വീടിന്റെ പ്ലാനും എൻജിനീയറിങ് ഡ്രോയിങ്ങും റെഡിയാണോ? എങ്കിൽ കൊച്ചി അമ്പലമുകളിലുള്ള ഫാക്ടിന്റെ ജിഎഫ്ആർജി വിഭാഗത്തിനെ സമീപിക്കൂ. ചുമരുകളും മേൽക്കൂരയും ലോറി കയറി വീട്ടിലെത്തും. ഇത് കൂട്ടിയോജിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ വീട് പൂർത്തിയാക്കാം. ഭിത്തിയും മേൽക്കൂരയും മാത്രമല്ല വീടിന്റെ തറയും സൺഷേഡും മുതൽ മതിലുവരെ ജിഎഫ്ആർജി പാനലുകൊണ്ട് നിർമിക്കാം. കേരളത്തിൽ ഇത്തരത്തിലുള്ള നിരവധി വീടുകൾ പൂർത്തിയായിക്കഴിഞ്ഞു.
‘റാപിഡ് വോൾ’ എന്നറിയപ്പെടുന്ന അതിവേഗത്തിലുള്ള ഭിത്തി നിർമാണത്തിന് ഉപയോഗിക്കുന്ന ‘പ്രീ ഫാബ്രിക്കേറ്റഡ് ലോഡ് ബെയറിങ് പാനൽ’ ആണ് ‘ജിഎഫ്ആർജി’. ഗ്ലാസ് ഫൈബർ റീ ഇൻഫോഴ്സ്ഡ് ജിപ്സം എന്നതാണ് ജിഎഫ്ആർജിയുടെ പൂർണരൂപം. രാസവളം നിർമിക്കുമ്പോൾ ഉണ്ടാകുന്ന ഉപഉൽപന്നമായ ജിപ്സം പുനരുപയോഗിച്ചാണ് ഫാക്ട് ജിഎഫ്ആർജി പാനൽ നിർമിക്കുന്നത്.
12 മീറ്റർ നീളവും മൂന്ന് മീറ്റർ പൊക്കവുമാണ് ഒരു പാനലിനുള്ളത്. അഞ്ച് ഇഞ്ചാണ് കനം. ഒരു പാനലിന് 1.6 ടൺ ഭാരം വരും. ഓരോ ചുമരിന്റെയും കൃത്യമായ അളവും ജനൽ, വാതിൽ, വെന്റിലേഷൻ എന്നിവയുടെ സ്ഥാനവും വലുപ്പവും രേഖപ്പെടുത്തിയ ഡ്രോയിങ് നൽകിയാൽ അതനുസരിച്ചുള്ള അളവിൽ മുറിച്ച പാനൽ ഫാക്ട് എത്തിച്ചു നൽകും. വാതിലും ജനലുമൊക്കെ വരുന്ന ഭാഗം മുറിച്ചു മാറ്റിയ രീതിയിലാണ് ചുവരിനുള്ള പാനൽ ലഭിക്കുക. ട്രെയിലർ ലോറിയിലാണ് പാനൽ എത്തിക്കുന്നത്. ഇത് ക്രെയിനിന്റെ സഹായത്തോടെ അടിത്തറയ്ക്കു മുകളിൽ യഥാസ്ഥാനത്തേക്ക് എടുത്തു വയ്ക്കും.
ദിവസങ്ങൾക്കുള്ളില്‍ വീടുപണി പൂർത്തിയാക്കാം എന്നതുതന്നെയാണ് ജിഎഫ്ആർജി പാനലിന്റെ മുഖ്യ സവിശേഷത. അതിനാൽ പണിക്കൂലി ഇനത്തിലും കാര്യമായ ലാഭം നേടാനാകും.
വെള്ളനിറവും നല്ല മിനുസവുമുള്ള പ്രതലമാണ് ജിഎഫ്ആർജി പാനലിന്. അതിനാൽ ചുമര് പ്ലാസ്റ്റർ ചെയ്യാതെ നേരിട്ട് പുട്ടിയിടുകയോ പെയിന്റ് അടിക്കുകയോ ചെയ്യാം. ഒരു മീറ്ററിനുള്ളിൽ നാല് എന്ന കണക്കിൽ പാനലിനുള്ളിൽ ഉള്ള് പൊള്ളയായ ‘കാവിറ്റികൾ’ ഉണ്ടാകും. സാധാരണരീതിയിൽ പണിത അടിത്തറയ്ക്കു മുകളിൽ നിശ്ചിത അകലത്തിൽ കമ്പികൾ ഉയർന്നു നിൽക്കുന്ന രീതിയിൽ കോൺക്രീറ്റ് ബെൽറ്റ് നിർമിച്ച ശേഷം പാനലിനുള്ളിലെ കാവിറ്റികളിലേക്ക് കമ്പികൾ ഇറങ്ങുന്ന രീതിയിലാണ് എടുത്തുവയ്ക്കുക. പിന്നീട് ഈ കാവിറ്റികൾക്കുള്ളിൽ കോൺക്രീറ്റ് മിശ്രിതം നിറയ്ക്കും. ഇതോടെ പാനലിന്റെ ബലം കൂടും. ഇടവിട്ട് പാനൽ നിരത്തിയ ശേഷം അതിനു മുകളിൽ രണ്ടിഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്താണ് മേൽക്കൂര തയാറാക്കുന്നത്.
സ്ക്വയർമീറ്ററിന് 1200 രൂപയ്ക്കടുത്താണ് പാനലിന്റെ വില. 1500 ചതുരശ്രയടിയുള്ള ഇരുനില വീടിന് ചുമരിനും മേൽക്കൂരയ്ക്കും കൂടി ഏകദേശം 400 – 500 സ്ക്വയർമീറ്റർ പാനൽ ആവശ്യമായി വരും.
മേന്മകൾ ഒറ്റനോട്ടത്തിൽ
∙ ദിവസങ്ങള്‍ക്കുള്ളിൽ വീട് പൂര്‍ത്തിയാക്കാം.
∙ സാധാരണ വീടിനെ അപേക്ഷിച്ച് 40 ശതമാനം വരെ ചെലവ് കുറയ്ക്കാം.
∙ ചുമര് പ്ലാസ്റ്റർ ചെയ്യേണ്ട. വീടിനുള്ളിലെ ചൂട് കുറയും.
∙ മതിൽ, പാരപ്പെറ്റ്, സൺഷേഡ് തുടങ്ങിയവയും നിർമിക്കാം.