സ്വന്തമായി ഒരു വീട് നിർമിക്കുക എന്നത് എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളിൽ ഒന്നാണ്. ഫ്ളാറ്റുകളിലേക്കും ഇൻസ്റ്റന്റ് വില്ലകളിലേക്കും ഒക്കെ ചേക്കേറുന്ന ജനവിഭാഗങ്ങൾ ഏറെയുണ്ട് എങ്കിലും ഒരു വീട് നിർമിക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നാൽ ആ വഴി തന്നെ തെരെഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിൽ വീട് നിർമിക്കുമ്പോൾ ചെലവ് ചുരുക്കുക എന്ന കാര്യത്തിനായിരിക്കും പലരും മുൻഗണന നൽകുക.
ചെലവ് ചുരുക്കുന്നതൊക്കെ നല്ലതുതന്നെ. എന്നാൽ അത് ഭാവിയിൽ ബുദ്ധിമുട്ടാവാത്ത തരത്തിലാകണം എന്ന് മാത്രം. ഇതിൽ പ്രധാനം വീടുപണിക്കായി തെരഞ്ഞെടുക്കുന്ന മെറ്റീരിയലുകളിൽ പിശുക്ക് കാണിക്കാതിരിക്കുക എന്നതാണ്. ഉപയോഗിക്കുന്ന മെറ്റീരിയലുകളില്‍ ഇരുപതുശതമാനം ഫസ്‌റ്റ് ക്ലാസ് സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇതിലൂടെ വീടിന്റെ അഴകും വർധിക്കും.
വീട് വയ്ക്കാൻ പദ്ധതിയിടുമ്പോൾ തന്നെ നല്ലൊരു വിപണി പഠനം നടത്തണം. എന്താണ് ഇപ്പോഴത്തെ ട്രെൻഡ്, ഏത് തരം ടൈലുകളാണ് ഉപയോഗിക്കുന്നത്, ഇവയ്ക്ക് എത്ര വിലവരും എന്നെല്ലാമുള്ള കാര്യങ്ങൾ പഠിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇതനുസരിച്ചു വേണം ബജറ്റ് ക്രമീകരിക്കാനും സാധങ്ങൾ തെരഞ്ഞെടുക്കാനും. ടൈല്‍, ബാത്‌റൂം ഫിറ്റിങ്‌സ് തുടങ്ങി പുതിയ മോഡലുകള്‍ വരുന്നത് മുൻകൂട്ടി തിരിച്ചറിയുക. ഒരിക്കൽ പണിതാൽ പിന്നെ മാറ്റി പണിയുക എന്നത് പണച്ചെലവുള്ള കാര്യമാണ്.
വാതിലുകൾക്ക് ഉപയോഗിക്കുന്ന തടി തെരെഞ്ഞെടുക്കുമ്പോഴാണ് ബജറ്റ് കാലിയാവുന്ന ഒരു ഘട്ടം നടക്കുന്നത്. തടിക്കു പകരമായി ഹൈഡെന്‍സിറ്റി ഫൈബര്‍, ബൈസന്‍ പാനല്‍, പിവിസി, ട്രീറ്റഡ് വുഡ് തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ട്. കാലാകാലം നിലനിൽക്കും എന്നുള്ള ഉറപ്പു ഈ മെറ്റീരിയലുകൾ നൽകുന്നുണ്ട്. തടികൊണ്ട് ഉണ്ടാക്കുന്ന വാതിലിന്റെ നാലിൽ ഒന്ന് മാത്രം ചെലവേ ഈ വാതിലുകൾക്ക് വരൂ.
വാതിലുകൾ മാത്രമല്ല ചെലവ് ചുരുക്കി നിർമിക്കാൻ കഴിയുക. അടുക്കളയിലെ കബോര്‍ഡുകളും വാഡ്രോബുകളും വാട്ടര്‍ ടാങ്ക്, സെപ്‌റ്റിക് ടാങ്ക് തുടങ്ങിയവയെല്ലാം, ഫെറോസിമന്‍റ് കൊണ്ടു നിര്‍മിക്കാം.ഇഷ്ടമുള്ള ആകൃതിയിലും ഡിസൈനിലും ആവാം നിർമാണം. ഇനി പൊളിച്ച വീടുകളുടെ കട്ടിള, ജനൽ, വാതിലുകൾ എന്നിവ വാങ്ങി ഉപയോഗിച്ചതും വീട് പണി ചെലവ് കുറച്ച് പൂർത്തിയാക്കുവാൻ സാധിക്കും.
നേരിട്ട് മേൽനോട്ടം നടത്താൻ സമയവും സാവകാശവും ഇല്ലാത്ത ആളുകൾ കോണ്ട്രാക്റ്റ് കൊടുത്ത പണി നടത്തുന്നതാണ് ഉചിതം. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വീട് നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ നല്ലത് തന്നെയാണ് എന്ന് ഉറപ്പിക്കാൻ ബോധപൂർവം ഒരു ശ്രമം നടത്തേണ്ടതാണ്. വീട് പണിക്ക് പ്രത്യേക മേല്‍നോട്ടം വേണമെങ്കില്‍ സൂപ്പര്‍വൈസിങ് ചാര്‍ജ് നൽകി മറ്റൊരു വ്യക്തിയെയും നിയമിക്കണം.