വീട് തകർന്നവരെ പുനരധിവസിപ്പിക്കാം; കുറഞ്ഞ ചെലവിൽ

പ്രീഫാബ് വീടുകൾ നിർമിച്ചു ശ്രദ്ധ നേടിയ ആർക്കിടെക്ട് വാജിദ് റഹ്‌മാൻ താൻ തയാറാക്കിയ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നു.

പ്രളയത്തിൽ വീട് തകർന്നവരുടെ പുനരധിവാസമാണ് ഇപ്പോൾ കേരളം നേരിടുന്ന വലിയൊരു സാമൂഹികപ്രശ്നം. സാധാരണ നിലയ്ക്ക് ഒരു വീട് പണിതുവരാൻ ചുരുങ്ങിയത് 6 മാസമെങ്കിലുമെടുക്കും. ഈ അവസരത്തിലാണ് പ്രീഫാബ് വീടുകളുടെ പ്രസക്തി. പ്രീഫാബ് വീടുകൾ നിർമിച്ചു ശ്രദ്ധ നേടിയ ആർക്കിടെക്ട് വാജിദ് റഹ്‌മാൻ താൻ തയാറാക്കിയ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നു.

വാജിദ് റഹ്മാൻ

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുകളിൽ പെട്ട് നിരവധി വാഹനങ്ങൾ (വിശേഷിച്ച് ടിപ്പർ, കണ്ടെയിനർ ലോറികൾ, ബസ്, ടെംപോ പോലുള്ള വലിയ വാഹനങ്ങൾ) പിടിച്ചു വച്ചിട്ടുണ്ട്. കാലക്രമേണ ഇവയൊക്കെ കാടുകയറി നശിക്കുന്ന അവസ്ഥാവിശേഷമാണ് കാണാൻകഴിയുക.

കണ്ടെയിനറുകളും പഴയ വാഹനങ്ങളിലെ ഭാഗങ്ങളും കൊണ്ട് നിർമിക്കുന്ന വീട്ടിൽ ഇവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ കഴിയും. ഇപ്പോൾത്തന്നെ നമ്മുടെ നാട്ടിൽ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്.

ഏകദേശം നാല്പതിനായിരം മുതൽ അൻപതിനായിരം രൂപ വരെ ഒരു കണ്ടെയിനറിന്റെ വില കണക്കാക്കാം. പഴയ കാറിന്റെ ഡോറുകൾ ഇതിൽ ജനാലകളാക്കി മാറ്റാം. വാഹനങ്ങളുടെ പാളികൾ കൊണ്ടുതന്നെ പാർടീഷൻ തീർക്കാം. ലോറികളിൽ വിശാലമായ സീറ്റുകളാണ്. ഇവ കിടക്കയാക്കി മാറ്റാം. കണ്ടെയിനറിനോട് ചേർന്ന് ഒരു ബയോ ടോയ്‌ലറ്റ് നിർമിക്കാം. ചുരുക്കത്തിൽ 20 അടി നീളമുള്ള ഒരു കണ്ടെയിനർ വീടിനകത്ത് ആറുപേരുള്ള ഒരു കുടുംബത്തിന് സുഖമായി താമസിക്കാം. പരമാവധി ഒരു ലക്ഷം രൂപയ്ക്ക് താഴെ ഇത് സാധ്യമാക്കാൻ കഴിയും.

കണ്ടെയിനർ വീടിന്റെ പ്ലാനും ഡിസൈനും വാജിദ് പങ്കുവയ്ക്കുന്നുണ്ട്. റീഹാബ് ഷെൽട്ടർ എന്ന പേരിൽ ചെലവ് കുറഞ്ഞ സ്ഥിരം വീടുകളുടെ പദ്ധതിയും വാജിദ് വിവരിക്കുന്നുണ്ട്.


കൂടുതൽ വിവരങ്ങൾക്ക്

Vajid Rahman

Hierarchitects, Mankada

Mob- 9746875423