പൊങ്കാലയടുപ്പുകൾ വീടുകളാകുന്നു....ഇത് മറ്റൊരു നന്മയുടെ കഥ

ചുടുകട്ടകൾ എട്ടു പേരുടെ സ്വപ്നവീടുകൾക്കു ചുവരു തീർക്കുന്നു...

കയറിക്കിടക്കാൻ അടച്ചുറപ്പുള്ളൊരു വീടെന്ന എട്ടുപേരുടെ സ്വപ്നം ആറ്റുകാൽ ദേവിയുടെ അനുഗ്രഹത്താൽ യാഥാർഥ്യത്തിലേക്ക്. ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം കോർപറേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സും (ഐഐഎ) ചേർന്നു ശേഖരിച്ച ചുടുകട്ടകളാണ് എട്ടുപേരുടെ സ്വപ്നങ്ങൾക്കു ചുവരു തീർക്കുന്നത്. പാതിവഴിയിലായ വീടു നിർമാണം പൂർത്തിയാക്കാനാണ് എട്ടുപേർക്ക് ഇഷ്ടികകൾ വിതരണം ചെയ്തതെങ്കിൽ സാമ്പത്തിക പരാധീനതകളാൽ ബുദ്ധിമുട്ടുന്ന മെഡിക്കൽ കോളജ് കോയിക്കൽ ലെയ്ൻ മഠത്തിൽവിളാകം വീട്ടിൽ ദേവകിയമ്മയ്ക്കു സ്വന്തം ചെലവിൽ പുതിയ വീടു നിർമിച്ചു നൽകാനും ഐഐഎ പദ്ധതി തയാറാക്കി. 

ഒന്നര ലക്ഷത്തോളം ഇഷ്ടികകളാണ് നിവേദ്യത്തിനുശേഷം മണിക്കൂറുകൾക്കകം കോർപറേഷന്റെയും ഐഐഎയുടെയും വൊളന്റിയർമാർ ചേർന്നു ശേഖരിച്ചത്. വാർഡ് കൗൺസിലർമാരുടെ ശുപാർശയിൽ മേയർക്ക് അപേക്ഷ നൽകിയ എട്ടുപേർക്ക് ഇഷ്ടികകൾ വിതരണം ചെയ്തു. ശേഖരണ സ്ഥലത്തുനിന്നു വീടു നിർമിക്കുന്ന സ്ഥലത്തു ചുടുകട്ടകൾ എത്തിക്കാൻ ലോറികളും കോർപറേഷൻ വിട്ടുനൽകി. കയറ്റിറക്കു തൊഴിലാളികളെ മാത്രമേ അപേക്ഷകനു നിയോഗിക്കേണ്ടി വന്നുള്ളൂ. ഒരു അപേക്ഷകന് ശരാശരി എണ്ണായിരത്തോളം ഇഷ്ടികകൾ വിതരണം ചെയ്തിട്ടുണ്ടെന്നു മേയർ വി.കെ.പ്രശാന്ത് അറിയിച്ചു. ഇനിയും അഞ്ചു പേർക്കു വിതരണം ചെയ്യാനുള്ള ഇഷ്ടിക കോർപറേഷന്റെ പക്കലുണ്ട്. അപേക്ഷ കിട്ടുന്ന മുറയ്ക്ക് ഇവയുടെ വിതരണം പൂർത്തിയാക്കുമെന്നു മേയർ അറിയിച്ചു. 

വീട്ടു ജോലി ചെയ്തു കുടുംബം പുലർത്തുന്ന ദേവകിയമ്മ ഗൗരീശപട്ടത്തു വാടകയ്ക്കു താമസിക്കുകയാണിപ്പോൾ. ഭർത്താവും ഒരു മകനും നേരത്തേ മരിച്ചു. ഇതിനു പുറമെ രോഗങ്ങളും പിടിമുറുക്കി. ദേവകിയമ്മയുടെ ദയനീയാവസ്ഥ ബോധ്യപ്പെട്ട ശേഷമാണു വീടു നിർമിച്ചു നൽകാൻ ഐഐഎ തീരുമാനിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥനായ മുറിഞ്ഞപാലം സ്വദേശി നൽകിയ മൂന്നു സെന്റ് സ്ഥലത്താണു ദേവകിയമ്മയ്ക്കു വീടൊരുങ്ങുന്നത്. ചെലവു പൂർണമായി ഐഐഎ വഹിക്കും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടു നിർമാണത്തിന് അപേക്ഷിച്ചിട്ടുള്ള ദേവകിയമ്മയ്ക്കും ആറ്റുകാൽ പൊങ്കാല അനുഗ്രഹമായി. 

ആറ്റുകാൽ പൊങ്കാല നിവേദ്യത്തിനു ശേഷം, അടുപ്പുകൂട്ടാനായി ഉപയോഗിക്കുന്ന ഇഷ്ടികകൾ ഭക്തർ ഉപേക്ഷിച്ചു പോകുകയായിരുന്നു കഴിഞ്ഞ വർഷം വരെയുള്ള പതിവ്. പാതി മുറിഞ്ഞതും മറ്റുമായ ചുടുകട്ടകൾ നീക്കം ചെയ്യുന്നതു കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾക്കു ബുദ്ധിമുട്ടായി മാറിയപ്പോൾ അവ ശേഖരിച്ചാലോ എന്ന ആലോചനയുണ്ടായി. പിന്തുണയുമായി ആർക്കിടെക്ടുമാരുടെ സംഘടനയും രംഗത്തെത്തിയപ്പോൾ ചുടുകട്ട ശേഖരണം എളുപ്പമായി. 

കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയുള്ള പ്രധാന വീഥി, വഞ്ചിയൂർ കോടതി വളപ്പ്, യൂണിവേഴ്സിറ്റി കോളജ്, കോർപറേഷൻ ആസ്ഥാന ഓഫിസ്, പബ്ളിക് ഓഫിസ്, ജല അതോറിറ്റി കോമ്പൗണ്ട് എന്നിവിടങ്ങളിൽനിന്ന് ഇഷ്ടിക ശേഖരിക്കാൻ വൊളന്റിയർമാരെ നിയോഗിച്ചിരുന്നു. ഇവ ഉപയോഗിച്ചു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ബ്രിക്സ് ഇല്ലസ്ട്രേഷൻ തയാറാക്കിയിരുന്നു. വൊളന്റിയർമാർക്കു ശേഖരിക്കാൻ കഴിയാതിരുന്ന ഇഷ്ടികകൾ പൊങ്കാലയുടെ പിറ്റേ ദിവസം കോർപറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാർ ശേഖരിച്ചു. അടുത്തവർഷം കൂടുതൽ വിപുലമായ രീതിയിൽ പദ്ധതി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.