വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലെ നാഗരംകുന്ന്, ഇവിടുത്തെ കാറ്റിനുപോലും കാപ്പിയുടെ മണമാണ്...വിജിലിന്റെയും ആശയുടെയും മകൾ പൗർണിമയുടെയും ഗ്രീൻസ് എന്ന ട്രീഹൗസ് അഥവാ മരവീട് കാണാൻ ഇപ്പോൾ സന്ദർശകരുടെ പ്രവാഹമാണ്. പ്രകൃതിയിലലിഞ്ഞു ഈ മഴക്കാലത്തെ കുളിരുകോരുന്ന തണുപ്പ് ആസ്വദിച്ചു ഇവിടെ ഒരുദിവസമെങ്കിലും താമസിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്.
ആ ട്രീവീടിന്റെ ഉള്ളിലേക്കൊരു യാത്രക്കുള്ള പുറപ്പാടിലാണ് നാമിപ്പോൾ.... !
പറവൂർകാരനായ വിജിൽ പ്രകൃതിയെ അറിഞ്ഞുള്ള യാത്രകൾ തുടങ്ങിയിട്ട് കാലങ്ങളായി..സുൽത്താൻ ബത്തേരിയിലെ ഡന്റൽ ഡോക്ടർ ആശയെ വിവാഹം ചെയ്ത് വിജിൽ വയനാടിനെ തന്റെ രണ്ടാം വീടാക്കി മാറ്റുകയായിരുന്നു. തുടർന്നു ഒരേക്കറോളം വരുന്ന കാപ്പി തോട്ടത്തിൽ പരിസ്ഥിസൗഹൃദമായി ഒരു ഗൃഹനിർമ്മാണം നടത്തി, ഇതിൽ രണ്ടു കിടപ്പുമുറികൾ മാത്രം. അതിന്റെ വിശേഷങ്ങൾ ഇവിടെ വായിക്കാം.
നാട്ടിൽനിന്നും വരുന്ന ബന്ധുമിത്രാദികളെ താമസിപ്പിക്കാൻ ഒരു മുറികൂടി ആവശ്യമായിവന്നു, അതിൽ നിന്നും ഉൽഭവിച്ചതാണ് ഈ ട്രീഹൗസ് എന്നുപറയാം.
നാട്ടിൽ നിന്നും വരുന്ന സുഹൃത്തുക്കളും ബന്ധുക്കളും വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനാണ് വരുന്നത്, അവരെ കോൺക്രീറ്റ് മുറിക്കുള്ളിൽ അടച്ചിടാതെ പ്രകൃതി സൗന്ദര്യം ആസ്വദിപ്പിച്ചുകൊണ്ട് ഒരു ദിവസം താമസിപ്പിക്കണമെന്നു തോന്നി. ആ നല്ല ഉദ്ദേശത്തിന്റെ പരിസമാപ്തിയാണ് ഈ മരവീട്. വിജിൽ പറയുന്നു.
പിന്നീട് പറമ്പിലെ മരങ്ങൾ നോക്കി നടക്കുകയായിരുന്നു, ഉറപ്പുള്ള നാലുമരങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ആദ്യ ദൗത്യം, ഒരുപാട് പഠനം നടത്തേണ്ടി വന്നു, പ്രവൃത്തി പരിചയം ഉള്ള ആളുകളുടെ അഭാവം ഉണ്ടായിരുന്നു, ഇത്തരം നിർമ്മാണം നടത്തിയ ഒരാളെ കണ്ടെത്തി അദ്ദേഹത്തെ കൊണ്ടു മോഡൽ ഉണ്ടാക്കിയെടുത്തു, പിന്നീട് പ്രദേശത്തെ സാധാരണ ആശാരിമാരെകൊണ്ടു നിർമ്മാണം നടത്തുകയായിരുന്നു.

നാലുമരങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്, രണ്ടു വെൺതേക്കും ഒരു പ്ലാവും ഒരു കാറ്റാടിയും, കൂടാതെ വളരെ പഴക്കം ചെന്ന കുറെയേറെ കവുങ്ങുകൾ ഇതോടൊപ്പം താങ്ങായി നൽകി. പതിനാറു അടി സമചതുരത്തിൽ തീർത്ത ഈ മരവീട്ടിൽ ടോയ്‌ലറ്റ് സൗകര്യത്തോടു കൂടിയുള്ള കിടപ്പുമുറിയും, ബാൽക്കണിയും ഉണ്ട്. ഇരുപത്തിമൂന്നു അടി ഉയരത്തിൽ നിർമ്മിച്ച ഈ വീട്ടിൽ നിന്നും നോക്കിയാൽ ദൂരെയുള്ള ബന്ദിപ്പൂർ മലകൾ വരെ കാണാൻ സാധിക്കും.

ഉദ്ദേശിച്ചതിലും കൂടുതൽ തടി ആവശ്യമായി വന്നത് നിർമ്മാണത്തിൽ കാലതാമസമുണ്ടാക്കി, പരമ്പരാഗത രീതിയിൽ ആയിരുന്നു നിർമ്മാണം, തടി മുറിച്ചിട്ടതുപോലും വാവ് ദിനം നോക്കിയാണ്. ഡീസലും കശുവണ്ടിക്കറയും ഉപയോഗിച്ചാണ് മരം നശിക്കാതിരിക്കാനുള്ള ട്രീറ്റ്മെന്റ് ചെയ്തത്. ഡീസലിൽ ഉപ്പിട്ട് അലിയിച്ചെടുക്കുകയായിരുന്നു. ഇരുന്നൂറു ലിറ്ററോളം ഡീസൽ ആവശ്യമായി വന്നു.

മുഴുവൻ തടിയിൽ തന്നെ തീർക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ഉള്ള മരത്തിലുള്ള നിർമ്മാണം ആയതുകൊണ്ട് തന്നെ കൃത്യമായി പ്ലാൻ വരച്ചു നിർമ്മിക്കാൻ പ്രയാസം ഉണ്ടായിരുന്നു. പണി നടക്കുന്നതിനനുസരിച്ചു വേണ്ട മാറ്റങ്ങൾ വരുത്തി. പാർട്ടിഷൻ എല്ലാം പനമ്പ്കൊണ്ടു പൊതിഞ്ഞെടുക്കുകയായിരുന്നു. ഇതിനു കുത്തു വീഴാതിരിക്കാൻ ടെച്ച് വുഡ് അടിച്ചു. ജനലുകൾ എല്ലാം പുൾചെയ്‌തു ചങ്ങലയിൽ ഉയർത്തിവെക്കുന്ന രീതിയിലാണ്.

കാപ്പിയുടെ തടിയിൽ തീർത്ത ടീപോയി, ചൂരൽ കസേരകൾ എല്ലാംകൂടി ആകുമ്പോൾ മരവീട് പൂർണമാകുന്നു. വയനാടിൽ തന്നെ മരത്തിൽ മാത്രം നിർമ്മിച്ച മൂന്നു വീടുകളെ ഉള്ളു എന്നാണ് അറിവ്, ഇവയെല്ലാം വാണിജ്യാവശ്യത്തിനായി രൂപപ്പെടുത്തിയതാണ്. അങ്ങനെ നോക്കുമ്പോൾ പ്രകൃതിയോടിണങ്ങി പ്രകൃതിയിൽ തന്നെ അലിഞ്ഞുപോകുന്ന ഈ നിർമ്മാണ രീതിയും പരിസ്ഥിതി സ്നേഹിയായ വിജിലിന്റെ പരിശ്രമവും അഭിനന്ദനാർഹമാണ്.

Read more- Green Home Tree House Plan