250 വര്‍ഷം പഴക്കമുള്ള ഐറിഷ് കാസില്‍ വില്‍പ്പനയ്ക്ക്! വിലയോ?

ഐറിഷ് കാസില്‍

കൊട്ടാരങ്ങളുടെയും നാടാണ് അയര്‍ലന്‍ഡ്. അവിടെ എന്നും തലയെടുപ്പോടെ നിന്നിട്ടുണ്ട് ഐറിഷ് കാസില്‍. ബ്രിട്ടനിലെ പ്രസിദ്ധിയാര്‍ജ്ജിച്ച ബക്കിങ്ഹാം പാലസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പണിത ഐറിഷ് കാസില്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഏകദേശം 132 കോടി രൂപ നല്‍കിയാല്‍ കൊട്ടാരം കിട്ടും. 

513 ഏക്കറില്‍ അയര്‍ലന്‍ഡിലെ കില്‍കെന്നിയിലാണ് ഐറിഷ് കാസില്‍ സ്ഥിതി ചെയ്യുന്നത്. പണിതത് 1767ല്‍. അന്നത്തെ അയര്‍ലന്‍ഡ് ലോര്‍ഡ് ചാന്‍സലറുടെ മകന്‍ സര്‍ റിച്ചാര്‍ഡ് കോക്‌സിനും കഷേലിലെ ആര്‍ച്ച്ബിഷപ്പായിരുന്ന മൈക്കിള്‍ കോക്‌സിനും വേണ്ടി പണികഴിപ്പിച്ചതാണ് ഐറിഷ് കാസില്‍. 

ബക്കിങ്ഹാം കൊട്ടാരത്തിന്റെ വാസ്തുവിദ്യയില്‍ ഹരം കൊണ്ട് ലോകപ്രശസ്തനായ ആര്‍ക്കിടെക്റ്റ് ഡേവിസ് ഡക്കാര്‍ട്ട് ആണ് അതിന് സമാനമായി തന്നെ ഐറിഷ് കാസിലും ഡിസൈന്‍ ചെയ്തത്. പല്ലേഡിയന്‍ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. 

ബക്കിങ്ഹാം കൊട്ടാരം

36,000 ചതുരശ്രയടിയാണ് ലിവിങ് സ്‌പേസ്. 10 ബെഡ്‌റൂമുകളുണ്ട്, പത്ത് ബാത്ത്‌റൂമുകളും. ആറ് സ്വീകരണമുറികള്‍ ഈ ആഡംബര വീടിന് കൂടുതല്‍ മിഴിവേകുന്നുണ്ട്. റോക്കോ പ്ലാസ്റ്റര്‍ ഉപയോഗിച്ചാണ് ഈ മനോഹര ഹര്യമ്യം അലങ്കരിച്ചിരിക്കുന്നത്. 

അയര്‍ലന്‍ഡിലെ ഏറ്റവും സുന്ദരമായ വീടികളിലൊന്നായാണ് ഐറിഷ് കാസില്‍ എക്കാലത്തും അറിയപ്പെട്ടത്. കാസില്‍ടൗണിന്റെ ചരിത്രം ഓര്‍മപ്പെടുത്തുന്ന സാംസ്‌കാരിക പൈതൃകം കൂടി അതില്‍ അടയാളപ്പെടുത്തുന്നുണ്ടത്രെ. ഏറ്റവും സവിശേഷമായ കാര്യം ഈ ആഡംബര വീട് ആധുനികശൈലിയില്‍ മോഡിഫിക്കേഷനും വിധേയമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്തിന് അനുയോജ്യമായ സകല സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 

അതിപ്രശസ്തിയാര്‍ജ്ജിച്ച പൂന്തോട്ട ഡിസൈനറായ ലേഡി സാലിസ്ബറിയാണ് ഐറിഷ് കാസിലിന് ചുറ്റുമുള്ള സൂപ്പര്‍ പൂന്തോട്ടം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന് ചുറ്റുമുള്ള 340 ഏക്കര്‍ ഭൂമി കൃഷി ചെയ്യാനും അനുയോജ്യമാണ്. കഴിഞ്ഞ രണ്ടര നൂറ്റാണ്ടോളമായി അയര്‍ലന്‍ഡിലെ അതിസമ്പന്നരായ സ്വകാര്യ വ്യക്തികളുടെ കൈയിലൂടെയാണ് കോട്ടയുടെ ഉടമസ്ഥാവകാശം മാറിമറഞ്ഞത്. നിലവിലെ ഉടമ 1991ലാണ് ഐറിഷ് കാസില്‍ സ്വന്തമാക്കിയത്. എത്ര രൂപയ്ക്കായിരുന്നു ഇടപാടെന്ന് പുറത്തുപറഞ്ഞില്ല. 

Read more on: Home Decoration, Magazine Malayalam, Malayalam Home Magazine