സ്വാഗതം! രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവസതിയിലേക്ക്!

ഗുജറാത്തിലെ വഡോദരയിലെ ഹൃദയഭൂമിയിൽ 700 ഏക്കറിൽ പരന്നു കിടക്കുകയാണ് പാലസ്. ലണ്ടനിലെ ബക്കിംഗ്ഹാം പാലസിന്റെ നാലിരട്ടി വലിപ്പമുണ്ട് ലക്ഷ്മിവിലാസ് പാലസിന്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

പഴയ ബറോഡയിലെ പ്രമുഖ മറാത്ത കുടുംബമായിരുന്ന ഗെയ്ക്‌വാദുകളാണ് വലിയ രമ്യഹർമ്യങ്ങൾ ഗുജറാത്തിൽ പണിയാൻ തുടക്കമിട്ടത്. രാജകുടുംബമല്ലെങ്കിലും ഇവർ താമസിച്ചിരുന്ന മന്ദിരങ്ങൾ കൊട്ടാരമെന്നാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന ബഹുമതിയും കൊട്ടാരത്തിന് സ്വന്തം.

സായാജിറാവു ഗെയ്ക്‌വാദ് എന്ന വ്യക്തിയാണ് 1890 ൽ ലക്ഷ്മി വിലാസ് കൊട്ടാരം നിർമിച്ചത്. ഇന്ത്യൻ ആർക്കിടെക്ചറും വിക്ടോറിയൻ ആർക്കിടെക്ചറും സമന്വയിപ്പിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

ഗുജറാത്തിലെ വഡോദരയിലെ ഹൃദയഭൂമിയിൽ 700 ഏക്കറിൽ പരന്നു കിടക്കുകയാണ് പാലസ്. ലണ്ടനിലെ ബക്കിംഗ്ഹാം പാലസിന്റെ നാലിരട്ടി വലിപ്പമുണ്ട് ലക്ഷ്മിവിലാസ് പാലസിന്. ആഗ്രയിൽ നിന്നുള്ള വെട്ടുകല്ല്, പൂനയിൽ നിന്നും കൊണ്ടുവന്ന ട്രാപ് സ്റ്റോൺ, രാജസ്ഥാനിൽ നിന്നും ഇറ്റലിയിൽ നിന്നും കൊണ്ടുവന്ന മുന്തിയ മാർബിളുകൾ തുടങ്ങിയവ നിർമാണത്തിനുപയോഗിച്ചു. 

ലിഫ്റ്റ് സൗകര്യം, ടെലഫോൺ എക്സ്ചേഞ്ച്, വൈദ്യുതി തുടങ്ങി അക്കാലത്തെ ഒരു കുലീന യൂറോപ്യൻ ഭവനത്തിലെ ആഡംബരങ്ങളെല്ലാം ഇതിനകത്ത് ഒരുക്കിയിരുന്നു. കാരിരുമ്പിൽ തീർത്ത വിളക്കുമാടങ്ങൾ കൊട്ടാരത്തിലെവിടെയും കാണാം.

5000 ചതുരശ്രയടിയാണ് താഴത്തെ നിലയുടെ വിസ്തീർണം. 170 മുറികളുണ്ട് അകത്ത്. രണ്ടു മ്യൂസിയങ്ങളും കൊട്ടാരവളപ്പിൽ പ്രവർത്തിക്കുന്നു.

സിൽവർ റൂം എന്നറിയപ്പെടുന്ന ഒരു മുറിയിലെ ചുവരുകളെല്ലാം വെള്ളി പൂശിയതാണ്. കോണിപ്പടികളിലും തറയിലും മുന്തിയ  മാർബിളുകൾ. മനോഹരമായ ലാൻഡ്സ്കേപ്പിങും വിശാലമായ ഉദ്യാനവും പുറത്ത് ഒരുക്കിയിരിക്കുന്നു. 180,000 ബ്രിട്ടീഷ് പൗണ്ടുകളായിരുന്നു അന്നത്തെ നിർമാണച്ചെലവ്.

സൽമാൻ ഖാൻ നായകനായ 'പ്രേം രത്തൻ ധൻ പായോ' അടക്കം നിരവധി ബോളിവുഡ് ചിത്രങ്ങൾക്ക് കൊട്ടാരം വേദിയായിട്ടുണ്ട്. നിരവധി സഞ്ചാരികളാണ് കാലത്തെ അതിജീവിച്ചു നിൽക്കുന്ന പ്രൗഢിയുടെ മകുടോദാരണമായ ഈ കൊട്ടാരം സന്ദർശിക്കാനെത്തുന്നത്.