ഭവനവായ്പ ചെലവേറുന്നു; സാധാരണക്കാരെ ബാധിക്കുന്നത് ഇങ്ങനെ

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവന വായ്പയ്ക്ക് സബ്‌സിഡി ലഭിക്കുന്നവരെയും ഇപ്പോഴത്തെ നിരക്ക് വർദ്ധന പ്രതികൂലമായി ബാധിക്കും.

അടിസ്ഥാന പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് കാലാകാലങ്ങളിൽ വരുത്തുന്ന വ്യത്യാസങ്ങൾ സാമ്പത്തിക വിദഗ്ധരും ധനകാര്യ വിദഗ്ധരും മാത്രമല്ല ഭവന വായ്പ എടുത്തവരും എടുക്കാനുദ്ദേശിക്കുന്നവരുമായ സാധാരണക്കാർ കൂടി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. 

പലിശ നിരക്കിലുണ്ടാകുന്ന ചെറിയ വർധനകൾ പോലും ഭവന വായ്പയുടെ തുല്യമാസ തവണകളിൽ വരുത്തുന്ന വ്യത്യാസം കുടുംബ ബജറ്റിനെ ബാധിക്കുമെന്നതിനാലാണിത്. സാധാരണ ഭവന വായ്പകൾ എടുക്കുന്നവരോടൊപ്പം കേന്ദ്ര ഭവന പദ്ധതിയിൽ പലിശ സബ്‌സിഡി ലഭിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കൂടി പലിശ നിരക്കിൽ ഇപ്പോൾ വന്നിരിക്കുന്ന വർധന സാമ്പത്തിക സമ്മർദത്തിലാക്കും. അടിസ്ഥാന പലിശ നിരക്കുകളായ റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകൾ എങ്ങനെയാണ് ഭവന വായ്പാപലിശ നിരക്കുകളെ ബാധിക്കുകയെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

റീപ്പോ നിരക്ക് കൂടി

ബാങ്കുകൾ റിസർവ് ബാങ്കിൽനിന്നു വായ്പയായി എടുക്കുന്ന തുകയ്ക്ക് ഈടാക്കുന്ന പലിശ നിരക്കായ റീപ്പോ നിരക്കുകളിലാണ് ഇപ്പോൾ 0.25 ശതമാനം വർധന വരുത്തിയിരിക്കുന്നത്. 

രണ്ടു മാസം മുമ്പ് റീപ്പോ നിരക്കുകളിൽ വരുത്തിയ സമാന വർധനയുടെ തുടർച്ചയാണിത്. ബാങ്കുകൾ എടുക്കുന്ന വായ്പയ്ക്ക് ഈ വർധനയോടെ 6.5 ശതമാനം പലിശ നൽകേണ്ടിവരുമ്പോൾ ബാങ്കുകളിൽ നിന്നു റിസർവ് ബാങ്ക് പണം കടമെടുക്കുന്ന റിവേഴ്‌സ് റീപ്പോ നിരക്ക് നിലവിൽ 6.25 ശതമാനമായിരിക്കുന്നു. അടിസ്ഥാന നിരക്കുകളിൽ റിസർവ് ബാങ്ക് വരുത്തുന്ന വർധന വിപണിയിലെ പലിശ നിരക്കുകളെ ബാധിക്കുന്നതോടൊപ്പം തന്നെ ബാങ്കുകൾ നൽകുന്ന വായ്പകളുടെ പലിശ നിരക്കിലും പ്രതിഫലിക്കും. 

 

എംസിഎൽആർ

നേരത്തേയൊക്കെ റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ വരുത്തുന്ന വ്യത്യാസങ്ങൾ നിക്ഷേപത്തിന് ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകളിൽ ഉടൻ പ്രതിഫലിച്ചിരുന്നെങ്കിലും വായ്പാനിരക്കുകൾ വ്യത്യാസപ്പെടുത്താൻ സമയമെടുത്തിരുന്നു. ഇതിന് ഒരു പരിഹാരമായാണ് മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബെയ്‌സ്ഡ് ലെന്റിങ് റേറ്റ് അഥവാ എംഎസിഎൽആർ അടിസ്ഥാനമാക്കി വായ്പാനിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള സംവിധാനം റിസർവ് ബാങ്ക് ഏർപ്പെടുത്തിയത്. 

ഇതിന് മുൻപ് നിലനിന്നിരുന്ന ബേയ്‌സ് നിരക്ക്, ബെഞ്ച് മാർക്ക് നിരക്ക് എന്നിവയിൽ നിന്നു വ്യത്യസ്തമായി റീപ്പോ നിരക്കിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൂടി അപ്പപ്പോൾ പ്രതിഫലിക്കുന്ന രീതിയിലാണ് എംഎസിഎൽആർ കണക്കുകൂട്ടുന്നത്. ഓരോ ബാങ്കും അവരവരുടെ എംഎസിഎൽആർ നിരക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് വായ്പകൾക്ക് പലിശ നിരക്കു നിശ്ചയിക്കുക. അടിസ്ഥാന നിരക്കുകൾ വർധിക്കുമ്പോൾ വായ്പാപലിശ നിരക്കുകളിൽ വർധനയുണ്ടാകുന്നതുപോലെ തന്നെ നിരക്കുകൾ കുറയുമ്പോൾ അതിന്റെ പ്രയോജനം വായ്പ എടുക്കുന്നവർക്ക് താമസമില്ലാതെ ലഭിക്കുന്നതിനും എംസിഎൽആർ സഹായിക്കും. 2016 ഏപ്രിൽ ഒന്ന് മുതലാണ് എംസിഎൽആർ സംവിധാനം നിലവിൽ വന്നത്.

ഭവന വായ്പാനിരക്കുകൾ

ഭാരതീയ സ്റ്റേറ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ അടിസ്ഥാന നിരക്കുകളിൽ വർദ്ധനവ് പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുൻപുതന്നെ ഭവന വായ്പാനിരക്കുകൾ ഉയർത്തിക്കഴിഞ്ഞു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ തങ്ങളുടെ എംഎസിഎൽആർ റേറ്റുകൾ പുതുക്കിയത് അടിസ്ഥാന നിരക്കുകളിൽ വർധന പ്രഖ്യാപിച്ച ശേഷമാണ്. റീപ്പോ നിരക്കുകളോടൊപ്പം തന്നെ നിക്ഷേപങ്ങൾക്കും പലിശ വർധിക്കുന്നതിനാൽ ഓരോ ബാങ്കുകളും അവരുടെ എംസിഎൽആർ വർധിപ്പിക്കാൻ നിർബന്ധിതരാകും.

ഭവന വായ്പ എടുത്തവർ

പുതുതായി പ്രഖ്യാപിക്കുന്ന എംസിഎൽആർ വ്യതിയാനങ്ങൾ പുതുതായി വായ്പ എടുക്കുന്നവരെയാണ് ബാധിക്കുക. നിലവിൽ വായ്പ എടുത്തവർക്ക് എംസിഎൽആർ സംവിധാനത്തിൽ നിരക്ക് റീസെറ്റ് ചെയ്യുന്ന തീയതിക്കു മാത്രമേ പുതിയ നിരക്കിലേക്കു മാറുകയുള്ളൂ. ഭവന വായ്പാഉടമ്പടികളിൽ ആറ് മാസത്തിലൊരിക്കലോ പന്ത്രണ്ട് മാസത്തിലൊരിക്കലോ നിരക്ക് റീസെറ്റ് ചെയ്യുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. അടുത്ത റീസെറ്റ് തീയതിക്ക് മാത്രമേ ഉയർന്ന പലിശ നിരക്ക് ബാധകമാകുകയുള്ളൂ എന്ന് ആശ്വസിക്കാം.

പലിശ സബ്‌സിഡി ലഭിക്കുന്നവർ

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവന വായ്പയ്ക്ക് സബ്‌സിഡി ലഭിക്കുന്നവരെയും ഇപ്പോഴത്തെ നിരക്ക് വർദ്ധന പ്രതികൂലമായി ബാധിക്കും. ആറു ലക്ഷം രൂപ വരെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന താഴ്ന്ന വരുമാനക്കാർക്ക് ആറു ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് ആറര ശതമാനമാണ് പലിശ സബ്‌സിഡി. അതിനു മുകളിൽ 12 ലക്ഷം രൂപാ വരെ വാർഷിക വരുമാനമുള്ളവർക്ക് ഒൻപത് ലക്ഷം രൂപാവരെയുള്ള വായ്പകൾക്ക് നാലു ശതമാനമാണ് പലിശ സബ്‌സിഡി. പതിനെട്ട് ലക്ഷം രൂപാ വരെ വാർഷിക വരുമാനമുള്ള മധ്യവർഗ്ഗ കുടുംബങ്ങൾക്ക് 12 ലക്ഷം രൂപാ വരെയുള്ള വായ്പകൾക്ക് മൂന്ന് ശതമാനം സബ്‌സിഡി ലഭിക്കും. പലിശ സബ്‌സിഡി തുക മുൻകൂറായി അക്കൗണ്ടിൽ വരവു വയ്ക്കുന്നതിനാലും സബ്‌സിഡി നിലവിലുള്ള നിരക്കിൽ തന്നെ തുടരുന്നതിനാലും വർദ്ധിച്ച പലിശ നിരക്കുകൾക്കനുസൃതമായി തുല്യമാസ തവണ വർധിക്കുന്നു.