കേരളീയ ശൈലിയിലുളള എത്രയെത്ര തറവാട് വീടുകളാണ് സിനിമകളിലൂടെയും മറ്റും മലയാളിയുടെ മനസ്സിനകത്തേക്ക് വാതിലുകൾ തുറന്നിട്ടത്. എന്നാൽ പതിവുശൈലികളിൽ നിന്നൊരു മാറിനടത്തമാണ് ഈ തറവാട്. പരമ്പരാഗത ശൈലിയിലുള്ള ഒരു തറവാട്ടിൽ പ്രതീക്ഷിക്കുന്ന കാഴ്ചകൾ അധികമൊന്നും ഇവിടെയില്ല. പകരം ഒരു പക്കാ മോഡേൺ വീട്ടിൽ മാത്രം പ്രതീക്ഷിക്കാവുന്ന സൗകര്യങ്ങൾ നിരവധിയുണ്ട് താനും. കോഴിക്കോട് മാങ്കാവിൽ 5702 ചതുരശ്രയടിയിലാണ് തറവാട് തലയുയർത്തി നിൽക്കുന്നത്. പരമ്പരാഗത വാസ്തുശില്പ നൈപുണ്യത്തിന്റെ മനോഹാരിതയും ആധുനിക സൗകര്യങ്ങളും സൂക്ഷ്‌മമായി ഇവിടെ സന്നിവേശിപ്പിച്ചിരിക്കുന്നു. അപ്പോൾ നമുക്ക് അകത്തേക്ക് കയറിയിട്ട് വരാം...
ആരുടേയും കണ്ണുകളെ അപഹരിക്കുന്ന പ്രൗഢമായ പുറംകാഴ്ച. പല തട്ടുകളായുള്ള സ്ലോപ് റൂഫിൽ ഓടുപാകി. മഴവെള്ളത്തെ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്ന ഭാഗത്തേക്ക് എത്തിക്കാനായി മേൽക്കൂരയിൽ പാത്തികൾ നൽകി. ഒറ്റക്കല്ലിൽ മെനഞ്ഞെടുത്ത തടിതൂണുകൾ നിറയെ കാണാം വീടിനുള്ളിൽ. പിച്ചള കൊണ്ടുള്ള കൊത്തുപണികളും തൂണുകൾ ആകർഷകമാക്കുന്നു. കാഴ്ചയ്ക്ക് പ്രൗഢി പകരുന്നതിനൊപ്പം മേൽക്കൂരയെ താങ്ങി നിർത്തുന്നതിലും ഇവ പ്രധാന പങ്കുവഹിക്കുന്നു.
വിശാലമായ പൂമുഖമാണ് അതിഥികളെ ആദ്യം സ്വാഗതം ചെയ്യുന്നത്. തടിയിൽ മെനഞ്ഞെടുത്ത ചാരുപടികൾ. പുറത്തെ പച്ചപ്പും കാറ്റും ഒക്കെ ആസ്വദിച്ചു കൊണ്ട് ഒത്തുചേരാനുള്ള ഇടമാണിവിടം. നീളൻ വരാന്തയുടെ മുകളിലായി ബാൽക്കണി നൽകിയിട്ടുണ്ട്. പൂമുഖത്തിന്റെ ഭാഗമായി തന്നെയുള്ള മേൽക്കൂരയുടെ കീഴിൽ കാർ പോർച്ച് ക്രമീകരിച്ചു. ഈ രണ്ടിടങ്ങളെയും ബന്ധിപ്പിക്കാനായി കണക്ടിങ് സ്‌പേസും നൽകിയിട്ടുണ്ട്.
മരത്തടികൾ ഇവിടെ കേവലം കഴുക്കോലിൽ മാത്രമല്ല, തറവാടിന്റെ ശക്തികേന്ദ്രം തന്നെ തടിയാണ്. പില്ലറുകൾ മുതൽ ഗോവണി, മച്ച്, ഫർണിച്ചറുകൾ, പാനലിങ്, ഫ്ളോറിങ്, വില്ലഴികൾ എന്നിവയിലെല്ലാം തടിയുടെ പ്രൗഢി നിറയുന്നു. ചൂടിനെ പ്രതിരോധിക്കാനുള്ള ഇതിന്റെ കഴിവ് കൊണ്ട് അകത്തളങ്ങളിൽ സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നു.
സ്വീകരണമുറിയോടു ചേർന്ന് കൂടുതൽ അതിഥികളെ ഉൾക്കൊള്ളിക്കാനായി സിറ്റിങ് സ്‌പേസ് ഒരുക്കി. ഫോൾസ് സീലിംഗ് പോലെയുള്ള കൃത്രിമമായ മെയ്ക്കപ്പുകൾ ഉള്ളിൽ കുത്തിനിറച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
നടുമുറ്റമാണ് വീടിനകത്തെ ശ്രദ്ധാകേന്ദ്രം. മിക്ക ഇടങ്ങളിൽ നിന്നും ഇവിടേക്ക് കാഴ്ച ലഭിക്കുംവിധമാണ് ക്രമീകരണം. ഇതിനകം പെബിളുകൾ വിരിച്ചു. കോർട്യാർഡിന്റെ ആകാശത്തേക്ക് തുറക്കുന്ന ഭാഗം മുകൾനിലയിലാണ്. ഇതിനു ചുറ്റും കൈവരികളും കാറ്റിനെ അകത്തേക്ക് ആനയിക്കാനായി വില്ലഴികളും നൽകി.
പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇടങ്ങളെ വേർതിരിക്കാൻ ഫ്ളോറിങ് ഉപയോഗപ്പെടുത്തിയിരിക്കുന്നു. കൂടുതലും വിട്രിഫൈഡ് ടൈലുകളാണ് അകത്തളത്തിൽ. നടുമുറ്റത്തിനു ചുറ്റും വുഡൻ ഫ്ളോറിങ് ചെയ്തു.
റസ്റ്റിക് ഫിനിഷും മോഡേൺ സൗകര്യങ്ങളും നിറയുന്ന കിടപ്പുമുറികൾ. മോഡേൺ സൗകര്യങ്ങൾ നിറയുന്ന ബാത്റൂം. മുകൾനിലയിലെ കിടപ്പുമുറിയിൽ വുഡൻ ഫ്ളോറിങ് നൽകി. ചിലയിടങ്ങളിൽ തടിമച്ചും നൽകി.
ആധുനിക സൗകര്യങ്ങൾ സമ്മേളിക്കുന്ന ഐലൻഡ് കിച്ചനാണ് ഇവിടെ നൽകിയത്. തടി കൊണ്ടാണ് കബോർഡുകൾ. കൊറിയൻ സ്‌റ്റോൺ കൗണ്ടറുകളിൽ നൽകി.
ഇതൊന്നും കൂടാതെ ഒരു തറവാട് വീട്ടിൽ ആരും പ്രതീക്ഷിക്കാത്ത ഒരു സസ്‌പെൻസും ഇവിടെ നൽകിയിട്ടുണ്ട്. വിശാലമായ ഇൻഡോർ സ്വിമ്മിങ് പൂൾ! താഴത്തെ ഒരു ഹാൾ മുഴുവൻ ഇതിനായി മാറ്റിവച്ചു.
തറവാടിന്റെ ഭംഗി വർധിപ്പിക്കുന്നതിൽ ചുറ്റുപാടുകളും അകമ്പടിയേകുന്നുണ്ട്. പൂന്തോട്ടവും ഫലവൃക്ഷങ്ങളും ലാൻഡ്സ്കേപ്പിനെ സജീവമാക്കുന്നു.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location- Mankav, Calicut
Area- 5702 SFT
Owner- Dr. Murali Athadi
Designer- Ar. Babu Cherian
Structural Consultant- Design Spectrum
നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.