Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിമനോഹരം! പഴമയുടെ സുഗന്ധം നിറയുന്ന തറവാട്!

traditional-tharavadu-renovation-kerala അരനൂറ്റാണ്ടിലധികം പഴക്കമുള്ള തറവാടിനെ പൂർണമായും കേരളീയ ശൈലിയിലേക്ക് പുതുക്കിപ്പണിതപ്പോൾ.

താമരശ്ശേരിൽ വീടിന് വയസ്സ് 53 കഴിഞ്ഞിരുന്നു. പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ ഏറെയുണ്ട്. പൊളിച്ചുകളയണമെന്ന് പലരും ഉപദേശിച്ചെങ്കിലും വീട്ടുടമസ്ഥനായ മനോജ് അതിനു തയാറായില്ല. അന്നത്തെക്കാലത്ത് ഈ വീട് വയ്ക്കാൻ കാരണവൻമാർ പെട്ട പാട് ചില്ലറയല്ല. അതോർക്കുമ്പോൾ എങ്ങനെയാ പൊളിക്കുക?

സംഭവം പുതുക്കിപ്പണിതാൽ പുതിയ വീട് വയ്ക്കുന്നതിനേക്കാൾ നല്ലതായിരിക്കുമെന്ന് പറഞ്ഞത് ഡിസൈനർ വിനോദാണ്. ഏത് പ്രോജക്ടായാലും 100 ദിവസത്തിനുള്ളിൽ തീർക്കുക എന്നതാണ് വിനോദിന്റെ ശൈലി. ഇവിടെയും അതിന് മാറ്റമുണ്ടായില്ല. മൂന്നു പേർക്ക് താമസിക്കാനാവശ്യമായ രീതിയിലേക്ക് വീടിനെ പരുവപ്പെടുത്തിയെടുത്തു. വീടിന്റെ വാസ്തുപരമായ പല ദോഷങ്ങൾക്കും പുതുക്കിപ്പണിയലിൽ പരിഹാരം കണ്ടു.

മുഖപ്പ്

traditional-tharavadu-renovation

കേരളീയശൈലിയുടെ ഒഴിവാക്കാനാവാത്ത ഘടകമാണ് മുഖപ്പുകൾ. ഈ വീട്ടിലും രണ്ട് മുഖപ്പുകൾ നൽകിയിട്ടുണ്ട്. സമീപത്തുള്ള വീടുകളിലെ മുഖപ്പുകൾ കണ്ട്, പ്രാദേശികമായ രൂപം മനസ്സിലാക്കിയാണ് ഇവ സൃഷ്ടിച്ചത്.

തുളസിത്തറ

renovated-beauty-piravom

സിമന്റിൽ നിർമിച്ച തുളസിത്തറയുടെ സ്ഥാനം മുറ്റത്തിന്റെ ഓരത്തായിരുന്നു. ഇത് വീടിന്റെ മുൻവശത്ത് മധ്യഭാഗത്തേക്ക് മാറ്റണമെന്നതായിരുന്നു വീട്ടുകാരുടെ ആവശ്യങ്ങളിലൊന്ന്. ഇപ്പോൾ വാതിൽ തുറക്കുമ്പോൾ ആദ്യം കണ്ണിൽപെടുന്നത് തുളസിത്തറയാണ്.

വാതിൽ

കാലപ്പഴക്കംകൊണ്ട് ക്ഷയിച്ച പഴയ വാതിലുകളും ജനാലകളുമെല്ലാം ഉപേക്ഷിച്ചു. പഴയൊരു കെട്ടിടം പൊളിച്ചപ്പോൾ അതിലെ വാതിലുകളും ജനാലകളുമെല്ലാം ലേലത്തിൽ വാങ്ങി. പ്ലാവ്, വീട്ടി തുടങ്ങിയവകൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. പഴയ തടിക്കഴുക്കോലുകളെല്ലാം മാറ്റി പുതിയ സ്റ്റീൽ ആംഗ്ലെയർ പിടിപ്പിച്ചു. കാറ്റിനും വെളിച്ചത്തിനും തുടർച്ച നൽകുന്ന രീതിയിലാണ് വാതിലുകളുടെ സ്ഥാനം.

വില്ലഴി

renovated-tharavadu-piravom-door

പഴയ വീടുകളിൽ തടിയിൽ ചെയ്തെടുക്കുന്ന വർക്കുകൾ പലതും സ്റ്റീൽ ആംഗ്ലെയറിലാണ് പുനഃസൃഷ്ടിച്ചത്. സിറ്റ്ഔട്ട്തന്നെ ഉദാഹരണം. ഇതേ അളവിലുള്ള വില്ലഴി കൊണ്ടുവന്നുവച്ച് അളവെടുത്താണ് സ്റ്റീലിൽ നിർമിച്ചത്. പഴയ ഓടുകൾ പുനരുപയോഗിച്ചു.

സിറ്റ്ഔട്ട്

renovated-tharavadu-piravom-sitout

റെഡ് ഓക്സൈഡിനോട് സാമ്യമുള്ള തരം വിട്രിഫൈഡ് ടൈലുകളാണ് നിലത്തു പാകിയത്. ഫർണിച്ചറൊന്നും ഇടംപിടിച്ചിട്ടില്ലാത്ത സിറ്റ്ഔട്ടിൽ പക്ഷേ, അതിഥികൾക്ക് ഇരിക്കാൻ സൗകര്യമുണ്ട്. മച്ചിലേക്ക് വെളിച്ചം കിട്ടാൻ പിടിപ്പിച്ച ജനലുകളാണ് മുകളില്‍ കാണുന്നത്.

സ്വീകരണമുറി

renovated-tharavadu-piravom-interior

സ്റ്റോർ ഏരിയയ്ക്കുമേൽ ചുറ്റിക വീണപ്പോൾ കിട്ടിയത് നല്ലൊരു സ്വീകരണമുറി. സ്റ്റോറിനുള്ള സ്ഥലം അനാവശ്യമാണെന്നുകണ്ട്, അതു പൊളിച്ചുമാറ്റി സ്വീകരണമുറിയോടു ചേർക്കുകയായിരുന്നു. ഉയരം കുറഞ്ഞ മച്ചായിരുന്നു മറ്റൊരു പ്രശ്നം. ഫാനിട്ടാൽ കൈ ഉയർത്താൻ പറ്റില്ല. മച്ചിന് രണ്ടേകാൽ അടി ഉയരം കൂട്ടിയാണ് ഈ പ്രശ്നം പരിഹരിച്ചത്. തുളസിത്തറ മുതൽ ലിവിങ്റൂം വരെ നേർരേഖയിൽ ക്രമീകരിച്ചു.

ഊണിടം

renovated-beauty-piravom-dining

കോണിപ്പടിയുടെ രംഗപ്രവേശമാണ് ഡൈനിങ്ങിലെ പ്രധാന മാറ്റം. മച്ചിലേക്ക് കയറാനുള്ള കോണിപ്പടി നിർമിക്കാൻ 20,000 രൂപയ്ക്കടുത്ത് ചെലവ് വരും. പഴയൊരെണ്ണം വാങ്ങിയപ്പോള്‍ ചെലവ് 4,500 രൂപയിൽ ഒതുങ്ങി. തട്ടിൻപുറത്ത് ജനാലകൾ പിടിപ്പിച്ച് യൂട്ടിലിറ്റി ഏരിയ ആക്കി മാറ്റി. സമീപത്തു തന്നെ സ്റ്റഡി സ്പേസും നൽകിയിട്ടുണ്ട്. വേണമെങ്കിൽ ഇതൊരു ബെഡ്റൂമാക്കി മാറ്റാം. വാസ്തവത്തിൽ ഒറ്റ നിലയെന്ന് തോന്നിക്കുന്ന വീട്ടിൽ രണ്ട് നിലയുടെ സൗകര്യങ്ങളുണ്ട്.

വർക്ഏരിയ

work-area

ബാക്കി ഭാഗങ്ങളെല്ലാം സുന്ദരമാകുമ്പോൾ വർക്ഏരിയയെ ഉപേക്ഷിക്കുന്നതെങ്ങനെ? സുരക്ഷ കൂടി പരിഗണിച്ചാണ് സ്റ്റീൽ ആംഗ്ലെയർ കൊണ്ട് ഗ്രിൽ ഇട്ടത്.

Project Facts

Area: 1300 Sqft

Designed by: പി. വിനോദ്

ഡിസൈനർ,

ഉടയോർ ഹോം ആർട് ഗാലറി, ചേർത്തല

odayorhomesandcars@gmail.com

Location: പേപ്പതി, പിറവം

Year of completion: ജൂലൈ, 2017

Read more on Traditional Tharavadu Plan Traditional Home Renovation Ideas