കാസർകോട് കാഞ്ഞങ്ങാട് മടിക്കൈ ഗ്രാമത്തിലാണ് കല്യാണഭവനം എന്ന ഏച്ചിക്കാനം തറവാട്. 90 വർഷത്തിലേറെ കാലത്തെ ചരിത്രം പറയാനുണ്ട്, ധാരാളം കർഷകസമരങ്ങൾക്കും, സിനിമകൾക്കും സാക്ഷ്യം വഹിച്ച ഉത്തരമലബാറിലെ പ്രശസ്തമായ ഈ നാലുകെട്ടിന്. മൂന്നുനിലകളിലായി അര ഏക്കറോളം സ്ഥലത്തുള്ള തറവാട് ഉൾക്കൊള്ളുന്ന വിശാലമായ പറമ്പ് അഞ്ച് ഏക്കറോളമുണ്ട്.
മൂന്നു നിലകളിലായി നാൽപ്പതോളം മുറികളുണ്ട് തറവാട്ടിൽ. ഒന്നാം നിലയിൽ വിശാലമായ ഹാളും വരാന്തയും അടുക്കളയും. രണ്ടാം നിലയിൽ പ്രത്യേക പൂജകൾ നടത്താനുള്ള അകത്തളം ഒരുക്കിയിരിക്കുന്നു. മൂന്നാം നിലയിൽ അതിഥി മുറികൾ. ഓരോ നിലയിലും മുറികളിലേക്ക് പ്രവേശിക്കാനായി പ്രത്യേക കോവണികൾ ഒരുക്കിയിരിക്കുന്നു. ജനാലകളുമെല്ലാം പുറത്തേക്ക് മാത്രം ദർശിക്കാവുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്.
തറവാടിന്റെ വാസ്തുഭംഗി ഏറെ ശ്രദ്ധേയമാണ്. പടിഞ്ഞാറോട്ടാണ് ദർശനമെങ്കിലും, കിഴക്കുവശത്തുകൂടിയും പ്രവേശിക്കാവുന്നതാണ്. പുറത്ത് ചുമർചിത്രങ്ങളാലും, അകത്തളത്തിൽ ജീവൻ തുടിക്കുന്ന കൊത്തുപണികളാലും സമ്പന്നം. പാലാഴിമഥനവും കാളിന്ദിനർത്തനവും ദ്രൗപദീ സ്വയംവരവുമെല്ലാം അകത്തളത്തിൽ കൊത്തിവച്ചിട്ടുണ്ട്.
പഴയകാലത്തെ അടുക്കള ഉരുപ്പടികളും കാർഷികവൃത്തിക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഇവിടെ നിധിപോലെ സൂക്ഷിച്ചിരിക്കുന്നു. തടിയിലുള്ള കൊത്തുപണികളാലും ഫർണിച്ചറുകളാലും സമ്പന്നമാണ് അകത്തളങ്ങൾ. ബേപ്പൂരിൽനിന്ന് ഖലാസികളെത്തിയാണ് വൻമരങ്ങൾ പണിപ്പുരയിലെത്തിച്ചത് എന്നാണ് ചരിത്രം. അഞ്ചുവർഷം വേണ്ടിവന്നു നാലുകെട്ടിന്റെയും മാളികയുടെയും നിർമാണം പൂർത്തിയാക്കാൻ. വടക്കുംനാഥൻ, പഴശ്ശിരാജ, ഞാൻ തുടങ്ങി ധാരാളം സിനിമകൾ ചിത്രീകരിച്ച കല്യാണഭവനം വടക്കേമലബാറിന്റെ ചരിത്രത്തിലെ ഒരടയാളമായി ഇന്നും നിലകൊള്ളുന്നു.