റെഡിമെയ്ഡ് വീടുകൾ എത്തിപ്പോയി! ചെലവ് കുറയും, വേഗം കൂടും

ഇന്റർലോക്ക് പ്രീകാസ്റ്റ് പാനലുകൾ നിർമാണച്ചെലവ് 35 ശതമാനത്തോളം കുറയ്ക്കും. വീടുപണി വേഗത്തിലാക്കും.

വീടുപണി വേഗത്തിലാക്കാനും നിർമാണച്ചെലവ് കുറയ്ക്കാനുമുള്ള മാർഗമാണ് ‘റെഡിമെയ്ഡ്’ അഥവാ ‘പ്രീകാസ്റ്റ്’ പാനലുകളുടെ ഉപയോഗം. മുൻകൂട്ടി തയാറാക്കിയ പാനലുകൾ സൈറ്റിൽ കൊണ്ടുവന്ന് യോജിപ്പിച്ച് വീടുനിർമിക്കുന്ന രീതിയാണിത്. ഇപ്പോള്‍ കേരളത്തിൽ ലഭ്യമായ റെഡിമെയ്ഡ് പാനലുകളിലധികവും സൈറ്റിലെത്തിക്കണമെങ്കിൽ വലിയ ട്രെയിലറിന്റെയും ക്രെയിനിന്റെയും സഹായം വേണം. വീതികുറഞ്ഞ വഴിയുള്ളിടത്തും ചെറിയ സ്ഥലത്തും ഇത് അത്ര പ്രായോഗികമല്ല. ഇതിനു പരിഹാരമാണ് വലുപ്പം കുറഞ്ഞ ‘പ്രീ കാസ്റ്റ് ഇന്റർലോക്ക് പാനൽ’. കണ്ണൂര്‍ ആസ്ഥാനമായ പൊൻടു കോൺസെപ്റ്റ്സ് ആണ് ഇതു വിപണിയിലിറക്കിയിരിക്കുന്നത്. ഇത്തരം പാനൽ ഉപയോഗിച്ച് അഞ്ചോളം വീടുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.

വലുപ്പം കുറവ്; സൗകര്യം കൂടുതൽ

വലുപ്പം കുറവാണെന്നതാണ് പ്രീ കാസ്റ്റ് ഇന്റര്‍ലോക്ക് പാനലിന്റെ പ്രധാന സവിശേഷത. അതിനാൽ ബുദ്ധിമുട്ട് കൂടാതെ ഏത് സൈറ്റിലും എത്തിക്കാനാകും. ഓരോ ഉപയോഗത്തിനും പ്രത്യേകം പ്രത്യേകം പാനലുകളുണ്ടെന്നതാണ് മറ്റൊരു മേന്മ. അടിത്തറ, ഭിത്തി, മേൽക്കൂര, സൺഷെയ്ഡ്, പാരപ്പെറ്റ് എന്നു തുടങ്ങി സ്റ്റെയർകെയ്സിന്റെ പടികൾക്കും അടുക്കളയിലെ കൗണ്ടര്‍ടോപ്പിനും വരെ പ്രത്യേകം പാനൽ ലഭ്യമാണ്. പന്ത്രണ്ട് തരം പാനലുകളാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. 60 സെന്റിമീറ്റർ മുതല്‍ ഒന്നര മീറ്റർ വരെ നീളവും 14 സെമീ മുതൽ 45 സെമീ വരെ വീതിയുമുള്ള പാനലുകൾ ഇതിലുൾപ്പെടും. ചുവരിന് 8 സെമീ കനമുള്ള പാനലും മേൽക്കൂരയടക്കം മറ്റ് ആവശ്യങ്ങൾക്ക് നാല് സെമീ കനമുള്ള പാനലുമാണ് ഉപയോഗിക്കുന്നത്.

മാനുഫാക്ചേർഡ് സാൻഡ്, സിമന്റ്, കമ്പി, റീ ഇൻഫോഴ്സ്മെന്റ് ഫൈബർ, വാട്ടർപ്രൂഫിങ് മെറ്റീരിയൽ എന്നിവ ചേർത്ത് ഫാക്ടറിയിലാണ് പാനൽ നിർമിക്കുന്നത്. ‘ഇന്റർലോക്ക്’ രീതിയിലുള്ള പാനലുകൾ സൈറ്റിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. വാതിലിനും ജനലിനും മുകളിലും മേൽക്കൂരയിലും നൽകാനുള്ള റെഡിമെയ്ഡ് ബീമുകളും പാനലുകൾക്കൊപ്പം ലഭിക്കും.

ചെലവ് കുറയും; വേഗം കൂടും

പ്രീ കാസ്റ്റ് പാനലുകൾ ഉപയോഗിക്കുമ്പോൾ നിർമാണച്ചെലവ് 35 ശതമാനം വരെ കുറയ്ക്കാനാകും. ഒപ്പം വളരെ വേഗം വീടുപണി പൂർത്തിയാക്കുകയും ചെയ്യാം.

പാനലുകൾക്ക് സാമാന്യം മിനുസമുള്ള പ്രതലമായതിനാൽ പ്ലാസ്റ്ററിങ് ആവശ്യമില്ല. മണലിന്റെയും സിമന്റിന്റെയും ഉപയോഗം കുറയ്ക്കാൻ ഇത് സഹായിക്കും. ഭിത്തിക്ക് മൂന്ന് ഇഞ്ച് മാത്രം കനമുള്ളതിനാൽ സ്ഥലം ലാഭിക്കാമെന്ന മെച്ചവുമുണ്ട്. സാധാരണ ഭിത്തിക്ക് എട്ട് – ഒൻപത് ഇഞ്ചാണ് കനം.

തട്ടടിച്ചുള്ള മേൽക്കൂര വാർക്കയും തുടർന്നുള്ള നനയ്ക്കലും ഇവിടെ ആവശ്യമില്ല. ഇലക്ട്രിക്കൽ, പ്ലംബിങ് പൈപ്പുകൾ കടത്തിവിടാനുള്ള സൗകര്യത്തോടു കൂടിയുള്ള പാനലുകൾ ഉള്ളതിനാല്‍ അതിനായി ചുവർ വെട്ടിപ്പൊളിക്കേണ്ട ആവശ്യവും വരുന്നില്ല.

പാനലുകൾ കൂട്ടിയോജിപ്പിക്കുന്ന രീതി ആർക്കും വളരെ വേഗം പഠിച്ചെടുക്കാം. അതിനാൽ വീട്ടുകാർക്കുതന്നെ വളരെയധികം ജോലികൾ ചെയ്യാനാകും. ഇതും ചെലവ് കുറയ്ക്കും.

മുഴുവൻ സ്ഥലത്തും ഉപയോഗിക്കാതെ മറ്റു നിർമാണസാമഗ്രികൾക്കൊപ്പം പ്രീ കാസ്റ്റ് പാനലുകൾ ചേർത്തും വീടുപണിയാം. പഴയ വീടുകളുടെ മുകളിലും മറ്റും പുതിയതായി ഒരു നിലകൂടി പണിയുമ്പോഴും ഇവ പ്രയോജനപ്പെടുത്താം.

മെച്ചങ്ങൾ ഒറ്റനോട്ടത്തിൽ

∙ വലുപ്പം കുറവാണെന്നതിനാൽ ഏത് സൈറ്റിലും എത്തിക്കാം.

∙ ഓരോ ഉപയോഗത്തിനും പ്രത്യേകം പാനലുകൾ ലഭ്യമാണ്.

∙ വളരെ വേഗം വീടുപണി പൂർത്തിയാക്കാം. വീട്ടുകാർക്കുതന്നെ പാനൽ പിടിപ്പിക്കാം.

∙ ചുവര് സിമന്റ് പ്ലാസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.