വീടിനു സ്മാർട് വെളിച്ചമേകാം

കൂട്ടുകാർക്കും വീട്ടുകാർക്കുമൊക്കെ രാത്രി 12 മണിക്ക് സർപ്രൈസായി ബെർത്ഡേ പാർട്ടി കൊടുക്കാനിഷ്ടപ്പെടുന്നവരാണ് എല്ലാവരും. കൂരിരുട്ടുത്ത്, മെഴുകുതിരി വെളിച്ചത്തിൽ വേണം പാർട്ടി സെറ്റ് ചെയ്യാൻ. അവസാനം കേക്ക് മുറിക്കുമ്പോൾ മാത്രം തപ്പിത്തടഞ്ഞ് ലൈറ്റ് ഇടും... ഇങ്ങനെ തപ്പിത്തടയാൻ പോകാതെ മൊബൈലിൽ ഒന്നു വിരൽത്തൊട്ടാൽ ലൈറ്റും ഫാനും എസിയും മൂഡ് ലൈറ്റുകളുമെല്ലാം ഓൺ ആയോലോ.. വീണ്ടും സർപ്രൈസ്, അല്ലേ. ഒറ്റ ടച്ചിൽ മുറിയിലെ ഇലക്ട്രോണിക് സംവിധാനങ്ങളെ എല്ലാം നിയന്ത്രിക്കുന്ന സ്വിച്ച് സംവിധാനവും മൊബൈൽ ആപ്പും കൂടി ഒരുമിച്ചു നൽകുന്ന സംവിധാനവുമായി രംഗത്തുണ്ട്, ക്യുരിയസ് ഫ്ലൈ എന്ന കമ്പനി. കാക്കനാട് വള്ളത്തോൾ നഗറിൽ ഈ സ്മാർട് സ്വിച്ചുകളുടെ ഒരു സ്മാർട് ഡെമോ ഹോം കമ്പനി ഒരുക്കിയിട്ടുണ്ട്. വർധിച്ചുവരുന്ന മോഷണശല്യം ചെറുക്കാനും ഊർജം ലാഭിക്കാനും ഇനി സ്വിച്ചിൽ ശ്രദ്ധിച്ചാൽ മതി. 

നാല് ഉൽപന്നങ്ങളാണ് ക്യൂരിയസ് ഫ്ലൈയുടെ സ്മാർട് സ്വിച്ച് സംവിധാനത്തിലുള്ളത്. 

ആംബർ 

ഒരു മുറിയിൽത്തന്നെ ഒന്നിലെറെ സ്വിച്ച് ബോർഡുകൾ... മാസ്റ്റർ വയറിങ്.. ടു വേ വയറിങ്... ഇത്തരം പഴഞ്ചൻ‌ രീതികളെല്ലാം മാറ്റുന്നതാണ് ആംബർ. മനോഹരമായി ഡിസൈൻ ചെയ്ത ഒരു ചതുര പാനലാണ് ആംബർ എന്ന സ്വിച്ച് ബോർഡ്. ഒരു റൂമിലെ എട്ടു മുതൽ 12 ഉപകരണങ്ങളെ വരെ ആംബറിൽ നിയന്ത്രിക്കാം. ടച്ചിലൂടെയാണ് ആംബർ പ്രവർത്തിക്കുന്നത്. ആംബറിലുള്ള ലൈവ് ബട്ടണിൽ ഒന്നു വിരലമർത്തിയാൽ ഉപകരണങ്ങൾ ഒരുമിച്ച് ഓൺ‌–ഓഫ് ചെയ്യാം. ലൈവ് ബട്ടണിലെ ലോങ് ടച്ച് എമർജൻസി അലേർട്ടായും പ്രവർത്തിക്കും. ഓഫ് ആയ ലൈറ്റുകൾ തെളിയുന്നതിനൊപ്പം ഫോണിലും അപായ സൂചന വരും. 

ഫ്ലൈ 

ഇത് വയർലെസ് ആയ, കൊണ്ടുനടക്കാവുന്ന സ്വിച്ച് സംവിധാനമാണ്. മൂന്ന് ഉപകരണങ്ങളെ ഫ്ലൈയുമായി ബന്ധിപ്പിക്കാം. വീടിനു പുറത്തുള്ളതോ, ഗേറ്റിലെയോ ലൈറ്റുകൾ വരെ ഓഫാക്കാനും ഓണാക്കാനും ഫ്ലൈയിൽ ഒന്നു വിരൽത്തൊട്ടാൽ മതി. പ്രായമായവർക്ക് ഏറെ പ്രയോജനകരമാണ് ഫ്ലൈ സംവിധാനം. ഈ മൂന്ന് ഉപകരണങ്ങളെ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. 

 

ഹബ് 

ഒരൊറ്റ ടച് കൊണ്ടു വീട്ടിലെ എല്ലാ സ്വിച്ചുകളും ഓൺ ആക്കാനും ഓഫ് ആക്കാനുമുള്ള സംവിധാനമാണ് ഹബ്. വീട്ടിൽ നിന്നിറങ്ങുമ്പോൾ എല്ലാ സ്വിച്ചുകളും ഓഫ് ആക്കി എന്നുറപ്പു വരുത്താൻ ഹബ്ബിലെ എവേ മോഡ് ഉപയോഗപ്പെടുത്താം. എന്നാൽ അക്വേറിയം, ഫ്രിജ് തുടങ്ങി ഏതെങ്കിലും ഉപകരണങ്ങൾ പ്രവർത്തിക്കണമെങ്കിൽ അത് പ്രത്യേകം തിരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്. പുറത്തുപോയി തിരിച്ചുവരുമ്പോൾ ഒറ്റ ടച്ചിൽ പഴയപടി ഉപകരണങ്ങൾ പ്രവർത്തിക്കും. വോയ്സ് കമാൻഡിലൂടെ സ്വിച്ചുകൾ പ്രവർത്തിപ്പിക്കുന്ന സംവിധാനവും ഹബ്ബിനൊപ്പമുണ്ട്. ഫാനിന്റെ സ്പീഡ് കുറക്കണമെങ്കിലും ലൈറ്റ് ഓണാകണമെങ്കിലും പറഞ്ഞാൽ മതിയാകും. 

ക്യൂരിയസ് ഫ്ലൈ ആപ് 

സ്വിച്ചിന്റെയും ഉപകരണങ്ങളുടെയുമെല്ലാം പ്രവർത്തനം പോക്കറ്റിലേക്കു കൊണ്ടുവരുന്നതാണ് ക്യുരിയസ് ഫ്ലൈയുടെ മൊബൈൽ ആപ്. ലോകത്തെവിടെയുമിരുന്നു സ്വന്തം വീട്ടിലെ ഉപകരണങ്ങളെ നിയന്ത്രിക്കാം. കസ്റ്റമൈസേഷനാണ് ആപ്പിന്റെ സവിഷേശത. നാലു മോഡുകളിൽ ആപ്പ് ഉപയോഗിക്കാം. 

1. അപ്ലൈയൻസസ് കൺട്രോൾ 

എവിടെയിരുന്നും വീട്ടിലെ എല്ലാ സ്വിച്ചുകളെയും ഉപകരണങ്ങളെയും നിയന്ത്രിക്കാം. 

2.സ്കെഡ്യൂളർ 

ഉപകരണങ്ങൾ പ്രവർത്തിക്കേണ്ട സമയം സെറ്റു ചെയ്യാം. ഉദാഹരണത്തിന് എല്ലാ ദിവസവും ഓഫിസിൽ പോകുന്നതിനു മുൻപ് 7.30 ന് ചൂടുവെള്ളം വേണമെങ്കിൽ വാട്ടർ ഹീറ്റർ ആ സമയത്തേക്കു സെറ്റ് ചെയ്യാം. അവധി ദിവസങ്ങൾ മാർക്ക് ചെയ്യാം. ഓൺ ആകേണ്ട സമയവും ഓഫ് ആകേണ്ട സമയവും സെറ്റ് ചെയ്താൽ മാത്രം മതി ചൂടുവെള്ളം കിട്ടാൻ. ഉറക്കം വരാൻ പുസ്തകം വായിച്ചു കിടന്നാൽ ടൈം സെറ്റ് ചെയ്താൽ, ഉറങ്ങുമ്പോൾ ലൈറ്റ് തനിയെ ഓഫാകും. വീട്ടിലെ പ്രായമായവർക്കു വേണ്ടിയുള്ള സജ്ജീകരണങ്ങൾ ചെയ്തുകൊടുക്കാനും സ്കെഡ്യൂളർ ഉപയോഗിക്കാം. സന്ധ്യയ്ക്ക് ഗേറ്റിലെയും പുറത്തെയുമൊന്നും ലൈറ്റ് ഇടാൻ ഇനി ആരും മെനക്കെടേണ്ടെന്നു സാരം. 

3.ടൈമർ 

മൊബൈൽ, ലാപ്ടോപ് ഇവയൊക്കെ ചാർജ് ചെയ്യാൻ വച്ചാൽ മൊബൈലിൽത്തന്നെ ടൈമർ സെറ്റ് ചെയ്യാം. ചാർജിങ് പൂർത്തിയാകുന്നതോടെ സ്വിച്ച് താനേ ഓഫായിരിക്കും. 

4.സീൻസ് 

കോമ്പിനേഷനുകൾ സെറ്റ് ചെയ്യാനുള്ള ഓപ്ഷനാണിത്. രാത്രി റൂമിലേക്കു വരുമ്പോൾതന്നെ ലൈറ്റും എസിയും ടിവിയും ഒന്നിച്ച് ഓണാകണോ, സീൻസ് സെറ്റ് ചെയ്താൽ മതി. ബർത്ത്ഡേ പാർട്ടികൾ അറേഞ്ച് ചെയ്യാനും സീൻസ് ഓപ്ഷൻ ഉപയോഗിക്കാം. 

5. ആപ്പ് ഷെയറിങ് 

നാലു പേർക്കു മാത്രമേ ആപ്പ് പങ്കുവയ്ക്കാനാകൂ. ഉപകരണങ്ങളുടെ നിയന്ത്രണം വീടിനുള്ളിൽത്തന്നെ നിൽക്കാനും സുരക്ഷാക്രമീകരണങ്ങൾക്കും വേണ്ടിയാണിത്. മറ്റു ചെലവുകളില്ലാതെ, ലാൻഡ് കേബ്ലിങ് നടത്താതെ വീടിനെ മുഴുവനായി ഓട്ടമേറ്റഡ് ആക്കുന്ന ക്യൂരിയസ് ഫ്ലൈ സംവിധാനത്തിന് ഒരു ലക്ഷം രൂപ മുതലാണു വില.