സ്റ്റീൽ പാളികൾ നിരത്തി, നട്ടും ബോൾട്ടുമിട്ട് ഉറപ്പിച്ചു ദിവസങ്ങൾ കൊണ്ടു പൂർത്തിയാകുന്ന വീടുകളുടെ വിഡിയോ കണ്ട് അമ്പരന്നിട്ടില്ലേ? ഇത്തരം കെട്ടിടങ്ങൾ നമ്മുടെ നാട്ടിലുമെത്തിക്കഴിഞ്ഞു. ജനപ്രീതി ആർജിച്ചുകൊണ്ടിരിക്കുന്ന ഈ നിർമാണരീതി പിന്തുടർന്ന് ആദ്യ കോംപസിറ്റ് സ്റ്റീൽ അപാർട്മെന്റ് സമുച്ചയമായ 'ശിവകൃപ' വഴുതക്കാട് ഒരുങ്ങുകയാണ്. പ്രമുഖ ആർക്കിടെക്റ്റ് എൻ.മഹേഷാണു നിർമാണത്തിനു നേതൃത്വം നൽകുന്നത്.
കോംപസിറ്റ് സ്റ്റീൽ ഉപയോഗിച്ചു നിർമിക്കുന്ന കെട്ടിടത്തിന് അതേ വലുപ്പമുള്ള കോൺക്രീറ്റ് കെട്ടിടത്തിന്റെ എട്ടുശതമാനം മാത്രം സിമന്റ് മതിയാകും. ഭിത്തിവരെ റെഡിമെയ്ഡ് ആയി വാങ്ങി ചേർത്തു വയ്ക്കാം. 28 ദിവസങ്ങൾക്കുള്ളിൽ സ്റ്റീൽഘടന പൂർത്തിയാക്കാം. 8000 ചതുരശ്രയടിയും നാലുനിലയുമുള്ള കെട്ടിടം നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണു നിർമാതാക്കൾ.
നഗരത്തിൽ പല കെട്ടിടങ്ങളിലും കോംപസിറ്റ് ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു അപ്പാർട്മെന്റ് സമുച്ചയവും പൂർണമായും ഇത്തരത്തിൽ ചെയ്യുന്നതെന്ന് എൻ.മഹേഷ് പറഞ്ഞു.
കൂട്ടിച്ചേർക്കൽ വിദ്യ ഇങ്ങനെ
നിലവിലുള്ള കെട്ടിടങ്ങളുടേതിനു സമാനമായ അടിത്തറയിൽ പ്രത്യേക ബോൾട്ടുകൾ ഉപയോഗിച്ച് സ്റ്റീൽ തൂണുകൾ ഉറപ്പിക്കുകയാണ് ആദ്യപടി. പിന്നീട് ഇവയ്ക്കു മുകളിലായി പ്രത്യേക സ്റ്റീൽ ഷീറ്റുകൾ വിരിക്കും. ഇതിനുമുകളിലാണു വാർക്കുന്നത് എന്നതിനാൽ മറ്റു കെട്ടിടങ്ങൾക്കെന്നപോലെ വാർക്കയ്ക്ക് തട്ട് പ്രത്യേകമായി ആവശ്യമില്ല.
വാർക്ക കഴിഞ്ഞു തട്ട് പൊളിച്ചുമാറ്റുന്ന സമയവും ലാഭിക്കാം. വാർക്കയ്ക്കു മാത്രമാണ് സിമന്റ് ഉപയോഗിക്കുക. ഉൾവശത്തെ ഭിത്തിക്കായി ഉപയോഗിക്കുന്നത് പ്രീകാസ്റ്റ് ഇപിഎസ് എന്ന പ്രത്യേക വസ്തുവാണ്. ഇവ പാളികളായി വാങ്ങി ചേർത്തുഘടിപ്പിക്കുകയാണു രീതി. പരമ്പരാഗത ഭിത്തികളേക്കാൾ കനം കുറവായതിനാൽ സ്ഥലനഷ്ടവും കുറയും. പുറംഭിത്തികൾക്കായി ഹോളോ വാഫിൾ ബ്ലോക്കുകളും ഉപയോഗിക്കുന്നു. ഇഷ്ടികകൾ തമ്മിൽ ചേർക്കുന്നതു പ്രത്യേക പശ ഉപയോഗിച്ചാണ്.
ഗുണങ്ങൾ ഇവ
റെഡിമെയ്ഡ് വീടുകളായതിനാൽ തന്നെ ഇവയിൽ മില്ലീമീറ്ററിന്റെ കൃത്യത പോലും പാലിച്ചേ പറ്റൂ. ഭാവനയേക്കാൾ കൂടുതൽ കൃത്യതയ്ക്കാണ് ഇവിടെ സ്ഥാനം. കുട്ടികൾക്കു കളിക്കാനായി നൽകുന്ന ക്യൂബുകൾ ഒരുമിച്ചു ചേർക്കുന്നതുപോലെയാണു കെട്ടിടനിർമാണം. ഗുണങ്ങളും ഒട്ടേറെയാണ്.സിമന്റ്, മണൽ എന്നിവയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാമെന്നതാണു പ്രധാന ഗുണം. ഉദാഹരണത്തിന് 8,000 ചതുരശ്രഅടിയുള്ള കെട്ടിടത്തിന്റെ അടിത്തറയ്ക്ക് 1,500 ടൺ ഭാരമാണു താങ്ങേണ്ടിയിരുന്നെങ്കിൽ കോംപസിറ്റ് കെട്ടിടങ്ങളിൽ ഇത് 1080 ടൺ ആയിരിക്കും. നിർമാണത്തിന്റെ പ്രത്യേകതകൊണ്ടുതന്നെ ചൂടും കുറവായിരിക്കും.
പ്രീകാസ്റ്റ് ഇപിഎസ് ഭിത്തികൾ മികച്ച ശബ്ദവിന്യാസത്തിനും അനുയോജ്യമാണ്. സിമന്റ് തേച്ചുപിടിപ്പിക്കേണ്ടതില്ലാത്തിനാൽ പുട്ടി ഉൾപ്പടെയുള്ള ചെലവുകൾ കുറയ്ക്കാം.എങ്കിലും തുടക്കമെന്ന നിലയിൽ കോംപസിറ്റ് കെട്ടിടങ്ങളുടെ മൊത്തം ചെലവ് പഴയതിനെ അപേക്ഷിച്ചു കാര്യമായ കുറവില്ലെന്നു പറയേണ്ടിവരും. എങ്കിലും കുറഞ്ഞ സമയംകൊണ്ട് കൂടുതൽ കാര്യക്ഷമമായ വിഭവശേഷി ഉപയോഗിക്കാമെന്നതാണു പ്രധാന മെച്ചം.
Read more on Composite Panel House Home Decoration Magazine Malayalam