കായലോരം തഴുകിയുണർത്തുന്ന വീട്...ഉടമസ്ഥൻ ആരാണെന്നറിയാമോ!

എരമല്ലൂരിൽ കുടപുറം ഫെറിക്ക് സമീപമുള്ള വീട്. കായലിന്റെ ഭംഗി മുഴുവൻ ഉള്ളിലെത്തുന്ന രീതിയിലാണ് ഡിസൈൻ.

ഈ ലോകത്ത് എല്ലാവരെയും കാത്ത് ആരോ ഒരാളുണ്ടെന്നാണ് പറയപ്പെടുന്നത്. തീരെ നിനച്ചിരിക്കാത്ത സമയത്ത് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ജീവിതം തന്നെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടുന്നൊരാൾ. ജർമൻകാരനായ ആർക്കിടെക്ട് ക്ലൗസ് പീറ്റർ ഗാസ്റ്റിനുമുണ്ടായിരുന്നു അത്തരമൊരു സുഹൃത്ത്. അദ്ദേഹത്തിന്റെ വർണന കേട്ട് കൊതി സഹിക്കാതെയാണ് ഗാസ്റ്റ് ഇരുപതു വർഷം മുമ്പ് കേരളമെന്ന ഭൂപ്രദേശം തേടിയെത്തിയത്. കേരളത്തിന്റെ കായലും കാടും മലയുമെല്ലാം മത്തു പിടിപ്പിച്ച ആ മനസ്സ് പിന്നെ മടങ്ങിയില്ല. കേരളത്തിൽ ജോലി ചെയ്യുന്ന വിരലിലെണ്ണാവുന്ന വിദേശ ആർക്കിടെക്ടുമാരിൽ ഒരാളായി ഈ മണ്ണിൽ ജീവിക്കുന്നു. മിനിമലിസ്റ്റ് ശൈലി കേരളീയ സാഹചര്യങ്ങളിൽ എങ്ങനെ പ്രായോഗികമാക്കാമെന്ന് തെളിയിച്ചുകൊണ്ട്.

ആർക്കിടെക്ട് ക്ലൗസ് പീറ്റർ ഗാസ്റ്റ് കേരളത്തെ പ്രണയിച്ച് തുടങ്ങിയിട്ട് 20 വർഷങ്ങൾ പൂർത്തിയാകുന്നു

ഈ വീടിനെ വായനക്കാർക്കായ് പരിചയപ്പെടുത്താമോ ?

എരമല്ലൂരിൽ കുടപുറം ഫെറിക്ക് സമീപമാണ് ഇപ്പോൾ താമസിക്കുന്നത്. സുഹൃത്തിനുവേണ്ടിയാണ് ഈ വീട് ഡിസൈൻ ചെയ്തത്. കായലിന്റെ ഭംഗി മുഴുവൻ ഉള്ളിലെത്തുന്ന രീതിയിലാണ് ഡിസൈൻ. ദാ, നിങ്ങൾ തന്നെ നോക്കൂ, വീടിന്റെ പകുതി ഭാഗം ഞാൻ കായലിലേക്ക് തുറന്നു വച്ചിരിക്കുന്നു. മുൻഭാഗം അത്ര ആകർഷകമായി നിങ്ങൾക്ക് തോന്നില്ല. കായലിനഭിമുകമായി വരുന്ന പിൻഭാഗത്തിനാണ് ഞാൻ കൂടുതൽ ഊന്നൽ നല്കിയത്.

മുകൾ നിലയിലെ വിശാലമായ ഈ ഹാളിലാണ് ഞാൻ അതിഥികളെ സ്വീകരിക്കുന്നത്. ഇത് തന്നെയാണെന്റെ ഓഫിസും കായൽ സൗന്ദര്യം ആസ്വദിക്കാൻ ഭിത്തിക്കു പകരം ഗ്ലാസ് നല്കി. ഇവയ്ക്ക് ഫ്രെയിമില്ല. തറയിൽ ഘടിപ്പിച്ചിരിക്കുന്ന തടി റീപ്പറുകളിലാണ് ഗ്ലാസ് ഉറപ്പിച്ചത്. കായൽക്കാറ്റ് ഉള്ളിലേക്ക് കയറിയാൽ വീട് മുഴുവൻ ചുറ്റിയടിച്ചാണ് പുറത്തേക്ക് പോവുക.

ലിവിങ്, ഓഫിസ് എന്നിവ ഉൾപ്പെടുന്ന മുകളിലെ ഹാൾ തുറന്ന ശൈലിയിൽ ഡിസൈൻ ചെയ്തു.

പടിഞ്ഞാറ് ദർശനമായിട്ടാണ് വീടിരിക്കുന്നത്. അസ്തമയത്തിന്റെ അവസാന മണിക്കൂറിൽ മാത്രമേ ചൂട് അനുഭവപ്പെടൂ. കാന്റിലിവർ മാതൃകയിൽ ഷേഡ് നല്കിയിരിക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. 17 അടി ഉയരത്തിലാണ് സീലിങ് നല്കിയത്. താഴെ രണ്ട് മുറികളും അടുക്കളയുമുണ്ട്.

രണ്ട് ബെഡ്‌റൂം, സ്‌റ്റെയർ ഏരിയ, അടുക്കള എന്നിവയാണ് താഴത്തെ നിലയിൽ ഉൾക്കൊള്ളിച്ചത്.

എന്തുകൊണ്ട് കേരളം ?

ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. പല നാടുകളും കണ്ടിട്ടുണ്ട്. പക്ഷേ കേരളം പോലെ സുന്ദരമായൊരു സ്ഥലം വേറെ കണ്ടിട്ടില്ല. 96– ലാണ് ഞാൻ ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദിലെ ഐഐഎം കെട്ടിടത്തെപ്പറ്റി ഗവേഷണം നടത്താനായിരുന്നത്. കേരളം എന്നൊരു സ്ഥലമുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു. സുഹൃത്തുക്കൾ പറഞ്ഞാണ് ഞാനിവിടെയെത്തുന്നത്. നിങ്ങളുടെ കായലുകൾ എന്നെ ശരിക്കും കീഴ്പെടുത്തിക്കളഞ്ഞു. ഇനിയുള്ള ജീവിതം ഇവിടെത്തന്നെയെന്നുറപ്പിച്ചു. ഈ വീടുൾപ്പെടെ, കായൽക്കരയിലെ വീടുകളിലായിരുന്നു ഇക്കാലമത്രയും താമസിച്ചത്. ഈ കായലിലേക്ക് നോക്കിയിരിക്കുമ്പോഴെല്ലാം ഞാൻ ചിന്തിക്കും. കേരളീയർ എത്ര ഭാഗ്യവാൻമാരാണ് !

ഒരു വിദേശ ആർക്കിടെക്ടിന് കേരളത്തിൽ പിടിച്ചു നിൽക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നോ ?

ഒട്ടുമില്ല. ഞാൻ ശ്രമിച്ചു എന്നു മാത്രം. ഇന്ത്യയിൽ വന്ന് ആദ്യ കുറേ നാൾ ആർക്കിടെക്ചർ പുസ്തകങ്ങൾ എഴുതിയിരുന്നു. ലോക പ്രശസ്ത ആർക്കിടെക്ടുമാരായ ലൂയി കാൻ, ലെ കൊർബൂസിയർ എന്നിവരുടെ സൃഷ്ടികളെക്കുറിച്ച് പുസ്തകം രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആധുനിക ആർക്കിടെക്ചർ വിഷയമാക്കിയും പുസ്തകം ഇറക്കിയിട്ടുണ്ട്. 2006 ലാണ് ആർക്കിടെക്ടായി ജോലി ചെയ്തു തുടങ്ങിയത്. നെട്ടൂർ എന്ന സ്ഥലത്ത് താമസിക്കുമ്പോൾ അയൽക്കാരനായ ലെസ് ലി പള്ളത്തിനു വേണ്ടിയാണ് ആദ്യ വീട് ഡിസൈൻ ചെയ്തത്. അതിനു ലഭിച്ച അഭിനന്ദനങ്ങൾ പ്രചോദനമായി. നിരവധി വീടുകൾ പിന്നീട് ഡിസൈൻ ചെയ്തു. ആലുവയിലൊരു ആർക്കിടെക്ചർ കോളജിൽ ഇടയ്ക്ക് ക്ലാസുകൾ എടുക്കാറുണ്ട്.

ഗ്ലാസ് ഭിത്തികൾ സുരക്ഷാ പ്രശ്നമുണ്ടാക്കില്ലേ ?

വീട് കാണാനെത്തുന്നവർ സാധാരണ ചോദിക്കുന്നതാണിത്. 12 മില്ലിമീറ്റർ കട്ടിയുള്ള ഗ്ലാസ് അറത്തുമുറിക്കാൻ കള്ളന്മാർക്ക് കഴിയില്ല. അല്ലെങ്കിൽ ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിക്കണം. അങ്ങനെ ഒച്ചപ്പാടുണ്ടാക്കാൻ ഒരു കള്ളനും ആഗ്രഹിക്കില്ലല്ലോ!

ഇഷ്ട നിറമായതു കൊണ്ടാണോ വീടിന് വെള്ള നല്കിയത് ?

െവളുപ്പ് നിങ്ങൾക്ക് എത്ര കാലം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാം. ചുവപ്പും നീലയുമൊക്കെ കണ്ണുകൾക്ക് പെട്ടെന്ന് മടുക്കും. മറ്റ് നിറങ്ങളെപ്പോലെ ചൂടിനെ സ്വാംശീകരിക്കുകയില്ലെന്ന ഗുണവും വെള്ളയ്ക്കുണ്ട്. ആകാശത്തിന്റെ നീലിമ, മരങ്ങളുടെ പച്ചപ്പ് ഇതെല്ലാം വീടിനുള്ളിൽ പ്രതിഫലിക്കുന്നുമുണ്ട്. പുട്ടിയിടാഞ്ഞിട്ടും ഭിത്തികൾക്ക് നല്ല മിനുസമുണ്ട്.

മാസ്റ്റർ ബെഡ്റൂമും വ്യത്യസ്തമാണല്ലോ ?

ഇവിടെ കിടപ്പുമുറി ലിവിങ് റൂമിന്റെ തന്നെ ഭാഗമാണ്. അറ്റാച്ഡ് ബാത്റൂം ഓപൻ ശൈലിയിലാണ്. ബാത് റൂമിന്റെ ഭിത്തി സീലിങ്ങിൽ മുട്ടുന്നില്ല. അങ്ങനെ വന്നാൽ മുറിക്ക് പൊക്കക്കുറവ് തോന്നിക്കും. വിശ്രമിക്കാനായി ഒരു ബേ വിൻ ഡോയും തയാറാക്കിയിട്ടുണ്ട്.

കേരളത്തിലെ തൊഴിലാളികൾ എങ്ങനെ ?

ഏതു കാര്യത്തിലും പൂർണത എനിക്ക് നിർബന്ധമാണ്. കേരളത്തിലെ മേസ്തിരിമാർ അക്കാര്യത്തിൽ എന്നെപ്പോലെ തന്നെ. ഞാൻ മനസ്സിൽ കാണുന്നത് അവർ കൃത്യമായി നടപ്പിലാക്കും. ഇവിടത്തെ ചൂരൽ ഫർണിച്ചറും ഞാൻ പ്രത്യേകം ഡിസൈൻ ചെയ്യിച്ചതാണ്.

രണ്ട് രാജ്യങ്ങളിലെ ആർക്കിടെക്ചർ താരതമ്യം ചെയ്യുമ്പോൾ ?

ജർമനിയിൽ വീട് നിർമിക്കുന്നതിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. ചില സ്ഥലങ്ങളിൽ ചരിഞ്ഞ മേല്ക്കൂരയുള്ള വീടുകൾ മാത്രമേ പാടുള്ളൂ. അതുവച്ച് നോക്കുമ്പോൾ ഇന്ത്യ ആർക്കിടെക്ടുമാർക്ക് പറുദീസയാണ്. പക്ഷേ, ഇവിടത്തെ ജനങ്ങൾ ഗൃഹനിർമാണത്തിൽ വലിയ ധൃതിക്കാരാണ്. വീട് പരിപാലിക്കുന്നതിൽ ഈ ആവേശമൊന്നുമില്ലതാനും.

20 വർഷമായിട്ടും മലയാളം വഴങ്ങുന്നില്ല ?

മലയാളം പഠിക്കാൻ ഏറേ നേരം ചെലവാക്കണം. നിങ്ങൾ ചൈനീസ് പഠിക്കാൻ ശ്രമിച്ചു നോക്കൂ. അതേ ബുദ്ധിമുട്ടാണ്. മലയാളം വശത്താക്കാൻ മലയാളിയായ സഹായി ഉള്ളതിനാൽ ഭാഷാപ്രശ്നങ്ങൾ ഇല്ല. കായലിലൂടെ കാക്കത്തുരുത്ത് ലക്ഷ്യമാക്കി ഒരു വള്ളം നീങ്ങി. അസ്തമയ സൂര്യൻ കായലിനെ കൂടുതൽ സുന്ദരമാക്കുന്നു. ഗാസ്റ്റ്, നിങ്ങളാണ് ശരി. കേരളീയർ എത്ര ഭാ‌ഗ്യവാന്മാർ. 

ചിത്രങ്ങൾ : ഹരികൃഷ്ണൻ

In conversation with Dr. Klaus Peter Gast

ജർമനിയിലെ ബർലിൻ സ്വദേശി. ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ബ്രോൺഷ്വിഗിൽ നിന്ന് ആർക്കിടെക്ചർ ബിരുദവും ഡോക്ടറേറ്റും നേടി. 20 വർഷമായി കേരളത്തിൽ ആർക്കിടെക്ട് ആയി ജോലി ചെയ്യുന്നു. മിനിമൽ ശൈലിയിലുള്ള നിർമിതികളിൽ വിദഗ്ധൻ. ആർക്കിടെക്ചർ സംബന്ധിയായി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.