഇടം ഒരുക്കാം. ഇരിപ്പിടവും നിങ്ങളുടെ ഇഷ്ടങ്ങളും ചേർത്തിണക്കി ഒരു കോർണർ അൽപം മാറ്റിയെടുത്താൽ മതി. ഇരിപ്പിടത്തിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കാൻ കഴിയുന്ന തരത്തിലുള്ള സ്റ്റൂളുണ്ടെങ്കിൽ കാലൊന്നു നീട്ടിവച്ച് ചാരിയിരിക്കാനും സൗകര്യമായി.
∙ ടിവിയുടെ സ്ഥാനം മൂലയിലേക്കു മാറ്റാം. അപ്പോൾ ഒരു ഭിത്തി പൂർണമായി ഒഴിഞ്ഞുകിട്ടും. ഇവിടെ ഇന്റീരിയറിനു ജീവൻ പകരും വിധം ചിത്രമോ വാൾ സ്റ്റിക്കറോ പതിപ്പിക്കാം.
∙ ഒരു കസേര, സൈഡ് ടേബിൾ, പുസ്തകങ്ങള്‍ സൂക്ഷിക്കാനൊരു റാക്ക്, റീഡിങ് ലാംപ്. ഇത്രയുമായാൽ ലിവിങ് റൂം കോർണർ ഒരു ലൈവ് റീഡിങ് കോർണർ ആക്കാം. ബുക്കുകള്‍ അടുക്കുന്ന കോർണർ ഷെൽഫിൽ പുൾ ഔട്ട് അല്ലെങ്കിൽ ഫോൾഡബിള്‍ റീഡിങ് ടേബിൾ കൂടി ഉണ്ടെങ്കിൽ സ്ഥലവും ലാഭം.
∙ വീട്ടിൽ അതിഥികളെത്തുമ്പോൾ സ്ത്രീകൾക്ക് സംസാരിച്ചിരിക്കാൻ ഒരിടമായി ഇന്റിമേറ്റ് സ്പേസ് നിർമിക്കാം. ലിവിങ് റൂമിന്റെ മൂലയിൽ തന്നെ ടീപ്പോയും രണ്ട് ചെയറും സെറ്റ് ചെയ്താൽ ധാരാളമായി. അതിഥികൾ ഇല്ലാത്തപ്പോൾ ചെസ് പോലുള്ള ബോർഡ് ഗെയിമുകൾക്കും ഈ സ്പേസ് ഉപയോഗിക്കാം.
∙ ചെറിയ സ്വീകരണമുറിയിലെ സ്ഥലപരിമിതി മറികടക്കാൻ എൽ ഷേപ്ഡ് സോഫകൾ വാങ്ങി കോർണറുകളിലേക്കു ചേർത്തിടാം.
∙ ലിവിങ് റൂമിലാണ് ടെലിഫോണെങ്കിൽ അതിഥികൾക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ അത് വയ്ക്കണം. ഒരു മൂലയിലായി ഫോൺ ഡയറക്ടറി, സ്ക്രിബ്ലിങ് നോട്ട്, അത്യാവശ്യ ബില്ലുകൾ എന്നിവ വയ്ക്കാവുന്ന കുഞ്ഞൻ ഷെൽഫ് പിടിപ്പിച്ച് അതിന്റെ മുകളിൽ ഫോൺ വയ്ക്കാം.
സ്റ്റോറേജിന് ഡൈനിങ് റൂം കോർണർ
∙ ഡൈനിങ് റൂമിന്റെ മൂലകൾക്ക് ഏറെ അനുയോജ്യം ക്രോക്കറി സ്റ്റാൻഡാണെന്നതിൽ സംശയമില്ല. ഗോവണി ചാരിവച്ചിരിക്കുന്നതു പോലെയോ മറ്റോ ഷെൽഫ് പണിത് കോൺട്രാസ്റ്റ് നിറത്തിലുള്ള ക്രോക്കറി വച്ചാൽ ഭംഗി കൂടും. ഷെൽഫിന് വേറിട്ട ഡിസൈനുകൾ പരീക്ഷിക്കാവുന്ന ഇടമാണ് ഡൈനിങ് സ്പേസ് കോർണർ.
∙ അടുക്കളയിൽ സ്റ്റോറേജിനുള്ള സൗകര്യം കുറവാണെങ്കിൽ ഡൈനിങ് റൂമിൽ സ്റ്റോറേജ് ഒരുക്കാം. ഒന്നോ രണ്ടോ മൂലകളിൽ സ്റ്റോറേജ് കാബിനറ്റ് പണിത പ്ലേറ്റുകൾ, ഗ്ലാസുകൾ, അച്ചാറുകള്‍, പെപ്പർ–സോൾട്ട്, ജാമുകൾ എന്നിവയെല്ലാം വയ്ക്കാം. ടേബിൾ ക്ലോത്തിനും ടേബിൾ മാറ്റിനുമെല്ലാം ഈ കാബിനറ്റുകളിൽ ഇടം കണ്ടെത്താം.
∙ ഡൈനിങ് ഏരിയയുടെ ഭാഗമായി ടിവി വയ്ക്കണമെന്നുണ്ടെങ്കിൽ കോർണറിൽ ഇതിനായി സ്റ്റാൻഡ് വയ്ക്കാം. എതിർ ദിശയിലെ കോർണർ ഉൾപ്പെടുന്ന വിധം സിറ്റിങ്ങും ഒരുക്കാം.
∙ വാഷ് ഏരിയയ്ക്കും മൂലകൾ മതി. വാഷ് ബേസിൻ മാത്രം വയ്ക്കാതെ കണ്ണാടിയും ലാംപ് ഷേഡും ടവ്വൽ റോഡുമൊക്കെ നൽകി ഇവിടം അല്പം ഗ്രാൻഡ് ആക്കിക്കോളൂ.
∙ കുടുംബാംഗങ്ങളുടെ എണ്ണം കണക്കിലെടുത്ത് ഊണുമേശ വാങ്ങിയാൽ അതിഥികൾ വരുമ്പോൾ ഇടം മതിയാകാതെ വരും. രണ്ടു കസേര അധികം വാങ്ങിയിട്ടാൽ ഈ പ്രശ്നം പരിഹരിക്കാം. ആവശ്യമില്ലാത്ത സമയത്ത് ഇവ കോർണർ സ്പേസിലേക്ക് ഒതുക്കിയിടാം.
∙ ബാർകൗണ്ടറുകൾ സെറ്റ് ചെയ്യാനാഗ്രഹിക്കുന്നവർക്ക് യോജിച്ച ഇടവും മൂലകളാണ്. പുൾ ഔട്ട് ഷെൽഫിൽ ഗ്ലാസ്സുകൾ വയ്ക്കാം.
അടുക്കള: പലതുണ്ട് കാര്യം
∙ എത്രയുണ്ടെങ്കിലും സ്ഥലം തികയാത്ത ഇടമാണ് അടുക്കള. അതുകൊണ്ടുതന്നെ ഒാരോ മൂലയും പ്രയോജനപ്പെടും വിധമാണ് ഡിസൈനർമാർ അടുക്കള ഒരുക്കുക.
∙ അപ്പപ്പോൾ ചുട്ടെടുക്കുന്ന ദോശ അടുക്കളയിലിരുന്ന് കഴിക്കുന്നതിന് പ്രത്യേക സ്വാദാണ്. ഇതിനായി മൂലയിൽ ബ്രേക്ക്ഫാസ്റ്റ് ടേബിളും രണ്ട് ചെയറും നല‍്‍കാം. പാചകത്തിനിടെ അമ്മയ്ക്ക് കുട്ടിയെ പഠിപ്പിക്കാനുള്ള ഇടമായും ഇതുപയോഗിക്കാം.
∙ കാബിനറ്റുകളിലെ കോർണർ പുള്ളൗട്ട് ഷെൽഫിൽ പാത്രങ്ങളും മസാലപ്പൊടികളുമൊക്കെ ഒതുക്കി വയ്ക്കാം.
∙ വീട്ടിലെത്തിയാലും ജോലി തീരാത്തവർക്ക് കോർണറിൽ ഓഫിസ് സ്പേസ് കണ്ടെത്താം. കൗണ്ടർടോപ്പിൽ തന്നെ പാർട്ടീഷന്‍ നൽകി ലാപ്ടോപ്പും ഫയലുകളും പെൻസ്റ്റാൻഡും വയ്ക്കാം. സിങ്കിനോടു ചേർന്നുള്ള വെറ്റ് കോർണർ തിരഞ്ഞെടുക്കരുതെന്നു മാത്രം.
ബെഡ്റൂം കോർണർ
∙ സ്ഥലം കുറവുള്ള മുറികളിൽ ഒരു മൂലയിലായി കട്ടിലിടാം. കോർണർ പങ്കിടുന്ന രണ്ടു ഭിത്തിയിലും ഹെഡ്ബോർഡുകൾ നൽകിയാൽ മുറിയുടെ ലുക്ക് മാറും.
∙ മുതിര്‍ന്നവർക്ക് ഓഫിസ് സ്പേസും കുട്ടികൾക്ക് സ്റ്റഡി ഏരിയയും ബെഡ്റൂമിന്റെ മൂലയിൽ ഒരുക്കാം. ടേബിളിനു മുകളിലായി ലൈറ്റ് പോയിന്റുകളും നൽകുക.
∙കുട്ടികളുടെ മുറിയിൽ പ്ലേ ഏരിയ ഒരുക്കാനാഗ്രഹിക്കുന്നവർ കോർണർ തിരഞ്ഞെടുത്തോളൂ. ചിത്രകല താത്പര്യമുള്ള കുട്ടിക്കായി വരയ്ക്കാനും മായ്ച്ചുകളയാനും കഴിയുന്ന വൈറ്റ് ബോർഡുകളും ഭിത്തിയിൽ നൽകാം.
∙ ഡ്രസ്സിങ് റൂമിന് ഇടമില്ലാത്ത മുറികളിൽ ഒരു കോർണർ ടേബിളിട്ട് കണ്ണാടി വച്ചാൽ അതിനു സൗകര്യമായി.
നിറയട്ടെ, മനസ്സിൽ സുഗന്ധം
∙ സ്റ്റൈലൻ ഇന്റീരിയറും അതിനൊത്ത ലൈറ്റിങ്ങുമൊക്കെയായി വീട്ടിലെ തിളങ്ങും താരമാണ് ബാത്റൂം. അതുകൊണ്ടുതന്നെ ഒരു മൂല പോലും പാഴാക്കാനില്ല.
∙ സുഗന്ധം പരത്തുന്ന മെഴുകുതിരികളും ഫ്രഷ് പൂക്കളും ബാത്റൂമിന്റെ അന്തരീക്ഷം ഹൃദ്യമാക്കും. അതിഥികളെത്തുമ്പോൾ ഗസ്റ്റ് റൂമിലെ ബാത്റൂം കോർണറിൽ ഈ വിദ്യ പരീക്ഷിക്കാം.
∙ നാലു മൂലകളുള്ള ഒറ്റ മുറിയല്ല ഇന്ന് ബാത്റൂം. വെറ്റ് ഏരിയ, ഡ്രൈ ഏരിയ എന്നിങ്ങനെ പാർട്ടീഷനുകൾ വഴി ഒാരോ ഭാഗത്തും ഒന്നിലേറെ കോർണറുകൾ ഇന്നു ബാത്റൂമുകളിലുണ്ട്.
∙ ഓരോ ഭാഗത്തുവേണ്ട സാധനങ്ങൾ കോർണർ ഷെൽഫുകളുണ്ടാക്കി അടുക്കാം. സോപ്പ്, ഷാംപൂ എന്നിവയും ബാത്ടവ്വലും അണ്ടർഗാർമെന്റ്സുമെല്ലാം ഇവിടെ വയ്ക്കാം.
∙ കോർണറുകളിൽ പിടിപ്പിക്കാൻ കഴിയുന്ന വാഷ് ബേസിൻ, ക്ലോസറ്റ്, ബാത്ടബ്ബ് എന്നിവ വാങ്ങിയാൽ സ്ഥലം ലാഭിക്കാം.
∙ കോമൺ ബാത്റൂമുകളുടെ മൂലയിൽ തട്ടുകളായുള്ള സ്ലാൻഡിങ് സ്റ്റാൻഡ് സ്ഥാപിച്ച് എല്ലാവരുടെയും ടവ്വലുകൾ തൂക്കിയിടാം.
വിവരങ്ങൾക്ക് കടപ്പാട് :
ലിജു പോൾ,
ഇന്റീരിയർ ഡിസൈൻ വിഭാഗം മേധാവി, വിമലാ കോളജ് എക്സ്റ്റൻഷൻ സെന്റർ, തൃശൂർ