സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ സാധാരണക്കാരന് പ്രധാന പ്രശ്നം പണമാണ്. ഈ സമയത്താണു മിക്കവരും ഭവനവായ്പകളെ ആശ്രയിക്കുന്നത്. അത്തരത്തിൽ ഭവനവായ്പയ്ക്കായി ശ്രമിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നോക്കാം...
വീടുമായി ബന്ധപ്പെട്ട ഏതെല്ലാം കാര്യങ്ങൾക്ക് ഭവനവായ്പയെ ആശ്രയിക്കാം ?
വീടും സ്ഥലവുംകൂടെ വാങ്ങുന്നതിന്, ഫ്ലാറ്റ് വാങ്ങാൻ, സ്വന്തം പേരിലുള്ള സ്ഥലത്ത് വീട് നിർമാണത്തിന്, നിലവിലുള്ള വീടിന്റെ മുകളിലേക്കോ മറ്റോ കൂട്ടിച്ചേർക്കാൻ, നവീകരണമോ മറ്റോ വേണ്ടിവരുമ്പോൾ എന്നീ സാഹചര്യങ്ങളിലാണു ഭവനവായ്പകളെ ആശ്രയിക്കുന്നത്. സ്ഥലം വാങ്ങുന്നതിനു മാത്രമായി ഭവനവായ്പ നൽകാറില്ല. വീട് നവീകരണത്തിന് ശരാശരി 15 ലക്ഷം വരെയാണ് അനുവദിക്കുന്നത്. വിവിധ ബാങ്കുകളിൽ ഈ തുക വ്യത്യസ്ത രീതിയിലാകും.
എന്തെല്ലാം രേഖകൾ വേണം ?
1. കെവൈസി (നോ യുവർ കസ്റ്റമർ) - ഇതിൽ ഉപഭോക്താവിന്റെ തിരിച്ചറിയൽ രേഖകൾ, പാൻ കാർഡ് ഉൾപ്പെടെ.
2. സിബിൽ റിപ്പോർട്ട് - ബാങ്കുകളിൽനിന്നു മുൻപ് എടുത്തിരിക്കുന്ന വായ്പകളിലും മറ്റും മുടക്കം വരുത്തിയാൽ ക്രെഡിറ്റ് സ്കോറിൽ പ്രശ്നമുണ്ടാകും. സിബിൽ സ്കോർ 700ൽ കൂടുതൽ വേണമെന്നാണു മിക്ക ബാങ്കുകളും നിഷ്കർഷിക്കുന്നത്.
3. അപേക്ഷകന്റെ വരുമാനം എത്രയെന്ന് ആധികാരികമായി അറിയാനുള്ള രേഖവേണ. അവസാന 3 വർഷങ്ങളിൽ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിച്ചതിന്റെ രേഖകൾ, സാലറി സ്റ്റേറ്റ്മെന്റ്, 6 മാസത്തെ സാലറി സ്‌ലിപ്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. വിദേശത്തു ജോലി ചെയ്യുന്നവരെങ്കിൽ അവിടെനിന്നുള്ള ആധികാരിക സാലറി സർട്ടിഫിക്കറ്റ് വേണ്ടിവരും (എംബസി അറ്റസ്റ്റ് ചെയ്ത സാലറി സർട്ടിഫിക്കറ്റാണ് മിക്കവരും പരിഗണിക്കുന്നത്). എൻആർഐ അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റും വേണ്ടിവരും.
4. വീടു നിർമിക്കുന്ന സ്ഥലത്തെ തദ്ദേശസ്ഥാപനത്തിൽനിന്ന് അംഗീകരിച്ചുകിട്ടിയ പ്ലാൻ, അംഗീകൃത എൻജിനീയർ സാക്ഷ്യപ്പെടുത്തിയ എസ്റ്റിമേറ്റ്. 5. വില്ലേജ് ഓഫിസിൽനിന്ന് അനുവദിച്ചുകിട്ടുന്ന നികുതിയടച്ച രസീത്, കൈവശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്. റജിസ്ട്രാർ ഓഫിസിൽനിന്നുള്ള 13 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ് (encumbrance certificate). ചില ബാങ്കുകൾ 20 വർഷത്തെ രേഖ ചോദിക്കാറുണ്ട്. ഇതിനൊപ്പം സ്ഥലത്തിന്റെ ആധാരം, അടിയാധാരങ്ങളും വേണം. സ്ഥലം സംബന്ധിച്ച രേഖകൾ പ്രമാണ പരിശോധനയ്ക്കും വിലയിരുത്തലിനുമായി ബാങ്കുകളുടെ പാനൽ അഭിഭാഷകരുടെയടുക്കൽ കൊടുക്കും. നിർദിഷ്ട വസ്തുവിന്റെ പേരിൽ നിയമപരമായ തർക്കങ്ങളോ ബാധ്യതകളോ ഇല്ലെന്നതു പരിശോധിക്കും. ഓരോ ബാങ്കുകൾക്കും പാനൽ അഭിഭാഷകരുണ്ടാകും. അതിൽനിന്നുള്ള ഒരാളാകും റിപ്പോർട്ട് നൽകുന്നത്.