ഭവനവായ്പ ലഭിക്കാൻ പ്രായ പരിധിയുണ്ടോ ?

ഭവനവായ്പകൾക്ക് 25-30 വർഷം വരെ തിരിച്ചടവ് കാലാവധി നൽകുന്നുണ്ട്. ഇതു വ്യക്തിയുടെ പ്രായവും വിരമിക്കൽ പ്രായവും ആശ്രയിച്ചിരിക്കും. 55 വയസ്സ് കഴിഞ്ഞാൽ വായ്പ കിട്ടാൻ ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യത്തിൽ, ജോയിന്റ് ആയി വായ്പയ്ക്ക് അപേക്ഷിക്കാം. ഉദാഹരണത്തിന്, മാതാവിന്റെ പേരിലാണ് വസ്തു എന്നുണ്ടെങ്കിൽ ജോലിയുള്ള മകന്റെ വരുമാനമാകും പരിഗണിക്കുന്നത്. സാധാരണഗതിയിൽ, ജോലിയുള്ള ഭാര്യ-ഭർത്താക്കൻമാരുടെ വരുമാനവും വായ്പയ്ക്കായി ഒന്നിച്ചു പരിഗണിക്കാറുണ്ട്. 

ഇൻഷുറൻസ് പരിരക്ഷ അത്യാവശ്യമാണോ ? 

ഭവനവായ്പകൾക്ക് 2 തരം ഇൻഷുറൻസുണ്ട്. വാങ്ങുന്നതോ നിർമിക്കുന്നതോ ആയ വീടുകൾ ഉൾപ്പെടുത്തിയുള്ള പ്രോപ്പർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. പ്രകൃതിദുരന്തങ്ങളും മറ്റും കണക്കിലെടുത്താണിത്. വായ്പ എടുത്തയാൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയാണ് മറ്റൊന്ന്. വായ്പയെടുത്തയാൾക്ക് ജീവഹാനിയുണ്ടായാൽ വായ്പത്തുക ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് അടഞ്ഞുപോകുന്ന രീതിയിലാണിത്. ഇതു നിർബന്ധമല്ല.