വീട് വേറെ ഓഫിസ് വേറെ, അതൊക്കെ പണ്ട്...വീട്ടിൽ ഒരുക്കാം ഓഫിസ്

വർക്ക് അറ്റ് ഹോം രീതിയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിയതും എല്ലാം കണക്കിലെടുത്ത് ഇപ്പോൾ മിക്ക വീടുകളിലും ഒരു വർക്ക് സ്‌പേസ് അഥവാ ഓഫിസ് മുറി നിർമിക്കുന്നുണ്ട്.

വീട് വേറെ ഓഫിസ് വേറെ എന്ന സങ്കൽപ്പമെല്ലാം മാറിക്കഴിഞ്ഞു. സംരംഭകരുടെ എണ്ണം വർധിച്ചതും വർക്ക് അറ്റ് ഹോം രീതിയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിയതും എല്ലാം കണക്കിലെടുത്ത് ഇപ്പോൾ മിക്ക വീടുകളിലും ഒരു വർക്ക് സ്‌പേസ് അഥവാ ഓഫിസ് മുറി നിർമിക്കുന്നുണ്ട്. ഡൈനിംഗ് ടേബിളിലും ബെഡ്റൂമിലും ഒക്കെയിരുന്നു ഓഫിസ് കാര്യങ്ങൾ ചെയ്യുന്നത് ഒഴുവാക്കാൻ ഇത്തരം മുറികൾ സഹായിക്കും. 

മാത്രമല്ല, ഓഫിസ് സംബന്ധമായ ഫയലുകൾ കൈകാര്യം ചെയ്യുക, ആവശ്യമായ രേഖകൾ സൂക്ഷിക്കുക, ഫോൺ കോളുകൾ ചെയ്യുക, അത്യാവശ്യമെങ്കിൽ മീറ്റിങ്ങുകൾ നടത്തുക തുടങ്ങിയ കാര്യങ്ങൾക്ക് ഓഫിസ് മുറിയെ പ്രയോജനപ്പെടുത്താം. എന്നാൽ വീട്ടിലെ മറ്റേതൊരു മുറി പോലെയല്ല ഓഫിസ് നിർമിക്കേണ്ടത്. കാരണം, ഓഫിസ് എന്നത് വേറൊരു ലോകമാണ്, അവിടെ പലവിധ ടെൻഷനുകൾ ഒരു വ്യക്തിക്ക് ഉണ്ടായേക്കാം. അതിനെ മറികടന്നു വേണം സ്വന്തം മുറിയിലേക്കും കുടുംബാന്തരീക്ഷത്തിലേക്കും എത്താൻ. അല്ലാത്തപക്ഷം ഓഫിസ് പ്രശ്നങ്ങൾ ജീവിതത്തിലേക്ക് വലിച്ചിഴക്കപ്പെടും. 

ഓഫിസ് മുറികൾ തയാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വായുസഞ്ചാരമുള്ള ഒരു മുറിയാകണം എന്നതാണ്. വീട്ടിലെ ആവശ്യമില്ലാത്ത ഫർണിച്ചറുകൾ കൂട്ടിയിടാനുള്ള ഇടമായി ഇതിനെ കാണരുത്. എന്നാൽ ഈ മുറി നന്നായി ഫർണിഷ് ചെയ്‍തത് ആകുകയും വേണം. നീളത്തിൽ ഉള്ള ഒരു മുറിയാണ് ഓഫിസ് മുറിയാക്കാൻ കൂടുതൽ ഉചിതം. മേശ , കസേര, കംപ്യുട്ടർ വയ്ക്കുന്നതിനുള്ള സൗകര്യം, അതിഥികൾക്കായുള്ള ഇരിപ്പിടങ്ങൾ, ഫയലുകളും മറ്റ് അവശ്യ വസ്തുക്കളും സൂക്ഷിക്കുന്നതിനായി ഒരു ഷെൽഫ് എന്നിവ അനിവാര്യമാണ്. 

ഇളം നിറങ്ങളിലുള്ള പെയിന്റുകളാണ് ഒരു ഓഫിസ് മുറിക്ക് ചേരുക. ഇതിനു അനുയോജ്യമായ നിറത്തിലുള്ള കർട്ടനുകളും ഉപയോഗിക്കണം. രാത്രി ജോലിയുള്ളവർ ആണ് എങ്കിൽ മുറിയിൽ സിഎഫ്എൽ, എൽഇഡി ലൈറ്റുകൾ തന്നെ ഇടാൻ ശ്രമിക്കണം. ബെഡ്‌റൂമുമായി യാതൊരു വിധ സാമ്യവും ഓഫിസ് മുറിക്ക് ഉണ്ടാകരുത്. അതായത് രണ്ടു മുറികളിലും ഒരേ നിറത്തിലുള്ള പെയിന്റുകൾ പോലും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. 

സാധാരണയായി വെള്ള, ഇളം നീല, അക്വാ തുടങ്ങിയ നിറങ്ങളാണ് ഓഫീസ് മുറിക്ക് യോജിച്ചത്. വുഡൻ ഷെൽഡുകൾ ആണ് സ്റ്റെൽ ഷെൽഫുകളേക്കാൾ നന്നായിരിക്കുക. ഇതിൽ വയ്ക്കുന്ന സാധനങ്ങൾക്ക് ഒരു അടക്കും ചിട്ടയും ഉണ്ടാകേണ്ടത് അനിവാര്യമാണ്. കൂടുതൽ കളർഫുൾ ഫർണിച്ചറുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. വക്കീൽ, ഡോക്ടർ എന്നിവർ തങ്ങളുടെ പ്രാക്ടീസിന് ഉതകുന്ന പുസ്തകങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സെമി ഓപ്പൺ ആയ കബോർഡുകളിൽ സൂക്ഷിക്കുക.

ഫ്‌ളവർ വേസ്, ചിത്രങ്ങൾ എന്നിവ ഓഫിസ് മുറിയിൽ വയ്ക്കാം.എന്നാൽ അവയ്ക്ക് ഒരു മിതത്വം വേണം എന്ന് മാത്രം. വീട്ടിലെ മറ്റ് അംഗങ്ങളുടെ സാമീപ്യം, വീട്ടിലെ മറ്റ് വസ്തുക്കൾ എന്നിവ ഓഫീസ് റൂമിൽ അനുവദനീയമല്ല. ആർക്കിടെക്ച്ചർ വർക്കുകൾ, ക്രിയേറ്റിവ് വർക്കുകൾ എന്നിവ ചെയ്യുന്നവർ തങ്ങളുടെ ഓഫീസ് മുറി സൗകര്യത്തിനനുസരിച്ച് മാറ്റിയെടുക്കണം.