അഭിമാനത്തോടെ ഒരു വീടു സ്വന്തമാക്കുക എന്ന ഒരു വ്യക്തിയുടെ സ്വപ്നം കൈവരിക്കുന്നതിനു ഭവനവായ്പ സഹായിക്കുന്നു. എന്നാൽ ഭവന വായ്പയെടുക്കാനുള്ള തീരുമാനം ഏറ്റവും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനുള്ള തീരുമാനം കൂടിയാണ്. 10 മുതൽ 25 വർഷം വരെ കാലാവധിയിൽ തുല്യ മാസത്തവണകളായാണു ഭവന വായ്പ തിരിച്ചടയ്‌ക്കേണ്ടത്. വായ്പ തിരിച്ചടവുകൾ മാനേജ് ചെയ്യുക വഴി കടത്തിൽ നിന്ന് നേരത്തേ ആശ്വാസം ലഭിക്കുമെന്ന് ഉറപ്പാക്കുക മാത്രമല്ല വായ്പകാലാവധിയിൽ നിങ്ങൾ അടയ്ക്കുന്ന പലിശ കാര്യക്ഷമമായി കുറയ്ക്കാനും കഴിയുന്നു. ഏറ്റവും ലാഭകരമായി ഭവന വായ്പ തിരിച്ചടവുകൾ മാനേജ് ചെയ്യുന്നതിനുള്ള ചില മാർഗങ്ങൾ:
അനുയോജ്യമായ വായ്പ തിരിച്ചടവു കാലാവധി തിരഞ്ഞെടുക്കുക
വായ്പയെടുക്കുമ്പോൾ, നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായ വായ്പ കാലാവധിക്ക് അപേക്ഷിക്കുക. അപേക്ഷകന്റെ വരുമാനത്തിന്റെ തോത് അനുസരിച്ച്, വരുമാന അനുപാതത്തിന്റെ 35% മുതൽ 50% വരെയുള്ള തവണകളാണ് വായ്പാദാതാക്കൾ സാധാരണ പരിഗണിക്കുക.
നീണ്ട തിരിച്ചടവുകാലാവധി തിരഞ്ഞെടുക്കുന്നതു വഴി ഇഎംഐ (ഇക്വേറ്റഡ് മന്ത്‌ലി ഇൻസ്റ്റാൾമെന്റ്സ്) കുറയുകയും നിങ്ങളുടെ പണമൊഴുക്കിന്റെ സ്ഥിതി ശക്തിപ്പെടുകയും ചെയ്യും. മുൻകൂർ പണമടയ്ക്കുന്നതിനു പ്രത്യേക നിരക്കുകൾ നൽകേണ്ടതില്ലാത്തതിനാൽ നിങ്ങളുടെ കയ്യിൽ അധിക പണം ലഭിക്കുമ്പോൾ അത് വായ്പ തിരിച്ചടവിന് ഉപയോഗിക്കുകയും ചെയ്യാം.
മുൻകൂർ പണമടയ്ക്കുക
കുറച്ച് തുക മുൻകൂറായി അടയ്ക്കുകയാണ് പലിശ തുക കുറയ്ക്കാനുള്ള ഏറ്റവും വേഗത്തിലുള്ള വഴി. ദീർഘകാല ബാധ്യത കുറയ്ക്കാനും ഇതുവഴി സാധിക്കും. ഫ്‌ളോട്ടിങ് നിരക്കിലുള്ള വായ്പകൾക്ക് ബാങ്കുകൾ/ഭവന വായ്പ കമ്പനികൾ (എച്ച്എഫ്‌സികൾ) ഭാഗിക പണമടവിനോ മുൻകൂർ പണമടവിനോ പ്രത്യേക നിരക്ക് ഈടാക്കുന്നില്ല. 10,000 രൂപ വരെയുള്ള കുറഞ്ഞ തുകയും മുൻകൂറായി അടയ്ക്കാം. സ്റ്റോക്കുകളിൽ നിന്നോ ഓഹരികളിൽ നിന്നോ ഉള്ള ലാഭം, വസ്തു വിറ്റ വകയിൽ ലഭിച്ച തുക, ശമ്പളത്തിൽ ലഭിച്ച ബോണസ്, നിക്ഷേപ പദ്ധതികൾ ക്ലോസ് ചെയ്തു ലഭിച്ച തുക, നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളിൽനിന്ന് കാലാവധി പൂർത്തിയായതിനെ തുടർന്നു ലഭിച്ച തുക എന്നിങ്ങനെ ലഭിക്കുന്ന അധിക തുക ഉപയോഗിച്ച് കുടിശികയുള്ള ഭവന വായ്പ തുക പൂർണമായോ ഭാഗികമായോ മുൻകൂറായി അടയ്ക്കാവുന്നതാണ്.
നിങ്ങളുടെ ഫണ്ടുകൾ മാനേജ് ചെയ്യുക
ഇപിഎഫ്, പിപിഎഫ്, പോസ്റ്റൽ നിക്ഷേപങ്ങൾ, യുലിപ്പുകൾ തുടങ്ങിയ സമ്പാദ്യങ്ങളുടെയും നിക്ഷേപങ്ങളുടെയും പട്ടിക തയാറാക്കുക.മതിയായ റിട്ടേണുകൾ ലഭിക്കാത്തതും കാലം ചെല്ലുന്തോറും നിസാരമായ തുക മാത്രം ലഭിക്കുകയും ചെയ്യുന്ന അനാവശ്യ നിക്ഷേപങ്ങളെ ഒഴിവാക്കി പണമൊഴുക്ക് പരമാവധി ശക്തിപ്പെടുത്തുകയാണു ലക്ഷ്യം. അത്തരം നിക്ഷേപങ്ങൾ ക്ലോസ് ചെയ്ത് നിങ്ങളുടെ ഭവന വായ്പയുടെ ഇഎംഐയിലേക്കു തുക അടയ്ക്കുന്നതിൽ ശ്രദ്ധിക്കുന്നതായിരിക്കും പ്രയോജനകരം.
കുറഞ്ഞ പലിശ നിരക്കുള്ള വായ്പാദാതാവിലേക്കു മാറുക
ഈ ഓപ്ഷൻ വഴി വായ്പക്കാരനു തന്റെ ഭവന വായ്പയുടെ ബാക്കി അടവ് തുക പൂർണമായും കുറഞ്ഞ പലിശ നിരക്കിലും കൂടുതൽ മികച്ച വ്യവസ്ഥകളും നിബന്ധനകളുമുള്ള മറ്റൊരു വായ്പദാതാവിലേക്കു മാറ്റാവുന്നതാണ്.
ബാങ്കുകളും ഭവന വായ്പ കമ്പനികളും വ്യത്യസ്ത ഇടവേളകളിലാണു വായ്പ നിരക്കുകൾ കുറയ്ക്കുന്നതെന്നതിനാൽ പലിശ നിരക്കിലുണ്ടാകുന്ന മാറുന്ന പ്രവണതകൾ സസൂക്ഷ്മം നിരീക്ഷിക്കണം. നിങ്ങളുടെ നിലവിലെ വായ്പാദാതാവിനെ സമീപിച്ചു പലിശ നിരക്ക് കുറയ്ക്കാനാവശ്യപ്പെടുന്നതാണ് ഉചിതം. കാരണം വായ്പ മറ്റൊരു ദാതാവിലേക്ക് മാറ്റുമ്പോൾ അധിക ചെലവും നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടിവരും.
എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്) അനുസരിച്ച് പലിശ നിരക്ക് ഏകീകരിച്ചുകൊണ്ടു നിലവിലെ ഉപഭോക്താക്കൾക്ക് ന്യായമായ പരിഗണന നൽകാനും ഇതുവഴി പലിശ നിരക്കിലെ മാറ്റത്തിന്റെ പ്രയോജനം നിലവിലുള്ള ഉപഭോക്താക്കൾക്കു ലഭ്യമാക്കാനും റിസർവ് ബാങ്ക് മറ്റു ബാങ്കുകൾക്ക് ഉപദേശം നൽകിയിട്ടുണ്ട്.
മാസത്തവണകൾ അടയ്ക്കാതിരിക്കുകയോ വൈകിക്കുകയോ ചെയ്യരുത്
നിങ്ങളുടെ സാമ്പത്തിക സ്ഥിരത പ്രതിഫലിക്കുമെന്നതിനാൽ, നല്ല ക്രെഡിറ്റ് ചരിത്രം നിലനിർത്തേണ്ടത് വളരെ നിർണായകമാണ്. മാസ തവണകൾ മുടങ്ങിയാൽ അതിന്റെ ഭാരം പ്രധാനമായും നിങ്ങളുടെ നിശ്ചിത ബജറ്റിൽ നിന്നുള്ള നീക്കിയിരിപ്പിനു മേൽ വീഴുകയും വായ്പ എടുത്തയാൾ എന്ന നിലയിൽ നിങ്ങളുടെ വിശ്വാസ്യത വായ്പാദാതാവ് വിലയിരുത്തുകയും ചെയ്യും.
തവണകൾ മുടക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കുകയും ഭാവിയിൽ വായ്പയോ ക്രെഡിറ്റ് കാർഡോ ലഭിക്കുന്നതിനുള്ള അവസരത്തെ ബാധിക്കുകയും ചെയ്യും. ഈ ലളിതവും കാര്യക്ഷമവുമായ തന്ത്രങ്ങളിലൂടെ നിങ്ങളുടെ ഭവന വായ്പ മാനേജ് ചെയ്താൽ യഥാർഥത്തിൽ ധാരാളം പണം ലാഭിക്കാൻ കഴിയും.
വിവരങ്ങൾക്ക് കടപ്പാട്
ദേവ് ശങ്കർ ത്രിപാഠി
എംഡി,സിഇഒ
ആധാർ ഹൗസിങ് ഫിനാൻസ്