മാറ്റത്തിന്റെ മുറി തുറന്ന് ഹോട്ടലുകൾ

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കുവേണ്ടി ഒട്ടേറെ സൗകര്യങ്ങൾ നൽകുക എന്നതാണു പുത്തൻ രീതികളിലൊന്ന്

ഹോട്ടലുകൾ തന്ത്രങ്ങൾ മാറ്റിപ്പിടിക്കുകയാണ്. വീട്ടിലെ രുചി, വനിതകൾക്കു പ്രത്യേക പരിഗണന, സ്ഥലം വാങ്ങാതെയും സ്വന്തമായി കെട്ടിടം പണിയാതെയും ശൃംഖലയുടെ വിപുലീകരണം, സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം എന്നിവയാണു പുത്തൻ തന്ത്രങ്ങളിൽ പ്രധാനം. വൻ ഗ്രൂപ്പുകൾപോലും ഇവ പ്രയോഗിച്ചു മുന്നേറാനുള്ള ശ്രമത്തിലാണ്. കേരളത്തിലെ ഹോട്ടലുകളിലുമുണ്ട് മാറ്റത്തിന്റെ സ്വാധീനം.

വീട്ടിലെ രുചി

നക്ഷത്ര ഹോട്ടൽ ആയാൽ അവിടത്തെ ഭക്ഷണശാലകളിലെ മെനു വീട്ടിൽ കിട്ടാത്തതാവണം എന്നു ചിന്തിച്ചിരുന്ന കാലം മാറി. മത്തിക്കറിയും മത്തിപൊരിച്ചതും താരപദവിയുള്ള ഭക്ഷണശാലകളിലും വിളമ്പിത്തുടങ്ങി. കോണ്ടിനെന്റൽ, ചൈനീസ്, ജാപ്പനീസ് എന്നിവയൊക്കെ കിട്ടുന്ന ഹോട്ടലുകളിലും വീട്ടുരുചിക്കു ഡിമാൻഡ് ഏറിയതോടെ മെനുവിൽ സ്ഥിരം സാന്നിധ്യമാകുകയാണ് നാടൻ വിഭവങ്ങൾ. കപ്പയും മീനും നക്ഷത്ര ഹോട്ടലുകളിൽ കയറിപ്പറ്റിയിട്ടു നാളുകുറച്ചായി. പക്ഷേ ചേമ്പുകൂട്ടാൻ, നാടൻ ചെമ്മീൻ ചാറുകറി, മത്തിപ്പീര, വാഴക്കൂമ്പ് തോരൻ തുടങ്ങിയ ഇനങ്ങളും ഹിറ്റാവുകയാണ്.

പ്രാതൽ പാത്രത്തിലാക്കി ‘പാർസൽ’ നൽകുന്ന രീതിക്കും പ്രചാരമേറുന്നു. ചില ഹോട്ടലുകളിൽ നിശ്ചിത ഇനം വിഭവങ്ങൾ മാത്രമാണു പാർസൽ ആക്കുന്നതെങ്കിൽ ചിലർ പ്രാതൽ മെനുവിലുള്ള എന്തുഭക്ഷണവും പൊതിഞ്ഞുകൊടുക്കും.

വനിതകൾക്കു പ്രത്യേക പരിഗണന

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കുവേണ്ടി ഒട്ടേറെ സൗകര്യങ്ങൾ നൽകുക എന്നതാണു പുത്തൻ രീതികളിലൊന്ന്. ചെറു ഗ്രൂപ്പുകളായി യാത്ര ചെയ്യുന്ന സ്ത്രീകൾക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. ഹോട്ടലിലെ ഒരുനില ‘ലേഡീസ് ഓൺലി’ ആക്കുക എന്നതാണു പ്രധാനപ്പെട്ട മാറ്റം. അതു പലപ്പോഴും ഒന്നാംനിലയിൽ ആയിരിക്കും. ഹോട്ടൽ റിസപ്ഷനും ലോബിയും തൊട്ടടുത്താവണം, ലിഫ്റ്റിൽ ഏറ്റവും കുറച്ചുസമയം എന്നതൊക്കെയാണു തത്വങ്ങൾ. 

എന്താണു ലേഡീസ് ഓൺലിയുടെ പ്രത്യേകതകൾ? ഡോർ ബെല്ലിനു പകരം വിഡിയോഫോൺ ആയിരിക്കും. പുറത്തുനിന്നു വാതിലിൽ തട്ടുന്നയാളെ സ്ക്രീനിൽ കാണുകയും കാര്യം തിരക്കുകയും ചെയ്യാം. ഹോട്ടൽ ശൃംഖലയായ ബെർഗ്രൂവെൻ ഹോട്ടൽസിന്റെ സിഇഒ അൻഷു സരിൻ പറയുന്നു: ‘‘ഞങ്ങളുടെ ഹോട്ടലുകളിൽ സ്ത്രീകൾക്കു മാത്രമായി ഒരുനില സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കു മാത്രമുള്ള മുറികൾ മറ്റു നിലകളിലെ മുറികളുടേതുപോലെതന്നെ. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുപോലെ. എന്നാൽ വിഡിയോഫോൺ എന്ന സംവിധാനം സ്ത്രീകളുടെ മുറികൾക്കുമാത്രമാണ്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകൾക്ക് കതകിൽ തട്ടുന്നയാളോടു വാതിൽ തുറക്കാതെ സംസാരിക്കാൻ കഴിയുന്നതു വലിയ സൗകര്യമാണ്. ബെർഗ്രൂവെൻ ഹോട്ടൽസിന്റെ ‘കീസ്’ ഹോട്ടലുകളിൽ വനിതാ ജീവനക്കാരാണ് അത്തരം മുറികളിൽ സർവീസ് നടത്തുന്നത്. കീസ് ഹോട്ടലുകളിലെ ലേഡീസ് ഓൺലി മുറികളിൽ താമസിക്കുന്നവർക്കു നേരിട്ടു ജനറൽ മാനേജരുമായി സംസാരിക്കാനും പ്രശ്നങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്താനും ആവശ്യങ്ങൾ ഉന്നയിക്കാനും സംവിധാനമുണ്ട്. വനിതാ അതിഥികൾ ഹോട്ടലിൽ എത്തുമ്പോൾ സ്വീകരിക്കാൻ ജിഎം ഉണ്ടായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തേവരയിലെ കീസ് ഹോട്ടൽ തുറന്നപ്പോൾ മുതൽ ഈ സംവിധാനമുണ്ട്.’’

സുരക്ഷയൊരുക്കുന്നതുപോലെ പ്രധാനമാണ് സുഖപ്രദമായ താമസം നൽകുന്നതും. വനിതകൾക്കു മാത്രമുള്ള മുറികളിൽ സൗന്ദര്യവർധക സാമഗ്രികൾ ഉൾപ്പെടുന്ന കിറ്റ് കൂടി ഹോട്ടലുകൾ നൽകാറുണ്ട്. 

സ്ഥലവും കെട്ടിടവും സ്വന്തമാക്കാതെ ബിസിനസ്

സമയവും പണവും വിഭവശേഷിയും നിക്ഷേപിച്ചു ഹോട്ടൽ സംരംഭം തുടങ്ങുക എന്നതിന്റെ മറ്റൊരു വശമാണിപ്പോൾ തെളിഞ്ഞുവരുന്നത്. സ്ഥലവും കെട്ടിടവും കരാർ വ്യവസ്ഥയിൽ കൈവശംവച്ചു ഹോട്ടൽ നടത്തിപ്പു വിജയകരമാക്കുക എന്ന തന്ത്രം ഇടത്തരം ഹോട്ടലുകളിലും വ്യാപകമാവുകയാണ്. വളർച്ചയ്ക്ക് ഏറെ പ്രയോജനകരമാണ് ഈ സമീപനമെന്ന് അൻഷു സരിൻ പറയുന്നു. സ്ഥലം വാങ്ങുക, കെട്ടിടത്തിന് ആവശ്യമായ അനുമതികൾ നേടിയെടുക്കുക തുടങ്ങിയ നൂലാമാലകളിൽ സമയം നഷ്ടമാകുന്നത് ഒഴിവാക്കാം.

സാങ്കേതികവിദ്യ

ഇൻസ്റ്റന്റ് കുക്കിങ് പ്രചാരത്തിലാക്കിയ നൂഡിൽസ് പെട്ടിക്കടയിലും ലഭ്യമാകുന്നു എന്നമട്ടിലുള്ള മാറ്റമാണ് സാങ്കേതികവിദ്യ ഹോട്ടൽ രംഗത്തുണ്ടാക്കിയ മാറ്റങ്ങളിലൊന്ന്. ഒരു ടൂർ ഓപ്പറേറ്ററെയും സമീപിക്കാതെ നേരിട്ടു ഹോട്ടൽ ബുക്കിങ് ആവാമെന്ന സ്ഥിതിയായി. ഊർജസ്വലമായ ഓൺലൈൻ സേവനമുള്ള ഹോട്ടലുകൾക്ക് കൂടുതൽ അതിഥികളെ ആകർഷിക്കാൻ കഴിയുന്നു. വെറുതെ ഒരു വെബ്സൈറ്റ് തുറന്നിട്ടിരിക്കുകയല്ല. അതു സന്ദർശിക്കുന്നവരെ അങ്ങോട്ടു ബന്ധപ്പെട്ട് ബിസിനസ് പിടിക്കുകയാണ്. ബ്രാൻഡ് ആഴത്തിൽ ഉറപ്പിക്കാനും ഇതുവഴി സാധിക്കും. പുതിയ പല മേഖലകളിലേക്കും ഹോട്ടലുകൾ സാങ്കേതികവിദ്യയുടെ ചുമലിലേറി മുന്നേറുന്നു.